ചേര്‍ത്തല: കോര്‍ണര്‍ മീറ്റിംഗുകളില്‍ ആവേശമായി പതിനഞ്ചുകാരിയുടെ മിന്നുന്ന പ്രകടനം. കുറിക്കുകൊള്ളുന്ന വാക്കുകളിലൂടെ പ്രേക്ഷകരെ കയ്യിലെടുത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.എസ്. രാജീവിന്റെ പ്രചാരണത്തിന് മാറ്റുകൂട്ടുകയാണ് ജയലക്ഷ്മിയുടെ തീപ്പൊരി പ്രസംഗം.
ഇരുപതിലധികം യോഗങ്ങളിലാണ് ജയലക്ഷ്മി, രാജീവിനു വേണ്ടി പ്രചാരണത്തിനിറങ്ങിയത്. കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ കൊച്ചുമിടുക്കിക്ക് പ്രസംഗകലയിലും നാട്ടുകാര്‍ നല്‍കിയത് എപ്ലസ് തന്നെ. ജനകീയ തഹസില്‍ദാരായിരുന്ന പി.എസ്. രാജീവിന് മണ്ഡലത്തെ പ്രതിനിധീകരിക്കാന്‍ അവസരം നല്കണമെന്നുള്ള അപേക്ഷയോടൊപ്പം പത്ത് വര്‍ഷക്കാലം മണ്ഡലത്തെ പ്രതിനിധീകരിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥി വികസനത്തിന്റെ പേരില്‍ നടത്തുന്ന അസത്യ പ്രചരണങ്ങളും ജയലക്ഷ്മി തുറന്നു കാട്ടുന്നു. അര്‍ത്തുങ്കല്‍ ഫിഷിംങ് ഹാര്‍ബറും, കവല വികസനവുമെല്ലാം പൊള്ളയായ വാഗ്ദാനങ്ങളാണെന്നാണ് പ്രസംഗത്തിലൂടെ സമര്‍ത്ഥിക്കുന്നത്.
മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണ വാക്യങ്ങളെ കളിയാക്കി സ്കൂളുകളില്‍ യഥാസമയം പുസ്തകങ്ങള്‍ നല്‍കാത്തവര്‍ക്ക് വോട്ട് നല്കി ചേര്‍ത്തലയെ ചെറുപ്പമാക്കിയിട്ട് എന്താണ് പ്രയോജനം എന്നും ജയലക്ഷ്മി ചോദിക്കുന്നു. നരേന്ദ്രമോദി സര്‍ക്കാരിന്റെ ജനോപകാരപ്രദമായ പദ്ധതികളെ കുറിച്ചുള്ള അറിവും വാക്ചാതുരിയും നിറഞ്ഞ പ്രസംഗത്തിനൊടുവില്‍ കയ്യടികളും അഭിനന്ദനങ്ങളുമായി കാഴ്ചക്കാര്‍ ചുറ്റും കൂടുകയാണ്.
അരീപ്പറമ്പ് ലക്ഷ്മി നിവാസില്‍ ജയകുമാറിന്റെയും, സുനിയുടെയും മകളാണ്. അമ്മ സുനി കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ തെക്ക് പഞ്ചായത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിച്ചിരുന്നു. സഹോദരന് അക്ഷയ്കൃഷ്ണനും ചേച്ചിക്ക് പിന്തുണയുമായി ഒപ്പമുണ്ട്.
















