ആലപ്പുഴ: ചെങ്ങന്നൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.സി.വിഷ്ണുനാഥിനെയും കുട്ടനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാണ്ടിയെയും പരാജയപ്പെടുത്താനാവശ്യമായ പ്രചാരണം നടത്തുമെന്ന് ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി.ആര്‍. നീലകണ്ഠന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. എംഎല്‍എ ഫണ്ടുവിനിയോഗത്തില്‍ വ്യക്തമായ അഴിമതി കാണിക്കുകയും സര്‍ക്കാരിന്റെ അഴിമതി ഭരണത്തില്‍ പങ്കാളിയാകുകയും ചെയ്ത വ്യക്തിയാണ് വിഷ്ണുനാഥ്. ആം ആദ്മി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാന്‍ പോലും വിഷ്ണുനാഥ് തയ്യാറായി. വിഷ്ണുനാഥിനെ പരാജയപ്പെടുത്താന്‍ പരമാവധി പ്രചാരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കുട്ടനാട്ടില്‍ നെല്‍വയല്‍ നികത്തലിനും ഭൂമാഫിയാ പ്രവര്‍ത്തനത്തിനും ഒത്താശയും മൗനാനുവാദവും നല്‍കുന്നത് തോമസ് ചാണ്ടിയാണ്. ധനാഢ്യനായ എംഎല്‍എ ചികിത്സാ ചെലവിന്റെ പേരില്‍ പോലും കോടിക്കണക്കിനു രൂപ ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്ന് കൈക്കലാക്കിയത് അംഗീകരിക്കാനാവില്ല.
അത്തരത്തിലുള്ള സ്ഥാനാര്‍ത്ഥി ഇവിടെ ജയിക്കാന്‍ പാടില്ലെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കമ്മറ്റിയംഗം അശോക് ജോര്‍ജ് സക്കറിയ, ജില്ലാ നേതാക്കളായ ഗുരുദാസ്, എ.എം. ഇക്ബാല്‍, എ.എം. ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.
















