വൈക്കം: നവീകരണത്തിന്റെ ഭാഗമായി അന്ധകാരതോടില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ അഴിമതിയുള്ളതായി ആക്ഷേപം. തോട്ടിലെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് സംരക്ഷണ ഭിത്തി തീര്‍ത്ത് നവീകരിക്കുന്നതാണ് പദ്ധതി. നബാടിന്റെ സഹായത്തോടെ കെഎല്‍ഡിസിയാണ് നിര്‍മ്മാണപ്രവര്‍ത്തനം നടത്തുന്നത്. രണ്ടുകോടി അറുപത്തിമൂന്ന് ലക്ഷം രൂപയാണ് ഇതിന് അനുവദിച്ചിരിക്കുന്നത്. കാലാക്കല്‍ ഭാഗം മുതല്‍ ആശ്രമം സ്‌കൂളിന് സമീപം വരെ പൂണ്ണമായും കോണ്‍ക്രിറ്റ് ചെയ്യുന്നതാണ് പദ്ധതി. തോടിന്റെ ഇരുവശങ്ങളും അടിഭാഗവും കോണ്‍ക്രീറ്റ് ചെയ്യുന്ന ജോലികള്‍ പുരോഗമിച്ച് വരുകയാണ്. വശങ്ങളില്‍ വളരെ കനംകുറച്ചാണ് കോണ്‍ക്രീറ്റ് ചെയ്തിട്ടുള്ളത്. കോണ്‍ക്രീറ്റിംഗിനായി ഉപയോഗിച്ചിട്ടുള്ള മിശ്രിതത്തില്‍ സിമിന്റിന്റെ അളവും കുറവാണെന്നാണ് പരാതി. സിമിന്റിന്റെ അളവ് കുറച്ച് കനംകുറഞ്ഞ രീതിയില്‍ വാര്‍ക്കുന്ന സംരക്ഷണ ഭിത്തികള്‍ വെള്ളത്തിന്റെ ശക്തമായ കുത്തൊഴുക്കില്‍ ഇടിഞ്ഞുപോകാന്‍ സാധ്യത ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. കരാറുകാരനും ഉദ്യോഗസ്ഥരും തമ്മിലുള്ള രഹസ്യധാരണയിലാണ് ഗുണനിലവാരം കുറഞ്ഞ രീതിയില്‍ നിര്‍മ്മാണം നടത്തുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കനംകുറച്ച് വശങ്ങളില്‍ വാര്‍ത്തിട്ടുള്ള വളഞ്ഞുപുളഞ്ഞ സംരക്ഷണ ഭിത്തിയില്‍ വാര്‍ക്കയ്‌ക്ക് ഉപയോഗിച്ച കമ്പികള്‍ പുറത്തുകാണാന്‍ കഴിയുന്നുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. പുറത്തേക്ക് തള്ളിനില്‍ക്കുന്ന കമ്പികള്‍ വെള്ളം ഒഴുകി തുടങ്ങുമ്പോള്‍ തുരുമ്പെടുത്ത് പോകാനും സാധ്യതയുണ്ട്. തോടിന്റെ അടിഭാഗം കോണ്‍ക്രീറ്റ് ചെയ്തിരിക്കുന്നതിനാല്‍ ഭൂമിക്കടയിലേക്ക് വെള്ളം താഴാനുള്ള സാധ്യതയും ഇല്ലാതായി. വെള്ളത്തിന്റെ ഒഴുക്ക് ക്രമാതീതമാകുമ്പോള്‍ തോട് കരകവിഞ്ഞ് ഒഴുകാനും ഇടയാകും. നിറഞ്ഞൊഴുകുന്ന തോട്ടിലെ മാലിന്യം സമീപ പുരയിടങ്ങലിലും വീടുകളിലേക്കും ഒഴുകിയെത്താനും ഇത് കാരണമാകും. കഴിഞ്ഞ ദിവസം ചെറിയതോതില്‍ പെയ്ത മഴയില്‍ തോടില്‍ വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥിതിയുണ്ടായി. നഗര ഹൃദയത്തിലൂടെ കടന്നുപോകുന്ന തോട് വേമ്പനാട്ട് കായലിലാണ് പതിക്കുന്നത്. അശാസ്ത്രിയമായ നീര്‍മ്മാണം നടക്കുന്നതിനാല്‍ മഴക്കാലം ആരംഭിക്കുന്നതോടുകൂടി വിവിധ പ്രദേശത്തുകൂടി അന്തകാരതോട്ടില്‍ പതിക്കുന്ന വെള്ളം കരകവിഞ്ഞ് ഒഴുകാന്‍ സാധ്യതയേറെയാണ്.
















