ആലപ്പുഴ: ഇടതുവലതു മുന്നണി സര്‍ക്കാരുകളുടെ നയവൈകല്യങ്ങള്‍ സംസ്ഥാനത്തെ പരമ്പരാഗത വ്യവസായങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട കയര്‍വ്യവസായത്തെ തകര്‍ത്തു. തകര്‍ച്ച ഏറ്റവും കൂടുതല്‍ ബാധിച്ചത് ഈഴവ സമുദായത്തെ. കള്ള്, കയര്‍, കശുവണ്ടി തുടങ്ങിയ പരമ്പരാഗതമേഖലകളില്‍ തൊഴിലെടുക്കുന്നതില്‍ ബഹുഭൂരിപക്ഷവും ഈഴവ സമുദായത്തില്‍പ്പെട്ടവരാണ്. ഈ മേഖലകളുടെ തകര്‍ച്ചയ്ക്ക് പങ്കു വഹിച്ചവരില്‍ പ്രധാന സ്ഥാനം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കുണ്ട്. കേരളത്തില്‍ തൊഴിലാളി പ്രസ്ഥാനം ആദ്യമായി രൂപം കൊണ്ടത് ആലപ്പുഴയിലെ കയര്‍ മേഖലയിലായിരുന്നു.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ കേരളത്തില്‍ വേരുറപ്പിച്ചതും ഈ മേഖലകളില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ അദ്ധ്വാനത്തെ ചൂഷണം ചെയ്താണ്. എന്നാല്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ ഉള്‍പ്പെടെ ഈ പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കാന്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നതാണ് ദുരവസ്ഥ. ഇടതു തൊഴിലാളി യൂണിയനുകളും ഈ തൊഴില്‍ മേഖലകളെ കറവപശുക്കളായി മാത്രമാണ് എക്കാലത്തും കണ്ടിട്ടുള്ളത്. കയര്‍വ്യവസായം ഇന്ന് ഏറ്റവും വലിയ പ്രതിസന്ധിയെയാണ് നേരിടുന്നത്. രണ്ട് പതിറ്റാണ്ടുകള്‍ക്കപ്പുറം ഉല്പാദനത്തിന്റെ 90ശതമാനവും കേരളത്തിനായിരുന്നു എങ്കില്‍ ഇന്ന് അത് കേവലം 20ശതമാനമായി കുറഞ്ഞു. അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളിലാണ് ഈ വ്യവസായം ഏറെ നിലനില്‍ക്കുന്നത്.
ആലപ്പുഴയുടെ സമ്പത്ത്ഘടനയെ തന്നെ ഏറെ സ്വാധീനിക്കുന്നതായിരുന്നു ഇവിടുത്തെ കയര്‍വ്യവസായം. പതിനായിരക്കണക്കിന് തൊഴിലാളികള്‍ കയര്‍പിരി, കയര്‍ഉല്‍പന്ന, കയര്‍വിതരണ മേഖലകളിലായി തൊഴില്‍ ചെയ്തിരുന്നു എങ്കില്‍ ഇന്ന് അത് പേരിന് മാത്രമായി. കയര്‍പിരി മേഖലയിലേയും, ഉല്‍പന്നമേഖലയിലേയും തൊഴിലാളികള്‍ മെച്ചപ്പെട്ട സേവനവ്യവസ്ഥകള്‍ ഇല്ലാതായതോടെ ഈ രംഗത്തുനിന്ന് പിന്മാറുകയാണ്. ബഹുഭൂരിപക്ഷവും നിര്‍മ്മാണ മേഖലയിലേക്ക് ചേക്കേറിക്കഴിഞ്ഞു.
ആരോഗ്യകരമല്ലാത്ത തൊഴിലാളി-മുതലാളി ബന്ധവും ആശ്വാസമല്ലാത്ത വ്യാവസായികാന്തരീക്ഷവും രാഷ്ട്രീയ സംസ്കാരവും കാരണം ഈ വ്യവസായം അയല്‍ സംസ്ഥാനങ്ങളിലേക്ക് കുടിയേറുകയാണ്. അവിടങ്ങളിലെ അനുകൂലമായ വ്യവസായ അന്തരീക്ഷവും ഭിന്നമായ തൊഴില്‍ സംസ്ക്കാരവും, വികസനോന്മുഖമായ രാഷ്ട്രീയസംസ്ക്കാരവുമാണ് ഇതിന് കാരണം. ഓരോ വര്‍ഷവും കയറ്റുമതിയില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടാകുന്നതായി കണക്കുകകള്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും അതിന്റെ ഗുണം തൊഴിലാളികള്‍ക്കോ, ചെറുകിട ഉത്പാദകര്‍ക്കോ ലഭിക്കുന്നില്ല. റബ്ബര്‍ മേഖലയിലെ ചെറിയ സംഭവങ്ങള്‍ക്ക് പോലും വന്‍ വാര്‍ത്താപ്രാധാന്യം ലഭിക്കുമ്പോള്‍ കയര്‍ മേഖല തീര്‍ത്തും അവഗണിക്കപ്പെടുകയാണ്. സര്‍ക്കാരുകള്‍ കോടിക്കണക്കിന് രൂപ കയര്‍ മേഖലയ്ക്കായി നീക്കിവെക്കുന്നുവെന്ന് അവകാശപ്പെടുമ്പോഴും ഇതിന്റെ ഗുണഫലങ്ങള്‍ കയര്‍ത്തൊഴിലാളികള്‍ക്കും ചെറുകിട കയര്‍ ഫാക്ടറികള്‍ക്കും ലഭിക്കുന്നില്ല.
സര്‍ക്കാരിന്റെ സബ്സിഡി തുക വാങ്ങിയെടുക്കുന്ന സ്വകാര്യ കയര്‍കയറ്റുമതി സ്ഥാപനങ്ങള്‍ പലതും അന്യസംസ്ഥാനങ്ങളിലേക്ക് ചേക്കേറി കഴിഞ്ഞു. പ്രതാപകാലത്ത് നാലുലക്ഷത്തിലേറെ തൊഴിലാളികളാണ് കയര്‍ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഇന്ന് ഇതിന്റെ പത്തിലൊന്നു തൊഴിലാളികള്‍ പോലും പ്രവര്‍ത്തിക്കുന്നില്ല. ന്യായമായ കൂലി ലഭിക്കാത്തതും ഉത്പന്നങ്ങള്‍ക്ക് മതിയായ വില ലഭിക്കാത്തതുമാണ് പ്രധാന പ്രശ്നം. ചകിരി, കയര്‍ തുടങ്ങി അസംസ്കൃത വസ്തുക്കളുടെ ദൗര്‍ലഭ്യവും വില വര്‍ദ്ധനവും പ്രതിസന്ധി സൃഷ്ടിക്കുന്നു. തമിഴ്നാട്ടില്‍ നിന്നാണ് ഇവ ഇന്ന് കൂടുതലായി കേരളത്തിലെത്തുന്നത്.
ചെറുകിട കയര്‍ ഫാക്ടറി ഉടമകളിലും, തൊഴിലാളികളിലും കൂടുതല്‍ ഈഴവ സമുദായത്തില്‍പ്പെട്ടവരാണ്. കള്ളുചെത്ത് മേഖലയ്ക്ക് പുറമെ കയര്‍മേഖലയും പ്രതിസന്ധിയിലായതോടെ തകരുന്നത് ഒരു സമുദായത്തിന്റെ തന്നെ സാമ്പത്തിക ഭദ്രതയാണ്. കള്ള്, കയര്‍ വ്യവസായ തൊഴിലാളികളെ ചൂഷണം ചെയ്ത് വളര്‍ന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ പല തവണ ഭരണം നടത്തിയിട്ടും ഈ തൊഴില്‍ മേഖലകളെ സംരക്ഷിക്കാന്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: