കായംകുളം: മാറി മാറി കേരളം ഭരിച്ച് മുടിച്ച ഇടത് – വലത് കക്ഷികള്‍ നാടിന് ശാപമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ.സോമന്‍ അഭിപ്രായപ്പെട്ടു. ഭരണിക്കാവ് പഞ്ചായത്ത് കണ്‍വന്‍ഷന്‍ കറ്റാനത്ത് ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനിച്ചു വീഴുന്ന പിഞ്ചുകുഞ്ഞുങ്ങളെപ്പോലും കടക്കെണിയിലേയ്‌ക്ക് തള്ളപ്പെട്ട ഇടത് – വലത് കക്ഷികളുടെ ഒത്തുതീര്‍പ്പ് രാഷ്‌ട്രീയത്തില്‍ ജനം പൊറുതിമുട്ടിയിരിയ്‌ക്കുന്നു.
സോളാര്‍, ബാര്‍കോഴ, പീഡനക്കേസ്സുകള്‍ കൊലപാതകങ്ങള്‍ എന്നിവയില്‍ പരസ്പരം സഹായിച്ച് നടത്തുന്ന ജനദ്രോഹപരമായ ഭരണത്തിന് അന്ത്യമായെന്നും അദ്ദേഹം പറഞ്ഞു. സമ്പന്നമായ കേരളത്തെ ഭരിച്ച് മുടിച്ച് ദരിദ്രനാരായണന്മാരുടെയും കിടപ്പാടമില്ലാത്തവരുടെയും നാടാക്കി മാറ്റിയ കേരളത്തില്‍ നിന്നും ഇടത്-വലത് കക്ഷികളെ ജനം തൂത്തെറിയയും. ആലപ്പുഴയിലും, കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അനേകം എംഎല്‍എമാര്‍ എന്‍ഡിഎയ്‌ക്ക് ഉണ്ടാകുമെന്നും സോമന്‍ പറഞ്ഞു.
എന്‍ഡിഎയുടെ വിജയത്തില്‍ വിറളി പൂണ്ട ഇടത്-വലത് കക്ഷികള്‍ ബിജെപിയെ ഒറ്റപ്പെടുത്തുവാന്‍ എന്തുവില കുറഞ്ഞ നടപടിയും സ്വീകരിക്കുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. യോഗത്തില്‍ ബിഡിജെഎസ് സംസ്ഥാന വക്താവ് അഡ്വ. സിനില്‍ മുണ്ടപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. രാജേഷ്‌രാജ് അദ്ധ്യക്ഷത വഹിച്ചു. ശ്രീകുമാര്‍ സ്വാഗതം പറഞ്ഞു. പാലമുറ്റത്ത് വിജയകുമാര്‍, അഡ്വ. റ്റി.ഒ. നൗഷാദ്, മങ്ങാരം മുരളി, പ്രദീപ് കുമാര്‍, രതീഷ്ബാബു എന്നിവര്‍ സംസാരിച്ചു.
















