അമ്പലപ്പുഴ: പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പുന്നപ്ര പറവൂര്‍ ഗവ. ഹൈസ്‌കൂളിലെ 63-ാം നമ്പര്‍ പോളിങ് സ്റ്റേഷനില്‍ വോട്ടു രേഖപ്പെടുത്താന്‍ എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ സ്വകാര്യതയില്‍ കടന്നുകയറി വോട്ട് രേഖപ്പെടുത്തിയത് എത്തിനോക്കിയ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജി.സുധാകരന്റെ നടപടി തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണ്. ഈ സംഭവത്തില്‍ ജി. സുധാകരന് എതിരെ നടപടി എടുക്കണമെന്ന് ബിജെപി അമ്പലപ്പുഴ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ജനറല്‍ കണ്‍വീനറും ചീഫ് ഇലക്ഷന്‍ കമ്മറ്റി ഏജന്റുമായ വി. ശ്രീജിത്ത് ആവശ്യപ്പെട്ടു.
സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ക്കും റിട്ടേണിങ് ഓഫീസര്‍ക്കും പരാതി നല്‍കി. സ്വന്തം പാര്‍ട്ടിയുടെ നേതാവായ വിഎസ് വോട്ടു ചെയ്യുന്നത് തനിക്കാണോയെന്ന് ഉറപ്പില്ലത്തതുകൊണ്ടാണോ ജി. സുധാകരന്‍ എത്തിനോക്കിയതെന്ന് വ്യക്തമാക്കണമെന്നും പരാജയഭീതിയാണ് ഇത്തരം പ്രവൃത്തികള്‍ ചെയ്യാന്‍ ജി. സുധാകരനെ പ്രേരിപ്പിക്കുന്നതെന്നും വി. ശ്രീജിത്ത് ആരോപിച്ചു.
















