കുട്ടനാട്: കുടിവെള്ളം പോലുമില്ലാതെ വലയുന്ന കുട്ടനാട്ടുകാര്‍ക്ക് ഇരുട്ടടിയായി വൈദ്യുതി മുടക്കവും പതിവായി. കൊടുംചൂടില്‍ ജനം നട്ടംതിരിയുമ്പോള്‍ കുട്ടനാട്ടില്‍ കെഎസ്ഇബിയുടെ അപ്രഖ്യാപിത പവര്‍കട്ട് തുടരുന്നു.
ജനരോക്ഷം ശക്തം. അറ്റകുറ്റപ്പണികള്‍ക്കെന്ന പേരിലാണ് പുളിങ്കുന്ന്, കാവാലം, കൈനകരി, നെടുമുടി, മങ്കൊമ്പ്, വടക്കന്‍ വെളിയനാട്, ചേന്നങ്കരി, കുട്ടമംഗലം, സി.ബ്ലോക്ക്, ആറുപങ്ക് തുടങ്ങിയ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് അഞ്ചുവരെ വൈദ്യുതി വിതരണം തടഞ്ഞത്.
എന്നാല്‍ കാര്യമായി എവിടെയും അറ്റകുറ്റപ്പണികള്‍ നടന്നില്ലെന്നും അപ്രഖ്യാപിത പവര്‍കട്ടാണ് നടന്നതെന്നുമാണ് ജനങ്ങളുടെ പരാതി. കൃഷിക്കൊരുങ്ങുന്ന പാടങ്ങളിലെ കര്‍ഷകരേയും വൈദ്യുതി ഇല്ലാത്തത് പ്രതികൂലമായി ബാധിച്ചു. പമ്പിങ് മുടങ്ങുന്നതാണ് കര്‍ഷകരെ വലയ്‌ക്കുന്നത്. കൊടുംതാപമുണ്ടാകുമെന്നതിനാല്‍ പകല്‍ വെയിലത്ത് ഇറങ്ങരുതെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നത്.
എന്നാല്‍ കുട്ടനാട്ടില്‍ വൈദ്യുതിയില്ലാത്തതിനാല്‍ ജനങ്ങള്‍ക്ക് വീടുകള്‍ക്കുള്ളില്‍ ഇരിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. കൊടുംവരള്‍ച്ചയില്‍ ശുദ്ധജലത്തിനായി കുട്ടനാട് കേഴുകയാണ്. തണ്ണീര്‍മുക്കം ബണ്ട് ഷട്ടറുകള്‍ തുറന്നതോടെ താലൂക്കിലെ ജലാശയങ്ങളിലെല്ലാം ഉപ്പുവെള്ളം നിറഞ്ഞിരിക്കുകയാണ്.
ഇതോടെ ശുദ്ധജലത്തിനായി ജനം നെട്ടോട്ടമോടുകയാണ്. കോട്ടയം ജില്ലയിലെ കുറിച്ചി, മലകുന്നം, തുരുത്തി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് വെള്ളംകൊണ്ടുവന്ന് വില്‍ക്കുന്ന സംഘങ്ങളുടെ എണ്ണം കുറഞ്ഞുവരികയാണ്. കിണറുകള്‍ വറ്റുന്നതിനാല്‍ വെള്ളത്തിന്റെ ലഭ്യത കുറഞ്ഞതാണ് ഇതിന് കാരണം. പണംമുടക്കിയാലും കുടിവെള്ളം ലഭിക്കുന്നില്ലെന്ന് ജനങ്ങള്‍ പറയുന്നു. കിയോസ്‌ക്കുകള്‍ വഴിയുള്ള ജലവിതരണവും ഭാഗികമായേ നടപ്പായിട്ടുള്ളൂ.
ജലാശയങ്ങളില്‍ ഉപ്പുവെളളമായതിനാല്‍ കുട്ടനാട്ടില്‍ ചൂടിന്റെ അളവ് കൂടുതലാണ്. ഉപ്പുവെളളത്തില്‍ കുളിക്കുന്നവര്‍ക്ക് വെയിലേല്‍ക്കുമ്പോള്‍ പൊള്ളലിന് സമാനമായ വേദന അനുഭവപ്പെടുന്നതായും പരാതി ഉയരുന്നു.
















