പന്തളം: കനത്ത ചൂടിലും മഴയിലും ക്ഷമയോടെ കാത്തിരുന്ന ഇലവുംതിട്ടയിലെയും കുളനടയിലെയും ജനങ്ങള്‍ക്ക് ആവേശത്തിരയിളക്കി സുരേഷ്ഗോപി എത്തി.
കേരളത്തെ രക്ഷിക്കാന്‍ എന്‍ഡിഎ അധികാരത്തില്‍ വരണം എന്ന് സുരേഷ്ഗോപി എം പി പറഞ്ഞു. കുളനടയില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്‍ഡിഎയ്ക്ക് കരുത്തു പകരാന്‍ എം ടി രമേശിനെ വന്‍ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണം എന്നും സുരേഷ്ഗോപി പറഞ്ഞു. രാവിലെ മുതല്‍ കനത്ത വെയിലിനെയും അവഗണിച്ചു സുരേഷ്ഗോപിയുടെ വരവ് കാത്തിരിക്കുകയായിരുന്നു ഇലവുംതിട്ടയിലെയും കുളനടയിലും ജനങ്ങള്‍.ഇലവുംതിട്ടയില്‍ എന്‍ ഡി എ പഞ്ചായത്ത് ചെയര്മാന് എം കെ ശിവജി അധ്യക്ഷത വഹിച്ച യോഗം ജെ എസ് എസ് സംസ്ഥാന ചെയര്മാന് എ എന്‍ രാജന്‍ബാബു ഉദ്ഘാടനം ചെയ്തു.
ബിജെപി സംസ്ഥാന സമിതി അംഗം റ്റി.ആര്. അജിത്ത്കുമാര്‍, കെപിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ബിന്ദു, എന്‍ഡിഎ ആറന്മുള നിയോജകമണ്ഡലം ചെയര്മാന് ഡി. സുരേന്ദ്രന്, പി.ബി. സുരേഷ് എന്നിവര്‍ സംസാരിച്ചു.കുളനടയില്‍ നടന്ന യോഗത്തില്‍ ബിജെപി ജില്ലാ സെക്രട്ടറിമാരായ ശോഭനാഅച്യുതന്,ബിന്ദു പ്രസാദ്,മഹിളാമോര്‍ച്ച ജില്ലാ സെക്രട്ടറി സി.കെ. രമണി എന്നിവര്‍ പ്രസംഗിച്ചു.
കേരളത്തില്‍ നിന്നും വിജയിച്ചു വരുന്ന എന്‍ഡിഎയുടെ ഓരോ ജനപ്രതിനിധിയും കേന്ദ്രത്തില്‍ നിന്നും കേരളത്തിലേക്ക് വികസനം എത്തിക്കാനുള്ള പാലമായി പ്രവര്‍ത്തിക്കുമെന്ന് റാന്നിയില്‍ സുരേഷ്ഗോപിപറഞ്ഞു. റാന്നി നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.പത്മകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം നടത്തിയ റോഡ് ഷോയും അതിനോടനുബന്ധിച്ച് നടന്ന സമ്മേളനത്തിലും സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുരേഷ്ഗോപിയെകാത്ത് രാവിലെ 9 മണിമുതല്‍ തന്നെ റാന്നി നഗരം ജനസാഗരമായി മാറി. മുണ്ടക്കയത്തുനിന്നുമാണ് സുരേഷ്ഗോപി റാന്നിയിലേക്ക് എത്താനായി നിശ്ചയിച്ചിരുന്നത്. പ്രതികൂല കാലാവസ്ഥമൂലം യഥാസമയം ഹെലികോപ്ടറിന് ലാന്റ് ചെയ്യാന്‍ സാധിക്കാതെ വന്നത് സുരേഷ് ഗോപിയുടെ പര്യടന സമയ ക്രമത്തെ കാര്യമായി ബാധിച്ചു. രാവിലെ മുതല്‍ തന്നെ കത്തുന്ന വെയിലിനെ തണലാക്കി ജനസഹസ്രങ്ങള്‍ കാത്തുനിന്നെങ്കിലും മണിക്കൂറുകള്‍ക്ക് ശേഷമാണ് സുരേഷ് ഗോപി എം.പിയ്ക്ക് റാന്നിയിലെത്തിച്ചേരാന് സാധിച്ചത്. അതുകൊണ്ടുതന്നെ റോഡ് ഷോയുടേയും സമ്മേളനത്തിന്റേയും സമയം ഏറെ വെട്ടിച്ചുരുക്കേണ്ടിവന്നു. ഏറെ വൈകിയെത്തിയിട്ടും പത്മകുമാറിന്റെ തെരഞ്ഞെടുപ്പ് പര്യടനത്തിന് മാറ്റുകൂട്ടാനെത്തിയ ബിജെപി, ബിഡിജെഎസ് അടക്കമുള്ള എന്‍ഡിഎയുടെ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാതെ കാത്തുനിന്നു.
ഇട്ടിയപ്പാറയില്‍ നിന്നും ജനസഹസ്രങ്ങളുടേയും നിരവധി വാഹനങ്ങളുടേയും അകമ്പടിയോടെയാണ് പെരുമ്പുഴ പ്രൈവറ്റ് ബസ്റ്റാന്റിലെ വേദിയിലേക്ക് സുരേഷ് ഗോപിയെ സ്വീകരിച്ചാനയിച്ചത്. ബിജെപി ജില്ലാ പ്രസിഡന്റ് അശോകന്‍കുളനട, എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.പത്മകുമാര്‍, ബിജെപി നേതാക്കളായ പ്രദീപ് ചെറുകോല്‍, പ്രസാദ് എന്ഭാസ്ക്കരന്, പി.വി.അനോജ് കുമാര്‍, ബിഡിജഎസ് നിയോജകമണ്ഡലം പ്രസിഡന്റ് സോമരാജന്, അഡ്വ.ഷൈന്‍ ജി.കുറുപ്പ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: