ചേര്‍ത്തല: അറുപത്തിയേഴിലും തളരാത്ത ആവേശത്തോടെ വാസന്തി. തണ്ണീര്‍മുക്കം പഞ്ചായത്ത് രണ്ടാം വാര്‍ഡ് വാരനാട് തെക്കേവെളി വിജയന്റെ ഭാര്യ വാസന്തി(67) ആണ് സിംഗപ്പൂരില്‍ നടന്ന ഏഷ്യന്‍ മീറ്റില്‍ വെള്ളി മെഡല്‍ നേടിയത്. അഞ്ച് കിലോമീറ്റര്‍ നടത്തത്തിലും 2,000 മീറ്റര്‍ സ്റ്റിപ്പിള്‍ ചെയ്‌സിലുമാണ് വാസന്തി സമ്മാനങ്ങള്‍ കരസ്ഥമാക്കിയത്.
2006 ല്‍ ബാംഗ്ലൂരില്‍ നടന്ന ഏഷ്യന്‍ മീറ്റില്‍ 10,000 മീറ്റര്‍ ഓട്ടത്തില്‍ ഒന്നാം സ്ഥാനവും, 5,000 മീറ്ററിലും, ഹര്‍ഡില്‍സിലും രണ്ടാം സ്ഥാനവും നേടിയിരുന്നു. രാജ്യത്തിന് പുറത്ത് ആദ്യമായാണ് വാസന്തി മല്‍സരത്തില്‍ പങ്കെടുക്കുന്നത്. നേരത്തെ പല അവസരങ്ങളും ലഭിച്ചിട്ടുണ്ടെങ്കിലും സാമ്പത്തിക പരാധീനത മൂലം ഉപേക്ഷിക്കുകയായിരുന്നു. വാരനാട് മാക്ഡവല്‍ കമ്പനിയിലെ മുന്‍ ജീവനക്കാരിയായ വാസന്തി ഒട്ടേറെ നാഷണല്‍ മീറ്റുകളിലും പങ്കെടുത്ത് മെഡല്‍ നേടിയിട്ടുണ്ട്.
ഇക്കുറി മല്‍സരത്തില്‍ പങ്കെടുക്കാന്‍ 75,000 രൂപയോളം ചെലവായി. കായികപ്രേമികളായ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹായത്തോടെയാണ് മല്‍സരത്തിനുള്ള തുക കണ്ടെത്തിയതെന്ന് അവര്‍ പറഞ്ഞു.
















