ഫോര്‍ത്ത്എസ്റ്റേറ്റിലെ തൊഴിലാളികളെ സംബന്ധിച്ച് ജീവിതം വലിയൊരു പ്രശ്നം തന്നെയാണ്. മറ്റുള്ള എസ്റ്റേറ്റിലുള്ളവരൊക്കെ ആദരവോടെ, അസൂയയോടെ, മോഹത്തോടെയാണ് ഇത്തരക്കാരെ നോക്കിക്കാണുന്നത്. സര്‍ക്കാര്‍ പരിപാടിയായാലും മറ്റുള്ളവയായാലും മുമ്പില്‍ സ്ഥാനം, ആവശ്യമായ സൗകര്യങ്ങള്‍ തുടങ്ങിയവയൊക്കെ അവര്‍ക്ക് കിട്ടും. അതുകൊണ്ടുതന്നെ മേപ്പടി എസ്റ്റേറ്റ് പണിക്കാര് അത്യാവശ്യം ഗമയോടെ തന്നെ കാര്യങ്ങള്‍ നടത്തിക്കൊണ്ടു പോകുന്നു. ചിലരെ നേതാക്കളാക്കാന്‍, ചിലര്‍ക്ക് ഗമ കൂട്ടാന്‍, റേറ്റ് വര്‍ദ്ധിപ്പിക്കാന്‍, ഇടിച്ചു താഴ്ത്താന്‍, പറ്റെ ഒഴിവാക്കാന്‍ എന്നുവേണ്ട ഏതു മാരണത്തിനും മര്യാദയ്ക്കും ഇത്തരക്കാര്‍ ഉത്സാഹിച്ച് ഇറങ്ങും. ഇതിന്, അതായത് ഈ പണിക്ക് മാധ്യമപ്രവര്‍ത്തനം എന്നൊരു ചെല്ലപ്പേരുമുണ്ട്. നാട്ടുമ്പുറത്ത് പത്രക്കാരന് എന്നാണ് പറയുക. പത്രവും ദൃശ്യനും ഓണ്‍ലൈനും ചേര്‍ന്ന അവിയല്‍ പരുവമാണ് മാധ്യമപ്രവര്‍ത്തനമെങ്കിലും പത്രക്കാരന് എന്നതില്‍ ഇതൊക്കെ ഒതുങ്ങുന്നു.
അത്യാവശ്യം ഗമയും മറ്റുമുള്ള പണിയാണ് ഇതെങ്കിലും ചിലപ്പോള്‍ നല്ല തല്ല് കൊള്ളാനുള്ള യോഗവും ഉണ്ടാവാറുണ്ട്. നേതാവ് ഉരിയാടിയത് അങ്ങനെ തന്നെ കൊടുത്താലും അതിന്റെ സ്വാരസ്യം വിശദീകരിച്ചുകൊടുത്താലും തല്ല് കിട്ടിയേക്കാം. തലോടല്‍ ഉണ്ടാവുന്നില്ല എന്നല്ല, കൂടുതലും തല്ലിനാണ് സാധ്യത. നേരത്തെ കൊമ്പും കുഴലും പടംപിടുത്തവും ഇല്ലാത്ത കാലമായിരുന്നതിനാല്‍ നേതാവിന് വായില്‍ തോന്നിയത് വിളിച്ചു പറയാനും അടുത്ത നിമിഷം ആയത് നിഷേധിക്കാനും സാധിച്ചിരുന്നു. പോകപ്പോകെ ഈ അവസരം കുറഞ്ഞു കുറഞ്ഞു വന്നു. എന്നല്ല തീരെ ഇല്ലാതാവുകയും ചെയ്തു. നേതാവ് പറഞ്ഞതത്രയും ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുക്കുമ്പോള്‍ പത്രക്കാരനെ, അതായത് മാധ്യമ പ്രവര്‍ത്തകനെ സംശയിക്കാന്‍ സാധിക്കില്ലല്ലോ. ഈ മാധ്യമ പ്രവര്‍ത്തനം ഇമ്മാതിരി പല ഏടാകൂടങ്ങളിലൂടെയും കടന്നു പോവുമ്പോള്‍ അതിന് പുതിയൊരു പേരു കൂടി വന്നിരിക്കുന്നു. കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും അടുത്ത മുഖ്യമന്ത്രിക്കായി (നടക്കുമോ എന്ന് ദൈവത്തിനറിയാം) കച്ചകെട്ടിയിറങ്ങുകയും ചെയ്ത മഹാനാണ് നാമകരണം നടത്തിയിരിക്കുന്നത്.
