ആലപ്പുഴ: പാര്‍ട്ടിയില്‍ ആധിപത്യം നേടാന്‍ സ്ഥാപകാചാര്യനായ പി. കൃഷ്ണപിള്ളയുടെ സ്മാരകം കത്തിച്ചവര്‍ക്ക് സഖാക്കള്‍ വോട്ടു ചെയ്യുമോ? ഈ ചോദ്യം ഇടതുപ്രവര്‍ത്തകരുടെ മനസാക്ഷിയെ വേട്ടയാടുന്നു. 2013 ഒക്‌ടോബര്‍ 31ന് പുലര്‍ച്ചെ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനത്തിലാണ് പാര്‍ട്ടി സഖാക്കള്‍ മുഹമ്മ കണ്ണര്‍കാടെ ചെല്ലിക്കണ്ടം വീട്ടിലെ കൃഷ്ണപിള്ള സ്മാരകം കത്തിക്കുകയും പ്രതിമ തകര്‍ക്കുകയും ചെയ്തത്.
പാര്‍ട്ടിയിലെ വിഭാഗീയതയില്‍ മേല്‍ക്കെ നേടാനും നാട്ടില്‍ കാലാപം സൃഷ്ടിക്കാനുമായിരുന്നു പാര്‍ട്ടിയിലെ ചില സഖാക്കളുടെ ലക്ഷ്യം. അതിന് കത്തിച്ചതോ ജനങ്ങളുടെ സഖാവിന്റെ സ്മാരകത്തെയും. കൃഷ്ണപിള്ള കൈപിടിച്ച് പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നുവെന്ന് അവകാശപ്പെടുന്ന വി. എസ്. അച്യുതാനന്ദന്റെ സ്വന്തം അനുയായികളാണ് സാമാരകം കത്തിച്ചത്. ചെല്ലിക്കണ്ടത്ത് കൃഷ്ണപിള്ളയെ കടിച്ച പാമ്പുകളുടെ പിന്മുറക്കാര്‍ ഇന്നും ജീവിച്ചിരിക്കുന്നുവെന്ന് ഇവര്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഞെട്ടിക്കുന്നതായിരുന്നു വിഎസിന്റെ നിലപാട്. പ്രതികളെ ആദ്യന്തം സംരക്ഷിക്കുന്ന നിലപാടായിരുന്നു തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് സ്വീകരിച്ചത്.
എന്നാല്‍ പാര്‍ട്ടിയിലെ മറുപക്ഷമാകട്ടെ ഇതെക്കുറിച്ച് അന്വേഷിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. കോണ്‍ഗ്രസാകട്ടെ സ്മാരകം കത്തിച്ചവരെയും, ഒത്താശ ചെയ്തവരെയും സംരക്ഷിക്കുകയാണ്. കുറ്റപത്രം പോലും കുറ്റമറ്റതായി സമര്‍പ്പിക്കാന്‍ അന്വേഷണ സംഘത്തിന് കഴിയാതിരുന്നത് ഒട്ടേറെ ചേദ്യങ്ങള്‍ ഉയര്‍ത്തുന്നു. നിരവധി പോരാട്ടങ്ങള്‍ക്ക് വിളഭൂമിയായിരുന്ന ആലപ്പുഴയുടെ മണ്ണില്‍ സ്വന്തം സഖാവിനെ കത്തിച്ചവര്‍ക്ക് വോട്ടു ചെയ്യാന്‍ പാര്‍ട്ടിയെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്നവര്‍ക്ക് കഴിയുമോയെന്ന ചോദ്യമാണ് തെരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറുകളില്‍ ഉയരുന്നത്.
പാര്‍ട്ടിയുടെ പേരില്‍ കോടികളുടെ സമ്പാദ്യം ഉണ്ടാക്കിയവര്‍ ഒത്തുതീര്‍പ്പ് രാഷ്‌ട്രീയം കളിക്കുമ്പോള്‍ അണികള്‍ ഇത്തവണ കണക്കു തീര്‍ക്കുമെന്ന് വ്യക്തമാകുകയാണ്.
















