ആലപ്പുഴ: ഭരണ പ്രതിപക്ഷങ്ങള്‍ ഒത്തുകളിച്ചു, തോട്ടപ്പളളി സ്പില്‍വേയ്‌ക്കായി എത്തിച്ച ഷട്ടറുകള്‍പെരുവഴിയില്‍. കഴിഞ്ഞ മൂന്നു വര്‍ഷമായി ഇരുപതോളം ഷട്ടറുകള്‍ പെരുവഴിയില്‍ ഉപേക്ഷിച്ച നിലയിലാണ്. സ്വാമിനാഥന്‍ കമ്മീഷന്റെ പദ്ധതിപ്രകാരം 24 കോടിയോളം രൂപയാണ് സ്പില്‍വേയുടെ പഴയ ഷട്ടറുകള്‍ മാറ്റി പുതിയത് സ്ഥാപിക്കാന്‍ അനുവദിച്ചത്. എന്നാല്‍ ഷട്ടര്‍ എത്തി മൂന്നുവര്‍ഷം കഴിഞ്ഞിട്ടും പണി ആരംഭിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ല. ഒരു ഷട്ടറിന് 75ലക്ഷം രൂപയോളം വിലവരും. പൂര്‍ണമായും സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഷട്ടറുകളാണ് എത്തിച്ചതെന്ന് ഉദ്യോഗസ്ഥരും അവകാശപ്പെടുന്നു. എന്നാല്‍ ഇവ ഇന്ന് തുരുമ്പെടുത്തു നശിക്കുകയാണ്. സ്പില്‍വേ പാലത്തിനു സമീപത്തായാണ് ഇവയിലേറെയും കിടക്കുന്നത്. ഉപ്പുവെള്ളം കയറി കുട്ടനാട്ടിലെ വിളവു നശിക്കാതിരിക്കാന്‍ നിലവിലെ ദ്രവിച്ച ഷട്ടറുകള്‍ മാറ്റണമെന്നാണ് സ്വാമിനാഥന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഇന്നുവരെ ഇതിന്റെ പണി ആരംഭിക്കാന്‍ അധികൃതര്‍ തയ്യാറാകിതിരിക്കുന്നത് കര്‍ഷകരോടുള്ള ദ്രോഹമാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. എന്തിനും ഏതിനും പ്രതികരിക്കുകയും നാട്ടില്‍ വികസനം എത്തിഎന്ന് അവകാശപ്പെടുകയും ചെയ്യുന്ന എംഎല്‍എയും പാര്‍ട്ടിക്കാരും ഇതിനെതിരെ പ്രതികരിക്കാതിരിക്കുന്നത് കോണ്‍ഗ്രസുമായുള്ള ഒത്തുകളിയാണെന്ന് കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നു.
















