അതികായന് യുദ്ധക്കളത്തിലെത്തിയപ്പോള്‍ കുംഭകര്‍ണന്‍ വരുന്നെന്നു ധരിച്ച് വാനരന്മാര്‍ അങ്ങുമിങ്ങും ഓടാന്‍തുടങ്ങി. അപ്പോള്‍ ലക്ഷ്മണന്‍ ചെന്ന് അസ്ത്രങ്ങള്‍ ചൊരിഞ്ഞു. അതിഘോരമായ യുദ്ധം നടന്നു. അസാമാന്യ ശക്തിശാലിയും വരബലമുള്ളവനുമായ അതികായനെ തോല്‍പ്പിക്കാന്‍ ലക്ഷ്മണന്‍ പഠിച്ചവിദ്യ പതിനെട്ടും നോക്കി.
അയയ്‌ക്കുന്ന അസ്ത്രങ്ങളെല്ലാം അതികായകന്റെ ശരീരത്തില്‍ കൊള്ളാതെ നിലത്തുവീഴുന്നു. അപ്പോള്‍ വായുദേവന്‍ ലക്ഷ്മണനെ സമീപിച്ച് ഇവന് ബ്രഹ്മാവു നല്‍കിയ കവചമുള്ളതുകൊണ്ടാണ് അസ്ത്രങ്ങളൊന്നും ഏല്‍ക്കാത്തത്.
ബ്രഹ്മാസ്ത്രം പ്രയോഗിക്കുക. ഇതുകേട്ട് ലക്ഷ്മണന്‍ അതികായന് മറ്റസ്ത്രങ്ങള്‍ തൊടുക്കാന്‍ കഴിയുന്നതിനുമുമ്പ് വേഗത്തില്‍ ബ്രഹ്മാസ്ത്രം ജപിച്ചയച്ചു. അത് അവന്റെ തലയറുത്തശേഷം ലക്ഷ്മണന്റെ സമീപത്തു മടങ്ങിയെത്തി.
പര്‍വതശിഖരം വന്നു വീഴുന്നതുപോലെയാണ് അതികായന്റെ തല വന്നു വീണത്. അതിശക്തന്മാരായ കുറെ വാനരന്മാര്‍ ചേര്‍ന്ന് അതു പൊക്കിയെടുത്ത് രാമപാദങ്ങളില്‍ സമര്‍പ്പിച്ചു.
















