അന്തിച്ചുകപ്പിന്റെ അറ്റം പോലെ അരുണിമയാര്‍ന്ന കാഷായം ധരിച്ച് തേജസ്വിയായ യുവയോഗിമോടിയോടെ അന്തരലങ്കാരം ചാര്‍ത്തിനില്‍ക്കുന്ന ഹാളില്‍ ഇരിക്കുന്നു. നീണ്ട് ദുര്‍മ്മേദസ്സിന്റെ അംശം പോലുമില്ലാത്ത കോമളകായന്, കാളിദാസന് ‘രഘുവംശ’ത്തിലെ’ആകാരസദൃശ പ്രജ്ഞ’എന്നുതുടങ്ങുന്ന ശ്ലോകത്തില്‍ പറഞ്ഞപോലെ ആകൃതിയ്ക്കൊത്ത ബുദ്ധിയും ബുദ്ധിയ്ക്കൊത്ത അറിവും അറിവിനൊത്ത പ്രവൃത്തിയും പ്രവൃത്തിയ്ക്കൊത്ത അഭ്യുദയവുമുള്ളവന്. കാന്തശക്തി വിടര്‍ത്തുന്ന കണ്ണുകള്‍. ഞാന്‍ ആദ്യമായി കാണുമ്പോള്‍ സ്വാമി ചിന്മയാനന്ദന്റെ പ്രകൃതം അങ്ങനെയായിരുന്നു.
ചുറ്റിലും അതിസുന്ദരികളായ കുറേയുവതികള്.എനിക്ക് ചെറുപ്പം. കാഷായ വസ്ത്രത്തോട് ആദരവുണ്ടെങ്കിലും മനസ്സില്‍ കുരുട്ടുചോദ്യങ്ങളുണര്ന്നു. സ്വാമിജിക്ക് ചുറ്റും എന്തിന് ഇത്രയധികം തരുണീ മണികള്‍ എന്നതായിരുന്നു ആ ചോദ്യം. സ്വാമിജി ഇരിയ്ക്കാന്‍ ആംഗ്യരൂപത്തില്‍ നിര്‍ദ്ദേശിച്ചു. ഇരുന്ന് സംഭാഷണങ്ങള്‍ ശ്രദ്ധിച്ചപ്പോഴാണ് അത്ഭുതപ്പെട്ടത്. യുവതികള്‍ ഉപനിഷത്തുക്കളെക്കുറിച്ച് പലതും ചോദിയ്ക്കുന്നു. നചികേതസ്സിനെയും ശ്വേതകേതുവിനെയുംകുറിച്ച്, വേദമതത്തെക്കുറിച്ച്, പുനര്‍ജ്ജന്മത്തെക്കുറിച്ച്, അങ്ങനെ പലതിനേയും കുറിച്ച് ചോദിയ്ക്കുന്നു. സ്വാമിജി ലളിതമായും സ്വതസിദ്ധമായ നര്‍മ്മ പ്രസരത്തോടുംകൂടി ഉത്തരങ്ങള്‍ പറയുന്നു. അക്കാലത്ത് മദിരാശി നഗരത്തില്‍ സ്വാമിജി നടത്തിയിരുന്ന ഗീതാജ്ഞാനയജ്ഞം കേട്ട് ഭാരതീയദര്‍ശനത്തില്‍ ആകൃഷ്ടരായി വന്നവരാണ് ആ യുവതികള്‍ എന്ന് അതോടെ മനസ്സിലായി. പിന്നീടെന്തോ ഒന്നുകൂടി മനസ്സിലായി, ആയുഷ്ക്കാലമത്രയും ഭാരതത്തിനകത്തും പുറത്തും ആയിരക്കണക്കിന് സൗന്ദര്യധാമങ്ങള്‍ സ്വാമിജിക്ക് ചുറ്റുമുണ്ടായിട്ടും സന്യാസംയുക്തമായ സദാചാരത്തില്‍ നിന്ന് അണുപോലും വ്യതിചലിച്ചതായ ആക്ഷേപം അദ്ദേഹത്തെക്കുറിച്ച് ഉണ്ടായിട്ടില്ലെന്ന്.
ഞാന്‍ അന്ന് മദിരാശി ലോ കോളേജില്‍ വിദ്യാര്‍ത്ഥിയായിരുന്നു. മലയാളി അസോസിയേഷന്റെ ഉദ്ഘാടനത്തിന് സ്വാമിജിയെ ക്ഷണിയ്ക്കാനാണ് പോയത്. അദ്ദേഹത്തിന്റെ ഒരു അമ്മാമന് വിവാഹം കഴിച്ചിരുന്നത് ഒറ്റപ്പാലത്ത് ശാഖയുള്ള പിച്ചിരിക്കാട്ട് തറവാട്ടിലായിരുന്നു എന്ന് ആ നാട്ടുകാരനായ ഞാന്‍ കേട്ടിട്ടുണ്ടായിരുന്നു. 1960കളുടെ ആരംഭമാണ് കാലം. ഇംഗ്ലീഷ് പത്രത്തില്‍ സ്വാമിജി മദിരാശി നഗരത്തില്‍ നടത്തുന്ന പ്രഭാഷണപരമ്പരയുടെ റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരുന്നു. മുമ്പ് പറഞ്ഞുകേട്ട സ്വാമിജിയാണതെന്ന് മനസ്സിലായി. അങ്ങനെയാണ് അദ്ദേഹത്തെ ഉദ്ഘാടനത്തിന് ക്ഷണിച്ചത്. സ്വാമിജിവരികയും മനോഹരമായി പ്രസംഗിക്കുകയും ചെയ്തു. യഥാര്‍ത്ഥ ആത്മീയത ഭൗതികനേട്ടങ്ങളെ തള്ളിപ്പറയുന്നില്ലെന്നും ആന്തരികമായ നിസ്സംഗതയാണ് മുഖ്യമെന്നുമായിരുന്നു പ്രമേയം. കേരളം ആത്മീയതയില്‍ നിന്നും മാത്രമല്ല, അതിലുറച്ച ശാസ്ത്രീയവീക്ഷണത്തില്‍ നിന്നുകൂടി അകന്നുപോയിക്കൊണ്ടിരിക്കുന്നു എന്നതായിരുന്നു പ്രഭാഷണത്തിന്റെ കാതല്‍. അരനൂറ്റാണ്ടിലധികം കാലം അതിനു മുമ്പുണ്ടായ ആ വാചികധോരണി ഇപ്പോഴും മനസ്സില്‍ അലയടിക്കുന്നു. അതുകേട്ട ഞാനടക്കമുള്ള പല വിദ്യാര്‍ത്ഥികളും ആ ദിവസം മുതല്‍ സ്വാമിജികളുടെ ജ്ഞാനയജ്ഞത്തിലെ സ്ഥിരം കേള്‍വിക്കാരായി.