മനസ്സില്‍ ഒരാശ രൂഢമൂലമായിക്കഴിഞ്ഞാല്‍ പിന്നെ അതില്‍ നിന്ന് വ്യതിചലിക്കാനാവില്ല. കേട്ടിട്ടില്ലേ, ”ഒരുത്തനെതന്നെ നിനച്ചിരുന്നാല്‍ കാണുന്നിടത്തൊക്കെയും അവന്താന്” എന്ന്. ഏതാണ്ട് അതുപോലെയാണ്. ഒരിക്കല്‍ ഭുജിച്ച മധുചഷകത്തിന്റെ ഓര്‍മ്മ കുളിരണിയിക്കുമ്പോള്‍ അത് തട്ടിത്തെറിപ്പിക്കാനായി ആളും അര്‍ത്ഥവും ഒരുങ്ങുന്നത് ആരാണ് സഹിക്കുക. പ്രായത്തിന്റെ അവശതകളൊക്കെ മോഹത്തിന്റെ ദ്രാക്ഷാരിഷ്ടമൊഴിച്ച് യൗവനയുക്തമാക്കിവെച്ചത് വെറുതെയല്ലല്ലോ. അത് തട്ടിത്തെറിപ്പിക്കാന്‍ ആരെയും അനുവദിക്കില്ല. അതിന്റെ എത്രയോ അകലെക്കൂടി ഒരു പത്രക്കാരന് പോയത് വലിയ ഷോക്കാണ് ഉണ്ടാക്കിയത്. അതിനുള്ള മരുന്ന് എന്താണ്. ഇതാ ആ തിരുമൊഴി നേരിട്ട് കേട്ടുകൊള്ളുക. ”നിങ്ങളുടെ കൂട്ടുകാരായ മാധ്യമപ്രവര്‍ത്തകര്‍ ചെയ്തത് തെമ്മാടിത്തരമാണ്.
ഞാന്‍ പറയാത്ത കാര്യങ്ങളാണ് എഴുതിയിരിക്കുന്നത്. ഇതിനെ തെമ്മാടിത്തരം എന്ന നിലയില്‍ തന്നെ മനസ്സിലാക്കണം.” അപ്പോള്‍ മാധ്യമപ്രവര്‍ത്തനം എന്നത് വേലിക്കുള്ളിലെ സഖാവിന് തെമ്മാടിത്തരമാണ്. ടിയാന്റെ നേര് നേരത്തെ അറിയിക്കുന്ന പത്രത്തിലെ പ്രവര്‍ത്തനവും ഇങ്ങനെ തന്നെയെന്ന് നമുക്ക് വിശ്വസിക്കാം. കാരണം ഏറെക്കാലമായി ഇതൊക്കെ അണുവിട വിട്ടുപോകാതെ നോക്കിക്കാണുന്നവനാണ്. ഓരോ ദിവസവും പുരോഗതിയില്‍ നിന്ന് പുരോഗതിയിലേക്കു കുതിക്കുന്ന മാധ്യമപ്രവര്‍ത്തനത്തിന് പുതിയൊരു പേരും കിട്ടിയതില്‍ നമുക്ക് ആഹ്ലാദിക്കുക. മറ്റൊരു തെരഞ്ഞെടുപ്പു വേളയിലായിരുന്നു ഒരു പരനാറി പ്രയോഗം ആകാശത്ത് വര്‍ണവിസ്മയം തീര്‍ത്തത്. അതിന്റെ ഫലശ്രുതി എന്തായിരുന്നു എന്നറിഞ്ഞ സ്ഥിതിക്ക് പുതുപ്രയോഗത്തിന്റെ തനിനിറം മെയ് 19നറിയാം.
*********
പരവൂരിലെ വെടിക്കെട്ടപകടത്തിന്റെ ഭീകരത ഇപ്പോഴും അന്തരീക്ഷത്തില്‍ തങ്ങിനില്ക്കുന്നു. അപകടശേഷം കൈമെയ് മറന്ന് രംഗത്തിറങ്ങിയവര്‍, സര്‍ക്കാര്‍-ഔദ്യോഗിക ഏജന്‍സികള്‍, എല്ലാ പ്രോട്ടോക്കോളും മാറ്റിവെച്ച് രംഗത്തെത്തി ആശ്വാസ നടപടികള്‍ക്ക് താങ്ങും തണലും നല്കിയ പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരുടെ ഉള്ളിലൊക്കെ പ്രോജ്വലിക്കുന്നത് മനുഷ്യത്വത്തിന്റെ മഹാസാഗരവികാരമാണ്. എന്നാല്‍ അതൊന്നും ഒന്നുമല്ലെന്ന് പുച്ഛിക്കുകയും മനസ്സിലെ വിഷം തുപ്പാന്‍ അതുമൊരു പഴുതായി കരുതുകയും ചെയ്യുന്നു നമ്മുടെ പാറക്കടവന്.
