ന്യൂദല്‍ഹി : അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതി കേസില്‍ മുന്‍ വ്യോമസേന മേധാവി എസ്.പി.ത്യാഗിയെ സിബിഐ ചോദ്യം ചെയ്തു. അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡിനു കരാര്‍ ലഭിക്കുന്നതിനു ത്യാഗി അനധികൃതമായി ഇടപെട്ടുവെന്ന ആരോപണത്തെത്തുടര്‍ന്നാണു ത്യാഗിയില്‍ നിന്നു സിബിഐ വിവരങ്ങള്‍ തേടിയത്.
ത്യാഗിയുടെ മൂന്നു സഹോദരന്മാരും സിബിഐക്കു മുന്നില്‍ ഹാജരായി. ഇന്നു ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ത്യാഗിക്കു സിബിഐ സമന്‍സ് നല്‍കിയിരുന്നു. ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട കരാറില്‍ ത്യാഗി സ്വാധീനം ചെയുത്തി മാറ്റങ്ങള്‍ വരുത്തിയെന്നാണ് ആരോപണം. മുന്‍ ഐഎഎഫ് ഡെപ്യൂട്ടി ചീഫ് ജെ.എസ്.ഗുജ്റാളിനെ സിബിഐ ശനിയാഴ്ച കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു.
ബുധനാഴ്ച കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ പാര്‍ലമെന്‍റില്‍ അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഇടപാടിനെ കുറിച്ച് സംസാരിക്കും. കേസിന്റെ നാള്‍വഴികള്‍ ഉള്‍പ്പെടെ മന്ത്രിയുടെ പ്രസംഗത്തില്‍ ഉള്‍പ്പെടും. വിവിഐപികള്‍ക്കു സഞ്ചരിക്കാനുള്ള 12 അത്യാധുനിക ഹെലികോപ്ടര്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് വന്‍ അഴിമതി നടന്നുവെന്നാണ് കേസ്.
13 പേരെ പ്രതിചേര്‍ത്താണ് സിബിഐ 2013 മാര്‍ച്ച് 13ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. 12 ഹെലികോപ്റ്ററുകള്‍ ഭാരതത്തിന് വില്‍ക്കാനുള്ള ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇറ്റലിയന്‍ സര്‍ക്കാര്‍ കമ്പനി ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തതോടെയാണ് അഴിമതി കഥകള്‍ പുറത്തു വരുന്നത്.
















