സ്വന്തം ലേഖകന്‍
പത്തനംതിട്ട: ദീര്‍ഘവീക്ഷണമില്ലാത്ത വികസന പദ്ധതികളാണ് ആറന്മുളയുടെ ശാപമെന്ന് ജനസംസാരം. കഴിഞ്ഞ പത്തുവര്‍ഷമായി ആറന്മുള മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന യുഡിഎഫിന്റെ ജനപ്രതിനിധിയ്ക്ക് ആറന്മുളയുടെ വികസന സാദ്ധ്യതകളെ കണ്ടെത്താനോ ഭാവനാപൂര്‍ണ്ണമായ പദ്ധതികള്‍ തയ്യാറാക്കാനോ സാധിച്ചില്ലെന്നാണ് ജനങ്ങള്‍ചൂണ്ടിക്കാണിക്കുന്നത്. നടപ്പാക്കാനാവാത്ത ഒരു വിമാനത്താവള പദ്ധതിയുടെ പിന്നാലെ പായുകയും ഈ പദ്ധതി വികസനം കൊണ്ടുവരുമെന്ന് സാധാരണക്കാരെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു സ്ഥലം എംഎല്‍എ എന്നാണ് ആക്ഷേപം. കേവലം എംല്‍എ ഫണ്ടിന്റെ പരിധിയ്ക്കുള്ളില്‍ നിന്ന് നടപ്പാക്കിയ കൊച്ചുകൊച്ചു പദ്ധതികളല്ലാതെ ആറന്മുള മണ്ഡലത്തിന്റെ സമഗ്രമായ വികസനത്തിനുതകുന്ന വലിയ പദ്ധതികളൊന്നുംതന്നെ കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ നടപ്പാക്കിയെടുക്കാനോ രൂപരേഖ തയ്യാറാക്കാന്‍പോലുമോ എംഎല്‍എയ്ക്ക് കഴിഞ്ഞിട്ടില്ല. അതേസമയം നേരത്തെ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന വന്‍ പ്രോജക്ടുകള്‍ വെട്ടിക്കുറച്ചതായും ആക്ഷേപമുണ്ട്. പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നു. തിരുവല്ലയിലേതിനേക്കാള്‍ മികച്ച ബസ് ടെര്‍മിനലാണ് നേരത്തെ പത്തനംതിട്ടയ്ക്ക് വേണ്ടി വിഭാവനം ചെയ്തിരുന്നത്. 44 കോടിയിലേറെ രൂപാ ചിലവു പ്രതീക്ഷിക്കുന്ന ബസ് ടെര്‍മിനലിനുള്ള രൂപരേഖ തയ്യാറാക്കുകയും ചെയ്തിരുന്നു. ഇതോടൊപ്പം രൂപരേഖ തയ്യാറാക്കിയ തിരുവല്ലയിലെ ബസ് ടെര്‍മിനല്‍ യഥാര്‍ത്ഥ്യമായപ്പോഴും പത്തനംതിട്ടയില്‍ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ പോലും നടന്നില്ല. സ്ഥലം എംഎല്‍എയുടെ പിടിപ്പുകേടാണ് ഇതിന് കാരണമെന്ന് അന്നേ ആക്ഷേപം ഉയര്‍ന്നിരുന്ന കാര്യവും ജനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. പിന്നീട് എംഎല്‍എ ഫണ്ടില്‍ നിന്നും എട്ടുകോടി രൂപാ അനുവദിച്ചാണ് ഇപ്പോഴുള്ള ബസ് ടെര്‍മിനല്‍ പണി ആരംഭിച്ചത്. എന്നാല്‍ നിലവിലുള്ള പദ്ധതിപ്രകാരം ഈ ടെര്‍മിനല്‍ പൂര്‍ത്തികരിക്കാനാകുമോ എന്നതില്‍ ഇപ്പോഴും ഉറപ്പൊന്നുമില്ലതാനും.
മണ്ഡലത്തില്‍ നിലവാരമുള്ള റോഡുകളൊന്നും ഇല്ലെന്നതും എംഎല്‍എയുടെ കഴിവുകേടായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഏറെ ഗതാഗതത്തിരക്കുള്ള തിരുവല്ല- കോഴഞ്ചേരി റോഡുപോലും പൂര്‍ണ്ണ ഗതാഗതയോഗ്യമാക്കാന്‍ ഇപ്പോഴും കഴിഞ്ഞിട്ടില്ല. പത്തനംതിട്ട -കൈപ്പട്ടൂര്‍ റോഡ് ശബരിമല തീര്‍ത്ഥാടനക്കാലത്തടക്കം വലിയ ഗതാഗതത്തിരക്ക് അനുഭവപ്പെടുന്നിടമാണ്. ഈ റോഡിന്റെ വീതികൂട്ടാന്‍ ഓമല്ലൂര്‍ പഞ്ചായത്തുവരെ നടത്തിയിട്ടും നഗരസഭയിലെത്തിച്ച് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിന് പിന്നിലും എംഎല്‍എയുടെ താല്‍പര്യക്കുറവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. തെക്കേമല, ഇലവും തിട്ട റോഡ് വികസനത്തിലും പക്ഷപാതപരമായ നിലപാടുകള്‍ സ്വീകരിച്ചതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പത്തനംതിട്ട നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി പുതിയ റോഡുകളൊന്നും വിഭാവനം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. പത്തനംതിട്ടയിലെ ഔട്ടര്‍ റിങ് റോഡ് പ്രൊപ്പോസല്‍ ഏറെക്കാലം മുമ്പ് ജില്ലയുടെ ശില്പിയായ കെ.കെ.നായര്‍ മുന്നോട്ട് വെച്ചിരുന്നു. സമീപ പഞ്ചായത്തിലെ റോഡുകള്‍കൂടി ഉള്‍പ്പെടുത്തി നടപ്പാക്കാവുന്ന ഈ പദ്ധതിയും എംഎല്‍എ കണ്ടില്ലെന്ന് നടിച്ചെന്നാണ് ആക്ഷേപം.