സ്വാമിജിയെ പിന്നീടു കാണുന്നത് പതിനഞ്ച് വര്‍ഷങ്ങള്‍ക്കുശേഷമാണ്. മുംബൈയിലെ പൊവ്വൈ എന്ന സ്ഥലത്ത് സ്വാമിജി സ്ഥാപിച്ച മനോഹരമായ സാന്ദീപനി സാധനാലയത്തില്‍ എന്റെ സഹധര്‍മ്മിണിയുടെ സംഗീതക്കച്ചേരിയുണ്ടായിരുന്നു. ആ സമയം ഈയിടെ സമാധിയടഞ്ഞ സ്വാമി ദയാനന്ദസരസ്വതി ചിന്മയാനന്ദ സ്വാമിയുടെ വലംകൈയായി അവിടെയുണ്ടായിരുന്നു. ആശ്രമത്തിന്റെ ഉടമത്വമുള്ള താരാ കള്‍ച്ചറല്‍ ട്രസ്റ്റിനു വേണ്ടി’സ്തോത്രംസ് ആന്‍ഡ് ഭജന്‍സ്’ എന്ന പേരില്‍ ഒരുശബ്ദലേഖനം എന്റെ സഹധര്‍മ്മിണിയുടെ സ്വരത്തില്‍ ചെയ്യാന്‍ ദയാനന്ദസ്വാമി അമര്‍ചിത്രകഥ എന്ന പ്രസിദ്ധീകരണത്തിന്റെ തലവനായ ഹര്ഗോവിന്ദ്മീര് ചന്ദാനിയോട് ആവശ്യപ്പെട്ട് ഗണേശ പഞ്ചരത്നം, ലിംഗാഷ്ടകം, പഞ്ചാക്ഷരസ്തോത്രം, കാശിവിശ്വനാഥ സ്തോത്രം, അന്നപൂര്‍ണ്ണേശ്വരി സ്തോത്രം എന്നിവയും ചില ഭജന്‍സും റിക്കോര്ഡുചെയ്യണമെന്നായിരുന്നു അന്ന് വിദേശത്തായിരുന്ന ചിന്മയാനന്ദ സ്വാമി ഫോണിലൂടെ നിര്‍ദ്ദേശിച്ചത്. പിന്നീട് ചിന്മയാനന്ദജി കോവൈയിലെ ആര്യവൈദ്യ ഫാര്മസിയില്വെച്ച് രാജ്കോട്ടിലെ അമ്മ മഹാറാണിയ്ക്ക് ഒരു പ്രതി നല്‍കികൊണ്ട് ആ ശബ്ദലേഖനം പ്രകാശിപ്പിക്കുകയുണ്ടായി.
ഭാരതീയ സംഗീതത്തിന്റെ മഹത്വത്തെക്കുറിച്ച് ആ സദസ്സില്‍ സ്വാമിജിചെയ്ത ഹ്രസ്വമായ പ്രഭാഷണം അതീവ ഹൃദ്യമായിരുന്നു. ഈ ശബ്ദ ലേഖനം വഴി ഗായികയുടെ ശബ്ദം ലോകത്തില്‍ പല സ്ഥലത്തും മുഴങ്ങുമെന്ന സ്വാമിജിയുടെ അനുഗ്രഹം ഫലവത്തായെന്ന് അമേരിക്ക, ഇംഗ്ലണ്ട്, നൈജീരിയ, മലേഷ്യ എന്നിവിടങ്ങളില്‍ പോയപ്പോള്‍ മനസ്സിലായി. അവിടങ്ങളിലെ ചിന്മയ ആശ്രമങ്ങളില്‍ ഈ ശബ്ദലേഖനം വില്ക്കാന് വെച്ചിരിക്കുന്നത് കണ്ടു. സ്വാമിജി എന്റെ സഹധര്‍മ്മിണിക്കു കരുണാപൂര്‍വ്വം നല്കിയ പുസ്തകങ്ങള്‍ ഇപ്പോഴും സൂക്ഷിക്കുന്നു.
സ്വാമിജിയുടെ എളിമയും മാതൃത്വത്തോടുള്ള ആദരവും നേരിട്ടു കാണാന്‍ അവസരമുണ്ടായി. എഴുപതുകളിലാണെന്നു തോന്നുന്നു. സ്വാമിജി തൃശ്ശൂരില്‍ ഗീതാജ്ഞാനയജ്ഞം നടത്തുകയാണ്. ഞാനും പത്നിയും ദര്‍ശനത്തിനുവേണ്ടി ഒറ്റപ്പാലത്തു നിന്ന് തൃശ്ശൂരിലേക്ക് പോകുന്നുണ്ടെന്നറിഞ്ഞ്, സ്വാമിജിയുടെ അമ്മാമന്റെ പത്നിയും വയോവൃദ്ധയുമായ പിച്ചിരിക്കാട്ട് അമ്മു അമ്മ അവരെയും കൊണ്ടുപോകണമെന്ന് അപേക്ഷിച്ചു. അവര്‍ക്ക് ശാരീരികമായ അവശതയും വെള്ളപ്പാണ്ടുമുണ്ടായിരുന്നു. ഞങ്ങള്‍ അവരെ വീട്ടില്‍ നിന്നും കൂട്ടി കാറില്‍ പുറപ്പെട്ടു. പത്ത് നിമിഷം കൂടുമ്പോള്‍ മൂത്രശങ്ക തീര്‍ക്കേണ്ട സ്ഥിതിയിലായിരുന്നു അവര്‍. അന്ന് വഴിയില്‍ ഇന്നത്തെപ്പോലെ ഹോട്ടലുകളൊന്നുമില്ല. പലവീടുകളിലേയും കുളിമുറികള്‍ ഉപയോഗിച്ച് തൃശ്ശൂരിലെത്തി.
തൃശ്ശൂരിലെ ആശ്രമവും ഓഡിറ്റോറിയവുമൊക്കെ അന്ന് ഉണ്ടായിക്കഴിഞ്ഞിരുന്നു. ലോകത്താകമാനം ചിന്മയ മിഷന് ശാഖകള്‍ വരികയും ചെയ്തിരിക്കുന്നു. സ്വാമിജിക്ക് ലക്ഷക്കണക്കിന് ആരാധകരും ശിഷ്യന്മാരുമായി കഴിഞ്ഞിരുന്നു. ഞങ്ങള്‍ ചെല്ലുമ്പോള്‍ സ്വാമിജി ഹാളിന്റെ ഒരറ്റത്ത് പലരുമായി സംസാരിച്ചിരിക്കുന്നു. വാതിലില്‍ അമ്മു അമ്മയെ കണ്ട മാത്രയില്‍ അതാ അമ്മായി എന്ന് പറഞ്ഞുകൊണ്ട് സ്വാമിജി എഴുന്നേന്നറ്റുവന്നു. എന്നിട്ട് വൃദ്ധയും അവശയുമായ അവരുടെ കാലടികളില്‍ സാഷ്ടാംഗം നമസ്കരിച്ചു. അവരുടെ ഇരു ഭാഗത്തും നിന്ന് അവരെ കൈപിടിച്ച് നടത്തിച്ചിരുന്ന ഞാനും സഹധര്‍മ്മിണിയും അന്തംവിട്ടുപോയി. ലോകമാസകലം ലക്ഷക്കണക്കിന് ആരാധകര്‍ ആരുടെ പാദങ്ങളിലാണോ നമസ്കരിക്കുന്നത്? ആ വിശ്വപ്രസിദ്ധനായ സന്യാസി രോഗാതുരയായ ഒരു സാധാരണ വൃദ്ധയുടെ മുന്നില്‍ വീണ് നമസ്കരിക്കുന്നു. ലോകാരാധ്യനായ സ്വാമിജി വീണ്ടും കൊച്ചുകുട്ടിയാകുന്നു. അഹൈതുകമായ ആ ഹൃദയാലുത്വം കൊണ്ടുകൂടിയാണ് സമാധിയായിട്ടും ഈ രൂപം ഇന്നും ജനമനസ്സുകളില്‍ ജ്വലിച്ചുനില്ക്കുന്നത്.
തൃപ്രയാര്‍ ശിവയോഗിനി അമ്മ എന്ന പേരിലറിയപ്പെട്ടിരുന്ന യോഗിനി ജീവന് മുക്ത എന്ന സ്ഥിതിയിലെത്തിയിരുന്നു എന്ന് പലരും വിശ്വസിച്ചു. കൗമാരപ്രായത്തില്‍ത്തന്നെ ശ്വാസനാളത്തില്‍ അര്‍ബുദം പിടിപെട്ട അവര്‍ വൈദ്യന്മാരെ ആശ്രയിക്കുന്നതിനു പകരം ശിവസ്വരൂപത്തെ സദാസമയം മന്ത്രസഹിതം ധ്യാനിക്കുകയാണ് ചെയ്തത്. ദീര്‍ഘമായ സമാധികളായിരുന്നു ഫലം. ഒടുവില്‍ ഒരു ദിവസം ഒരുവലിയ മാംസപിണ്ഡം ഛര്‍ദ്ദിച്ചുകൊണ്ട് അവര്‍ രോഗവിമുക്തയായി . പിന്നീട് പല വര്‍ഷക്കാലം വായുഭക്ഷണം മാത്രമായി തൃശ്ശൂരിനടുത്ത് പറപ്പൂരിലെ പര്‍ണ്ണശാലയില്‍ സദാ ആനന്ദഭരിതയായി അവര്‍ ജീവിക്കുകയും ശിഷ്യര്‍ക്ക് തത്വോപദേശം നല്കുകയുമുണ്ടായി. ചിന്മയാനന്ദ സ്വാമികളെക്കുറിച്ച് അവര്‍ പറഞ്ഞ കഥ ഓര്‍മ്മ വരികയാണ്.
അമ്മയുടെ രോഗകാലത്തും സാധനാകാലത്തും അവര്‍ ഒരുഗുരുവിനെ അതിയായി ആഗ്രഹിച്ചിരുന്നു. തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ സ്വാമിജി വരുന്നുണ്ടെന്ന് ആരോ പറഞ്ഞ് അമ്മ അറിഞ്ഞു. ചിലരുടെ സഹായത്തോടെ അമ്മ ക്ഷേത്രത്തിലെത്തി. നടക്കാന്‍ വയ്യായിരുന്നു. പ്രദക്ഷിണവഴിയിലൂടെ ആരാധകര്‍ക്കൊപ്പം നടക്കുന്ന സ്വാമിജിക്ക് മുന്നില്‍ നുഴഞ്ഞു നീങ്ങിയാണത്രെ എത്തിയത്. പിടിച്ചെഴുന്നേല്‍പ്പിച്ച് രോഗിയായ ആ കുമാരിയെ സ്വാമിജിതലയില് കൈവെച്ചനുഗ്രഹിച്ചു. അന്നു മുതല്‍ സ്വാമിജി ആ യുവസാധികയുടെ മാനസ ഗുരുവായി. വര്‍ഷങ്ങള്‍ക്കുശേഷം പറപ്പൂരില്‍ ആത്മസാക്ഷാത്കാരം സിദ്ധിച്ച ഒരുയോഗിനിയുണ്ടെന്നറിഞ്ഞ് സ്വാമിജി അവരുടെ കുടിലിലെത്തി. യോഗിനി അമ്മ ആ പഴയദര്ശനത്തെക്കുറിച്ച് സ്വാമിജിയോട് പറഞ്ഞു. എന്റെ ശിഷ്യയാണല്ലോ, ഞാന്‍ ശിഷ്യരുടെ പാദദാസനാണെന്ന് പറഞ്ഞ് സ്വാമിജി അമ്മയെ നമസ്കരിക്കുകയും ആശ്ലേഷിക്കുകയും ചെയ്തുവത്രേ.
ഭാരതീയദര്‍ശനങ്ങള്‍ അവരെക്കുറിച്ച് നിരക്ഷരരായ ലക്ഷക്കണക്കിന് ഹിന്ദുക്കളിലെത്തിക്കുവാന് വേണ്ടി അവതരിച്ച ഒരു ഋഷി പ്രതിഭാസത്തിന്റെ ശതാബ്ദിവേളയില്‍ ആ സംസ്കാരത്തെ നശിപ്പിക്കുവാന്‍ നിരന്തരം പ്രവര്‍ത്തിക്കുന്ന ക്ഷുദ്രശക്തികള്ക്കെതിരായി ശക്തമായി പ്രതികരിക്കുവാന്‍ നാം തയ്യാറാവേണ്ടതാണ്. അതിന് കൂടിവേണ്ടിയാണ് സ്വാമിജി വിശ്വഹിന്ദുപരിഷത്ത് പോലുള്ള പ്രസ്ഥാനങ്ങള്‍ക്ക് ബീജാവാപം ചെയ്തത്. ചിദഗ്നിയില്‍ നിന്ന് ഉത്ഭവിച്ച ചിന്മയ രൂപം ഇന്നും അനേകം ജനങ്ങളെ ആര്ഷധര്മ്മത്തിലേക്ക് തിരിച്ചു വിളിച്ചു കൊണ്ടിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: