കല്‍പ്പറ്റ : വനിതാ ശാക്തീകരണം എന്ന ലക്ഷ്യവുമായി ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ എട്ട് ബൂത്തുകളില്‍ ജീവനക്കാര്‍ വനിതകള്‍ മാത്രം. നഗര പ്രദേശങ്ങളിലെ പോളിങ്ങ് ബൂത്തുകളാണ് ഇതിനായി തെരഞ്ഞെടുത്തിട്ടുള്ളത്. മാനന്തവാടി മണ്ഡലത്തിലെ 52, 55, 81 നമ്പര്‍ ബൂത്തുകള്‍, കല്‍പ്പറ്റ മണ്ഡലത്തിലെ 64, 68 നമ്പര്‍ ബൂത്തുകള്‍, സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തിലെ 94, 98, 102 നമ്പര്‍ ബൂത്തുകള്‍ എന്നിവയാകും വനിതാ ബൂത്തുകള്‍. ഇവിടങ്ങളില്‍ സുരക്ഷ കണക്കിലെടുത്ത് വനിതാ പോലീസിനോടൊപ്പം ഒരു പുരുഷ പോലീസിനെയും നിയമിക്കണമെന്ന് തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാര്‍ അറിയിച്ചു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പോളിങ്ങ് ശതമാനം കുറഞ്ഞ 47 ബൂത്തുകള്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി മാതൃകാ ബൂത്തുകളാക്കി സജ്ജീകരിക്കും. ഈ ബൂത്തുകളില്‍ വോട്ട് ചെയ്യാനെത്തുന്നവര്‍ക്കെല്ലാം രണ്ട് വീതം വൃക്ഷത്തൈകള്‍ ‘ഓര്‍മ്മമരം’ പദ്ധതിയുടെ ഭാഗമായി നല്‍കും. മറ്റു മുഴുവന്‍ ബൂത്തുകളിലും കന്നി വോട്ടര്‍മാര്‍, ശാരീരീക വെല്ലുവിളി നേരിടുന്നവര്‍, മുതിര്‍ന്ന പൗരന്മാര് എന്നിവര്‍ക്കും ‘ഓര്‍മ്മമരം’ പദ്ധതിയില്‍ വൃക്ഷത്തൈ നല്‍കും. അസൗകര്യങ്ങളുള്ളതായി കണ്ടെത്തിയ കല്‍പ്പറ്റയിലെ നാലും സുല്‍ത്താന്‍ ബത്തേരിയിലെ രണ്ടുമടക്കം ആറ് ബൂത്തുകള്‍ അതേ സ്ഥലങ്ങളിലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയതായും കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: