ചേര്‍ത്തല: ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ കണക്ഷന്‍ നല്‍കുന്നത് നിര്‍ത്തിവച്ചു. പദ്ധതി അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് ആക്ഷേപം. ജലക്ഷാമത്തിന്റെ പേരിലാണ് ജലഅതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.
അസംസ്‌കൃത ജലലഭ്യത കുറഞ്ഞുവെന്ന പേരിലാണ് പുതുതായി കണക്ഷന്‍ നല്‍കുന്നത് ഇനിയൊരറിയിപ്പ് ഉണ്ടാകും വരെ നിര്‍ത്താന്‍ ഉത്തരവായത്. ഇതോടെ പണമടച്ച് കാത്തിരിക്കുന്നവര്‍ക്ക് ഉടനെയൊന്നും കണക്ഷന്‍ ലഭിക്കില്ലെന്ന സ്ഥിതിയായി.
പദ്ധതി പ്രകാരം ജലവിതരണമുള്ളതിനാലാണ് താലൂക്കില്‍ ശുദ്ധജലക്ഷാമം ഏറെ രൂക്ഷമാകാതിരുന്നത്. ഇതിന്റെ പേരില്‍ റവന്യുവകുപ്പ് വാഹനങ്ങളില്‍ ജലവിതരണം നടത്തുന്നതും വെട്ടിക്കുറച്ചിരുന്നു.
2011 ല്‍ കമ്മീഷന്‍ ചെയ്ത പദ്ധതിയിലൂടെ അരലക്ഷം കണക്ഷനുകള്‍ നല്‍കാനാണ് ലക്ഷ്യമിട്ടിരുന്നത്. അഞ്ച് വര്‍ഷം പിന്നിടുമ്പോഴും 75 ശതമാനം കണക്ഷനാണ് നല്‍കാനായത്. നൂറുകണക്കിനാളുകള്‍ ഇനിയും കണക്ഷന് പണമടച്ച് കാത്തിരിപ്പാണ്. ഈ സാഹചര്യത്തില്‍ കണക്ഷന്‍ നല്‍കുന്നത് നിര്‍ത്തിവച്ചത് നാട്ടുകാര്‍ക്ക് തിരിച്ചടിയായി.
ജലസ്രോതസുകള്‍ വറ്റിവരതിനാല്‍ വിവിധഭാഗങ്ങളില്‍ ശുദ്ധജലക്ഷാമം അതിരൂക്ഷമായി. കുഴല്‍ക്കിണറുകളില്‍ നിന്നുപോലും വെള്ളം കിട്ടാത്തതിനാല്‍ വാഹനങ്ങളില്‍ വെള്ളം എത്തിക്കുന്നതിന് നടപടിയുണ്ടാകണമെന്ന്് പല പഞ്ചായത്ത് ഭരണാധികാരികളും നിരന്തരം ആവശ്യപ്പെട്ടുവെങ്കിലും ജില്ലാ ഭരണകൂടം അനുകൂല നടപടി സ്വീകരിച്ചിട്ടില്ല.
ജപ്പാന്‍ കുടിവെള്ള പദ്ധതിയുള്ളതിനാല്‍ അധികമായി വാഹനങ്ങള്‍ ഏര്‍പ്പെടുത്താനാവില്ലെന്നാണ് അധികൃതരുടെ നിലപാട്. പുതിയ കണക്ഷനുകള്‍ നല്‍കേന്ന് ഉത്തരവ് അടിയന്തരമായി പിന്‍വലിച്ച് ജലവിതരണം കാര്യക്ഷമമാക്കണമെന്ന ആവശ്യം ശക്തമായി.
















