ആലപ്പുഴ: തെരഞ്ഞെടുപ്പു ചട്ടങ്ങളും മര്യാദകളും എല്ലാ അതിര്‍വരമ്പുകളും ലംഘിച്ച് എല്‍ഡിഎഫ് അമ്പലപ്പുഴ നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി ജി. സുധാകരന്റെ പ്രചാരണം. മുസ്ലീം, ക്രിസ്ത്യന്‍ വര്‍ഗ്ഗീയ വികാരം ഇളക്കിവിട്ട് നാട്ടില്‍ കലാപമുണ്ടാക്കാനുള്ള ആസൂത്രിത നീക്കമാണ് സുധാകരന്‍ നടത്തുന്നത്. മതസൗഹാര്‍ദ്ദം നിലനില്‍ക്കുന്ന അമ്പലപ്പുഴയില്‍ വര്‍ഗ്ഗീയ കലാപം ഇളക്കിവിട്ട് മുതലെടുക്കുകയെന്ന നാലംകിട രാഷ്‌ട്രീയമാണ് സുധാകരന്‍ പയറ്റുന്നത്.
ബിജെപി ശക്തിപ്പെട്ടാല്‍ കലാപം ഉണ്ടാകും. അവര്‍ ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും അക്രമിക്കും. സുധാകരന്റെ പ്രസംഗങ്ങള്‍ ഇങ്ങനെ പോകുന്നു. ബിജെപിക്ക് കൊടുക്കുന്ന ഓരോ വോട്ടും കലാപത്തിനുള്ളതാണെന്നും സുധാകരന്‍ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്നു.
വികസനം പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കാന്‍ കഴിയാത്ത തിനാലാണ് സുധാകരന്‍ ഇത്തരം വര്‍ഗ്ഗീയ ജല്‍പനങ്ങള്‍ നടത്തുന്നതെന്ന് ആക്ഷേപമുയരുന്നു.
അഹങ്കാരവും ധാര്‍ഷ്ട്യവും നിറഞ്ഞ സുധാകരന്റെ അവഹേളനത്തിനിരയായി പാര്‍ട്ടിയില്‍നിന്ന് രക്ഷപ്പെട്ട വനിതാ സഖാക്കള്‍ പോലുമുണ്ട്. ജനകീയ വിഷയങ്ങള്‍ക്കൊന്നും തന്നെ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലയളവില്‍ ഒരു പരിഹാരവും കാണാന്‍കഴിയാതിരുന്ന സുധാകരന്‍ വിമര്‍ശകരെ അവഹേളിച്ച് ഭയപ്പെടുത്തുകയാണ്.
തന്റെ തനിനിറം മുന്‍ സഖാക്കള്‍ തന്നെ വെളിച്ചത്തുകൊണ്ടുവന്ന സാഹചര്യത്തില്‍ നാട്ടില്‍ കലാപം സൃഷ്ടിച്ച് മുതലെടുപ്പ് നടത്താനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ശ്രമിക്കുന്നത്. ബിജെപിക്കെതിരെ കുപ്രചാരണം അഴിച്ചുവിട്ടും വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന സുധാകരനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കണമെന്നും ക്രിമിനല്‍ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നും ആവശ്യമുയരുന്നു.
















