ഇന്ന് ശ്രീ ശങ്കര ജയന്തി
ശ്രീ ശങ്കരാചാര്യ വിരചിതമായ ഈ കൃതി സ്‌തോത്രമായി ജനസമാന്യത്തിന്റെ മനസ്സുകളിലേക്കെത്തുന്നു. മോഹമുദ്ഗരം – വ്യാമോഹങ്ങളെ അകറ്റുന്ന, തച്ചുടയ്‌ക്കുന്ന ഇരുമ്പുവടി എന്നും ഇതിനു പേരുണ്ട്.
കാശിയിലെ തെരുവിലൂടെ തന്റെ പതിനാലു ശിഷ്യരോടൊപ്പം നടന്നു പോയിരുന്ന ആചാര്യസ്വാമികള്‍ ഒരു വൃദ്ധപണ്ഡിതന്‍ സംസ്‌കൃത വ്യാകരണ സൂത്രങ്ങള്‍ വളരെ ക്ലേശിച്ച് ഉരുവിട്ടുപഠിക്കുന്നതു കേള്‍ക്കാനിടയായി. മനുഷ്യന്റെ പരമലക്ഷ്യമായ ഈശ്വരസാക്ഷാത്കാരത്തിനായി ഉപയോഗിക്കേണ്ട സമയം വെറും ബുദ്ധിപരമായ പ്രാവീണ്യത്തിനായി പാഴാക്കിക്കളയുന്നുവല്ലോ എന്ന ചിന്തയില്‍ നിന്നാണ് ‘ഭജഗോവിന്ദം’ ഉടലെടുക്കുന്നത്.
ഹേ മൂഢാ, മരണസമയത്തു നിന്നെ രക്ഷിക്കാന്‍ വ്യാകരണം പര്യാപ്തമാവില്ല. മൃത്യു തീണ്ടാത്ത പരമപദവി പ്രാപിക്കാനുള്ളതാണ് ജീവിതം എന്നിങ്ങനെ ഉദ്‌ബോധിപ്പിക്കുന്നു. ഈ കൃതിയിലെ ഒന്നാം ശ്ലോകം പല്ലവിയായി കണക്കാക്കാം. പല്ലവിയും തുടര്‍ന്നുള്ള പന്ത്രണ്ടു ശ്ലോകങ്ങളും ശ്രീ ശങ്കര വിരചിതമെന്നാണ് വിശ്വാസം. ഇവയെ ഒന്നിച്ച് ദ്വാദശമഞ്ജരികാസ്‌തോത്രം (പന്ത്രണ്ട് പൂക്കളടങ്ങിയ പൂച്ചെണ്ട്) എന്നു വിളിക്കുന്നു.
ആചാര്യസ്വാമികളുടെ ദ്രുതകവനത്തിന്റെ ആവേശത്തില്‍ പതിനാലുശിഷ്യന്മാരും ഓരോ ശ്ലോകം വീതം ചൊല്ലി. അങ്ങനെയുണ്ടായ പതിനാലു ശ്ലോകങ്ങളെ ‘ചതുര്‍ദശമഞ്ജരികാ സ്‌തോത്രം’ എന്നു വിളിക്കുന്നു. ശിഷ്യരുടെ ഊഴം കഴിഞ്ഞപ്പോള്‍ എല്ലാ ഭക്തരേയും അനുഗ്രഹിക്കുന്ന മട്ടില്‍ നാലു ശ്ലോകങ്ങള്‍ കൂടി ആചാര്യ സ്വാമികള്‍ ചൊല്ലി. (പല്ലവി ഒന്ന്, ദ്വാദശമഞ്ജരി 12, ചതുര്‍ദശമഞ്ജരി 14, ഭക്തര്‍ക്ക് അനുഗ്രഹത്തിനായി നാല്. ഇവയെല്ലാം ചേര്‍ന്ന് ആകെ 31 ശ്ലോകങ്ങള്‍).
വേദാന്തസാരമടങ്ങിയ ലളിതമായ വരികളിലൂടെ പുനര്‍ജന്മം, കര്‍മ്മഫലം, സദാചാരശുദ്ധി, ആത്മവിചാരം മുതലായ സനാതനധര്‍മ്മത്തിന്റെ അടിസ്ഥാനതത്വങ്ങളെ ഇതില്‍ സമന്വയിപ്പിച്ചിരിക്കുന്നു.
കേവലം ഗോവിന്ദനെ ഭജിച്ചു കൊണ്ടിരിയ്‌ക്കാന്‍ മാത്രമല്ല, സഫലമായ ഈശ്വര ഭജനത്തിന് ജ്ഞാനവും വൈരാഗ്യവും ഉണ്ടാകണമെന്നും ആചാര്യര്‍ ഉദ്‌ബോധിപ്പിക്കുന്നു. ഭക്തി ജ്ഞാന വൈരാഗ്യങ്ങളുടെ ഉദ്ദീപനത്തിലൂടെ മുക്തിമാര്‍ഗം കാണിച്ചുകൊടുക്കുകയാണ് ‘ഭജഗോവിന്ദം’.
”ആത്മബോധം, വിവേകചൂഡാമണി, പഞ്ചദശി തുടങ്ങിയ പ്രൗഢങ്ങളായ പ്രകരണഗ്രന്ഥങ്ങളെ അപേക്ഷിച്ച് ലഘുവെങ്കിലും ആത്മസാക്ഷാത്കാരത്തിനുള്ള സാധനയുടെ സമ്പൂര്‍ണ ചിത്രീകരണവും സംസാരദുഃഖത്തിനു ഹേതുവായ അജ്ഞതയുടെ സ്വഭാവ നിരൂപണവും ചുരുങ്ങിയ ശ്ലോകങ്ങളില്‍ കൂടുതല്‍ മികവോടെ ‘ഭജഗോവിന്ദം’ നിര്‍വഹിച്ചിരിക്കുന്നതായി ” സ്വാമിചിന്മയാനന്ദന്‍ രേഖപ്പെടുത്തുന്നു.
(തുടരും)
















