പൂച്ചാക്കല്‍: കതിര്‍മണ്ഡപത്തില്‍ നിന്നും വധൂവരന്മാര്‍ പോളിംഗ് ബൂത്തിലേക്ക്. പാണാവള്ളി നാല്‍പത്തെണ്ണീശ്വരം ക്ഷേത്രത്തില്‍ നടന്ന വിവാഹ ചടങ്ങിന് ശേഷമാണ് കൂടയ്‌ക്കല്‍ ബാബുവിന്റെയും ബീനയുടെയും മകള്‍ അശ്വതി ഭര്‍ത്താവ് അലേഷിനൊപ്പം തൈക്കാട്ടുശ്ശേരി ബ്ലോക്ക് ഓഫീസിലെ 70-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യാന്‍ എത്തിയത്.
പൂത്തോട്ട പറയിടത്ത് വെളിയില്‍ അശോകന്റെയും ഷൈലയുടെയും മകനാണ് അലേഷ്. ഉച്ചക്ക് 12 നായിരുന്നു താലികെട്ട്. തുടര്‍ന്ന് രണ്ടോടെ ദമ്പതികള്‍ പോളിംഗ് സ്റ്റേഷനില്‍ എത്തി വോട്ട് രേഖപ്പെടുത്തി. അശ്വതിക്ക് ഇവിടെയായിരുന്നു വോട്ട്. മണവാട്ടിയെയും കൂട്ടി പൂത്തോട്ട കെപിഎം ഹൈസ്‌കൂളിലെ 109-ാം നമ്പര്‍ ബൂത്തില്‍ വൈകിട്ട് അലേഷും വോട്ട് ചെയ്തു.
മിന്നുകെട്ടു കഴിഞ്ഞ് നേരെ പോളിങ് ബൂത്തിലേക്ക്
ചേര്‍ത്തല: മിന്നുകെട്ടിനു ശേഷം നവവധൂവരന്മാര്‍ പോളിംഗ് ബൂത്തിലേക്ക്. പട്ടണക്കാട് കാട്ടേഴത്ത് രജനീഷും തിരുനല്ലൂര്‍ പുളിയിക്കിനില്‍ കസ്തൂരിയും വധൂഗൃഹത്തില്‍ നടന്ന വിവാഹത്തിന് ശേഷമാണ് സമ്മതിദാനം വിനിയോഗിച്ചത്. കസ്തൂരിക്ക് തിരുനല്ലൂര്‍ ഗവ. ഹൈസ്‌കൂളിലും, രജനീഷിന് പുതിയകാവ് പാഞ്ചജന്യം ഓഡിറ്റോറിയത്തിലുമായിരുന്നു വോട്ട്.
പട്ടണക്കാട് വെളിയില്‍ മനോഹരന്റെ മകള്‍ മീരയും ചേര്‍ത്തല കറുകത്തറ രഞ്ജിത്തും പൊന്നാംവെളി ജയലക്ഷ്മി ഓഡിറ്റോറിയത്തില്‍ വിവാഹിതരായ ശേഷമാണ് വോട്ട് ചെയ്യാനെത്തിയത്. ഇരുവരും കൂടി മീരയുടെ വോട്ടു ചെയ്യാനാണ് പട്ടണക്കാട് സ്‌കൂളിലെ ബൂത്തിലെത്തിയത്. ഉച്ചക്കുശേഷം ഇരുവരും ഒന്നിച്ച് നഗരസഭ 14-ാം വാര്‍ഡിലെ ബൂത്തിലെത്തി രഞ്ജിത്തിന്റെ വോട്ടു രേഖപ്പെടുത്തി.
എഴുപുന്ന കാരാത്തറവീട്ടില്‍ രാമചന്ദ്രന്‍ പിള്ളയുടെ മകള്‍ രജ്ഞിതയും വരന്‍ ചേര്‍ത്തല നഗരസഭ 23-ാം വാര്‍ഡില്‍ പാന്തോടത്ത് രതീഷും ചമ്മനാട് ക്ഷേത്രത്തില്‍ നടന്ന മിന്നുകെട്ടിനു ശേഷം എഴുപുന്ന പഞ്ചായത്തിലെ 57-ാം നമ്പര്‍ പോളിങ് സ്റ്റേഷനില്‍ എത്തി രഞ്ജിതയുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു.
