വരള്‍ച്ച രൂക്ഷമാകുന്ന പുതിയ സാഹചര്യത്തില്‍ മണ്ഡലത്തിലെ നിലവിലുള്ള കുടിവെള്ള പദ്ധതികള്‍ നവീകരിക്കാന്‍ യാതൊരു പദ്ധതിയും ജനപ്രതിനിധി എന്ന നിലയില്‍ സ്വീകരിച്ചിട്ടില്ല എന്ന ആക്ഷേപവും ഉയരുന്നുണ്ട്. നിലവിലുള്ള കുടിവെള്ള പദ്ധതികളെല്ലാം തന്നെ നവീകരണത്തിനായി കാത്തുകിടക്കുകയാണ്. കുടിവെള്ള സ്രോതസ്സുകളില്‍ വെള്ളം ലഭ്യമാകാതായതോടെ കുടിവോള്ളം ലഭ്യമാക്കാനുള്ള പദ്ധതികള്‍ ആവിഷ്ക്കരിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ വരും കാലങ്ങളില്‍ കുടിവെള്ളക്ഷാമം അതിരൂക്ഷമാകും. ഇതിന് തടയിടാനുള്ള ഫലപ്രദമായ പദ്ധതികളും ജനപ്രതിനിധി എന്ന നിലയില്‍ ആവിഷ്ക്കരിച്ചിട്ടില്ല എന്നും ജനങ്ങള്‍ പറയുന്നു.
തകര്‍ന്നുകൊണ്ടിരുക്കുന്ന കാര്‍ഷിക രംഗത്തെ സംരക്ഷിക്കാനും പദ്ധതികളില്ല. നാമമാത്രമായ കൃഷിക്കാരാണുള്ളതെങ്കിലും അവരുല്‍പ്പാദിപ്പിക്കുന്ന കാര്‍ഷിക വിഭവങ്ങള്‍ വിറ്റഴിക്കാനുള്ള പൊതു ഇടം മണ്ഡലത്തിലില്ല. ആരോഗ്യ രംഗത്തും കാര്യമായ വികസനങ്ങള്‍ നടപ്പാക്കിയില്ലെന്ന് മാത്രമല്ല നഷ്ടങ്ങളുണ്ടാക്കിയെന്നുമാണ് മറ്റൊരു ആക്ഷേപം. ജില്ലയ്ക്ക് അനുവദിച്ച മെഡിക്കല്‍ കോളേജ് പോലും ജില്ലാ ആസ്ഥാനത്ത് നിലനിര്‍ത്താന്‍ ഭരണ കക്ഷിയില്‍പെട്ട ആളായിട്ടും എംഎല്‍എയ്ക്ക് കഴിഞ്ഞില്ല. പത്തനംതിട്ട ജനറല്‍ ആശുപത്രി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയാക്കാനുമായില്ല. ഇവിടെ താല്‍ക്കാലിക മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിക്കാന്‍ സാധ്യത തെളിഞ്ഞിട്ടും എംഎല്‍എയുടെ പിടിവാശിമൂലം നടപ്പിലാക്കിയില്ലെന്ന് കോണ്‍ഗ്രസുകാര്‍തന്നെ പറയുന്നു. എംഎല്‍എ എന്ന നിലയില്‍ പാര്‍ട്ടിയോടോ പ്രവര്‍ത്തകരോടെ ചര്‍ച്ച ചെയ്യാതെ സ്വയം കാര്യങ്ങള്‍ തീരുമാനിച്ച് നടപ്പാക്കുന്നെന്നും പ്രവര്‍ത്തകര്‍ക്ക് ആക്ഷേപമുണ്ട്.
ഒരുകാലത്തും നടപ്പാക്കാന്‍ കഴിയാത്ത ആറന്മുള വിമാനത്താവളം എന്ന മരീചിക ഉയര്‍ത്തിക്കാട്ടി മണ്ഡലത്തിലെ ജനങ്ങളെ കബളിപ്പിക്കാനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ശ്രമമെന്ന ആക്ഷേപവും മണ്ഡലത്തിലുയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: