ചേര്‍ത്തല: കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ വാഹനത്തിന്റെ ചക്രം തറവിരിയില് കുരുങ്ങി, പത്ത് മിനിട്ടോളം മന്ത്രി കുടുങ്ങി. ചേര്‍ത്തല ബിഷപ്മൂര്‍ സ്കൂള്‍ ഗ്രൗണ്ടില്‍ ഇന്നലെ നടന്ന എന്‍ഡിഎ പ്രചാരണസമ്മേളന സ്ഥലത്തു നിന്നു മടങ്ങുമ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങിന്റെ വാഹനമാണ് തറവിരിയില് കുടുങ്ങിയത്. ഗ്രൗണ്ടിന്റെ പ്രവേശനകവാടത്തില്‍ തറയില്‍ വിരിച്ചിരുന്ന കയറിന്റെ പായയാണ് മന്ത്രി സഞ്ചരിച്ച വാഹനത്തിന്റെ ചക്രത്തില്‍ കുരുങ്ങിയത്. ഏറെ നേരം ശ്രമിച്ചിട്ടും ഇത് നീക്കാനാവാതെ വന്നതോടെ മന്ത്രി മറ്റൊരു വാഹനത്തിലാണ് യാത്ര തുടര്‍ന്നത്. മന്ത്രിയുടെ വാഹനത്തിന് സൗകര്യമൊരുക്കുന്നതിന് ദേശീയപാതയിലെ ഗതാഗതം തടസപ്പെടുത്തിയിരുന്നു.
