സംഘപരിവാര്‍ എന്നത് ടിയാനെ സംബന്ധിച്ചിടത്തോളം കലിബാധയാണ്. എവിടെയും തന്റെ വിഷം കളയാന്‍ പാത്തും പതുങ്ങിയും നടക്കും. വെള്ളിമാടുകുന്ന് വാരികയുടെ (ഏപ്രില്‍ 25) ‘തുടക്കം’ പംക്തിയില്‍ ആ വിഷമമത്രയും പാറക്കടവന് ഓക്കാനിച്ചുകൂട്ടിയിരിക്കുന്നു. ദുസ്സഹമായ നാറ്റത്താല്‍ അക്ഷരങ്ങള്‍ അതില്‍ കിടന്ന് ഞെളിപിരികൊള്ളുന്നു. ഏതോ ഒരു ഫെയ്സ്ബുക്ക് വാചകത്തിന്റെ വാല്‍വിഴുങ്ങിയാണ് പാറക്കടവന് ഓക്കാനിക്കുന്നത്. ടിയാന്റെ പുറം ഉഴിഞ്ഞുകൊടുക്കാന്‍ മറ്റൊരു വിദ്വാനും അവസാന പുറത്തില്‍ ‘മീഡിയാ സ്കാനു’മായി നില്‍പ്പുണ്ട്. ഇനി പാറക്കടവന് ഉവാച ഇങ്ങനെ: ”നാട് വിറങ്ങലിച്ചു നില്‍ക്കെ വെടിക്കെട്ടപകടം മതവിദ്വേഷം വിതക്കാനായി ഉപയോഗിക്കുന്ന ചെറുതില്‍ ചെറുതായ ഒരു ന്യൂനപക്ഷമെങ്കിലും ഇവിടെയുണ്ട്. ഇവിടെ നടന്നത് വെടിക്കെട്ടപകടമല്ല, കമ്മ്യൂണിസ്റ്റ്-ജിഹാദികള്‍ നടത്തിയ ഭീകരാക്രമണമാണെന്നാണ് ഓംക്രാന്തി ആര്‍എസ്എസ് എന്ന് ട്വിറ്റര്‍ അക്കൗണ്ടുവഴി സംഘപരിവാര്‍ അനുകൂലികള്‍ വിഷപ്രചാരണം നടത്തിക്കൊണ്ടിരിക്കുന്നത്.” നോക്കുക,
പാറക്കടവന്റെ സ്ഥിരബുദ്ധിയിലേക്ക് വിഷത്തിന്റെ വൈറസുകള്‍ ശവദാഹയാത്ര നടത്തിയതിന്റെ നേര്‍ക്കാഴ്ച. എന്തിലും സംഘപരിവാറിന്റെ നിഴല്‍ കാണുന്ന ഈ ശീലം ജന്മസിദ്ധമാവാന്‍ തരമില്ല. എന്തിന്റെയൊക്കെയോ ചൊരുക്ക് ബാധിച്ചതാവാനാണ് സാധ്യത. ബുദ്ധിജീവിനാട്യത്തിന്റെ ഇരുള്‍പ്പുറങ്ങളില്‍ ഇമ്മാതിരി ഇനിയും കാണാം. നേരത്തെ വിഎസ് സഖാവ് മാധ്യമ പ്രവര്‍ത്തകരെ വിശേഷിപ്പിച്ചത് ശരിക്കും യോജിക്കുക പാറക്കടവനാണ്. കടവന്‍ എഴുതിയെഴുതി അരിശം തീര്‍ക്കട്ടെ. തിണ്ണമിടുക്കിന് സമയ പരിധി നിശ്ചയിച്ചിട്ടില്ലല്ലോ. പാറക്കടവന്റെ ഇലത്താളക്കാരന്‍ ”മീഡിയാ സ്കാനില്‍” നേരിട്ട് സംഘപരിവാറിനെ പറയുന്നില്ലെങ്കിലും ട്വിറ്റര്‍-വാട്സ് ആപ് വഴി പ്രചരിച്ച കാര്യം സൂചിപ്പിക്കുന്നുണ്ട്. ഇരുവരും ഗീബല്‍സിന്റെ കോളേജില്‍ കുറച്ചുകാലം വായില്‍ നോക്കിയിരുന്നുവെന്ന് തോന്നുന്നു.
