അമ്പലപ്പുഴ: വാഗ്ദാനങ്ങള്‍ നല്കി ജനങ്ങളെ കബളിപ്പിച്ചതിനെത്തുടര്‍ന്ന് ഇല്ലിച്ചിറയിലും നാലുചിറയിലും വോട്ടു ചോദിക്കാനാവാതെ ഇടതു വലതു സ്ഥാനാര്‍ത്ഥികള്‍. തങ്ങള്‍ വിജയിച്ചാല്‍ ഇല്ലിച്ചിറയില്‍ കടത്തുവള്ളവും നാലുചിറയില് പാലവുമായിരുന്നു ഇരുമുന്നണികളുടെയും കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ വാഗ്ദാനങ്ങള്‍. എന്നാല്‍ വാഗ്ദാനം നല്‍കിയശേഷം വിജയിച്ചുപോയ എംഎല്‍എയെ ഒരിക്കല്‍ പോലും പ്രദേശവാസികള്‍ കണ്ടിട്ടില്ല. ഇതോടെ നാലുചിറപാലവും ഇല്ലിച്ചിറയില്‍ കടത്തുവള്ളവും പ്രദേശവാസികള്‍ക്ക് സ്വപ്നം മാത്രമായി അവശേഷിക്കുകയായിരുന്ന പാലം കിട്ടിയില്ലെങ്കിലും നല്ല ഒരു കടത്തുവള്ളമെങ്കിലും നല്‍കൂവെന്നാണ് നൂറുകണക്കിന് കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇല്ലിച്ചിറ നിവാസികളുടെ ആവശ്യം. വികസനങ്ങള്‍ എത്തിയെന്ന് ഫ്ളക്സ് ബോര്‍ഡ് നോക്കിയാണ് ഇവര്‍ പറയുന്നത്. ഒരു കടത്തുവള്ളം നിര്‍മ്മിക്കാന്‍ അമ്പതിനായിരം മതിയല്ലോ. റോഡുകള്‍ക്കും കെട്ടിടങ്ങള്‍ക്കും അനുവദിക്കുന്നതിന്റെ ഒരംശം ചെലവഴിച്ചിരുന്നെങ്കില്‍ ജീവന് പണയം വച്ച് യാത്ര ചെയ്യേണ്ടിവരുമായിരുന്നില്ല ഇല്ലിച്ചിറ നിവാസികള്‍ക്ക്. പതിറ്റാണ്ടുകളായി വാടകയ്ക്ക് വള്ളമെടുത്താണ് നാട്ടുകാര്‍ അക്കരെയിക്കരെ പോകുന്നത്. യാത്ര ചെയ്യുന്ന വള്ളമാണെങ്കില്‍ ഏറെ പഴക്കം ചെന്നതുമാണ്. സ്കൂള്‍ തുറക്കാറായതോടെ നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് വള്ളത്തിനെ ആശ്രയിക്കുന്നത്.
