*********
‘മൂന്ന് മിനിട്ടില്‍ എല്ലാം തീര്‍ന്നു’ എന്ന കവര്‍ക്കഥയുമായി കലാകൗമുദി (ഏപ്രില്‍ 24)യും ‘ഒന്നാം യാമത്തിലെ കമ്പക്കുരുതി’യെന്ന് മലയാളം വാരിക (ഏപ്രില്‍ 18)യും ‘കരിയും വേണ്ട കരിമരുന്നും വേണ്ടെ’ന്ന് കേസരി വാരിക (ഏപ്രില്‍ 22)യും എഴുതുന്നു. നാല് ലേഖനങ്ങളാല്‍ സമൃദ്ധമാണ് കേസരി. അതില്‍ യുക്തിഭദ്രവും ഭാവതീവ്രവും ആദ്ധ്യാത്മിക ശോഭയുമായി മികച്ചുനില്ക്കുന്നത് സ്വാമി ചിദാനന്ദപുരിയുടേതു തന്നെ. നോക്കുക: ”കോടിക്കണക്കിനു രൂപ കത്തിച്ചുകളയുക മാത്രമല്ല അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കുന്ന കാര്‍ബണ്‍ഡൈ ഓക്സൈഡ്, സോഡിയം ഓക്സയിഡ്, ലഡ് ഓക്സയിഡ് തുടങ്ങിയ മാരകമായ വിഷങ്ങള്‍ അന്തരീക്ഷത്തില്‍ കലര്‍ത്തുകയും വന്‍ ശബ്ദങ്ങള്‍ ഉണ്ടാക്കി ശബ്ദമലിനീകരണം സൃഷ്ടിക്കുകയും ചെയ്യുന്ന കരിമരുന്നു പ്രയോഗം നിര്‍ത്തിയേ പറ്റൂ. ഇത്തരം കാര്യങ്ങള്‍ക്ക് പണം തരില്ല എന്നു പറയാന്‍ ജനങ്ങള്‍ തയ്യാറാവണം.” സ്വാമിജിയുടെ ഇടപെടലിന് കൂടുതല്‍ കരുത്തുണ്ടാവാനുള്ള ശ്രമമാണ് വേണ്ടത്. സമൂഹത്തിന്റെ കരുതിവെപ്പിലേക്കുള്ള സ്ഥിരനിക്ഷേപമാണ് ചിദാനന്ദപുരിയുടെ അഭിപ്രായം.
മലയാളം വാരികയും കലാകൗമുദിയും റിപ്പോര്‍ട്ടിങ് ശൈലിയില്‍ ലേഖനങ്ങള്‍ നല്കിയിരിക്കുന്നു. ഒരു സംഭവമുണ്ടാവുമ്പോള്‍ തേങ്ങയുടയ്ക്കുന്നവര്‍ക്കൊപ്പം ചിരട്ടയെങ്കിലും ഉടയ്ക്കണ്ടേ എന്നാണ് ചോദ്യം. ഉടയ്ക്കട്ടെ. കണ്ണിനു കുളിരു പകരുന്നവ കണ്ണീരും കൊണ്ടുവരും എന്നൊരു ബോധ്യം ഉണ്ടായാല്‍ നന്ന്. ആ തിരിച്ചറിവിലേക്കുള്ള പ്രയാണത്തിന് പരവൂര്‍ പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തിലുണ്ടായ ദുരന്തം ശക്തി പകര്ന്നെങ്കില് എന്നേ പ്രാര്‍ത്ഥിക്കാനാവൂ.
തൊട്ടുകൂട്ടാന്‍
സഹനവും
കിനാവും
കളിക്കൂട്ടുകാരായി
നോവും നിലാവും
പാവിട്ടുണര്‍ത്തിയ
നിശ്ശബ്ദത;
എല്‍. തോമസ്കുട്ടി
കവിത: മുഹൂര്‍ത്തങ്ങള്‍
കലാകൗമുദി (ഏപ്രില്‍ 24)
പ്രതികരിക്കാൻ ഇവിടെ എഴുതുക: