പ്രായം അറുപത്തിയഞ്ച് പിന്നിടുമ്പോഴും ആര്‍ട്ടിസ്റ്റ് സുജാതന്‍ വിശ്രമമില്ല. 1951 മെയ് എട്ടിനായിരുന്നു ജനനം. രംഗവേദികളില്‍ ജീവിതത്തിന്റെ വൈരുദ്ധ്യങ്ങള്‍ നിറച്ച അദ്ദേഹത്തിന്റെ ചായകൂട്ടുകള്‍ മലയാളനാടക വേദിക്കൊപ്പം കൂടിയിട്ട് അഞ്ച് പതിറ്റാണ്ടോടടുക്കുന്നു. കാലത്തിന്റെ ആവശ്യമനുസരിച്ച് നാടകത്തിന്റെ അരങ്ങും അഭിനയവും മാറിയപ്പോഴും ആര്‍ട്ടിസ്റ്റ് സുജാതന്‍ മാറ്റമില്ല. വര്‍ഷങ്ങളായി രംഗപടം സുജാതന്റേതുതന്നെ. ഇന്നും ഈ രംഗത്തെ കുലപതിയും ഇദ്ദേഹം തന്നെ. സുജാതനൊരുക്കിയ രംഗപടത്തിനു മുന്നില്‍ അഭിനയിക്കാത്ത ഒരു പ്രൊഫഷണല്‍ നടനും കേരളത്തിലുണ്ടായേക്കില്ല. മൂവായിരത്തില്പരം നാടകങ്ങള്‍ക്കാണ് ഈ രംഗശില്പി പശ്ചാത്തലം ഒരുക്കിയത്.
എണ്‍പതുകളില്‍ മതിലേരി കന്നിയും ആരോമല്‍ ചേകവനും ഉണ്ണിയാര്‍ച്ചയും നാടകവേദിയില്‍ അരങ്ങുതകര്‍ക്കുന്ന കാലത്താണ് സുജാതനെന്ന കലാകാരനും വളര്‍ന്നുതുടങ്ങിയത്. പിന്നീട് ആ മാന്ത്രികവിരലുകള്‍ വേദിയില്‍ തീര്‍ത്ത ദൃശ്യവിസ്മയങ്ങള്‍ നാടകപ്രേമികള്‍ എത്രയോവട്ടം കണ്ടു. 1967 ല്‍ അച്ഛന് ആര്‍ട്ടിസ്റ്റ് കേശവനില്‍ നിന്നാണ് സുജാതനെന്ന കലാകാരന്റെ വളര്‍ച്ച. എന്‍.എന്‍. പിള്ള, തോപ്പില്‍ ഭാസി, പി.ജെ. ആന്റണി തുടങ്ങിയ അതികായന്മാര്‍ക്കുവേണ്ടി കേശവന് പശ്ചാത്തലമൊരുക്കിയപ്പോള്‍ സുജാതനായിരുന്നു സഹായി. അറുപതു വര്‍ഷക്കാലത്തെ കലാസപര്യയില്‍ ആയിരത്തില്‍പരം നാടകങ്ങള്‍ക്ക് ഈ രംഗശില്പി പശ്ചാത്തലമൊരുക്കി.
അച്ഛന്റെ സ്മരണക്കായി നിര്‍മ്മിച്ച കലാശാലയില്‍ സംഗീത നാടക അക്കാദമിയുടെ സഹായത്തോടെ പ്രതിമാസ നാടക അവതരണവും നടക്കുന്നുണ്ട്. കലാപ്രവര്‍ത്തനത്തിനൊപ്പം നാടകവുമായി ബന്ധപ്പെട്ട സെമിനാറുകളിലും ശില്പശാലകളിലും ഇപ്പോഴും സജീവമാണ് ആര്‍ട്ടിസ്റ്റ് സുജാതന്‍. പുതിയ ദ്യശ്യസംസ്കാരവുമായി മലയാളിയുടെ മുന്നില്‍ സിനിമയും സീരിയലുകളുമെത്തിയപ്പോള്‍ നാടകത്തിന് കരുത്തായി നിന്നത് സുജാതന്റെ ശില്പ ചാതുര്യം തന്നെ. കാഴ്ചയുടെ പുതിയ പ്രവണതകള്‍ക്ക് സമാന്തരമായി നില്ക്കാന് സാധിക്കുന്ന രംഗപടങ്ങള്‍ ഒരുക്കുക വലിയ വെല്ലുവിളിയാണെന്ന് സുജാതന്‍ അഭിപ്രായപ്പെടുന്നു. സാങ്കേതികതയെ മുഴുവനായി തള്ളിക്കളയാന്‍ ഈ കലാകാരന് ഒരുക്കമല്ല.
നാടകമെന്ന രംഗകല പ്രതിസന്ധിയിലായപ്പോള്‍ സുജാതനും പുതിയ സാധ്യതകള്‍ പരീക്ഷിച്ചു. ചീറിപ്പാഞ്ഞുവരുന്ന കാറും, വേദിയിലിറങ്ങിയ വിമാനവും, ഓടുന്ന കുതിരയുമെല്ലാം അരങ്ങിലെത്തിച്ച് കൈയടിനേടി. ലഭിക്കുന്ന വരുമാനത്തിന്റെ ഭൂരിഭാഗവും കലയ്ക്കുവേണ്ടി സമര്‍പ്പിക്കുകയാണ് സുജാതന്‍. കോട്ടയം പതിനാറില്‍ ചിറയില്‍ അച്ഛന്റെ ഓര്‍മക്കായി നിര്‍മ്മിച്ച കലാശാലയില്‍ സുജാതനുപുറമെ പത്തിലേറെ കലാകാരന്മാര് നിരന്തരം പണിയെടുക്കുന്നു. ചുറ്റുമുള്ളതെല്ലാം ആദ്ദേഹത്തിന്റെ കലാസ്പര്‍ശമേറ്റതാണ്. വീട്ടിലും വാഹനത്തിലും പണിശാലയിലുമെല്ലാം മാസ്മരികമായ ഒരു കലാപ്രപഞ്ചം.
ചുവര് ചിത്രങ്ങളും ഷോക്കേസിലെ ശില്‍പ്പങ്ങളും മാത്രമല്ല ചിത്രപ്പണികളാല്‍ മനോഹരമാക്കിയ ജനാലകള്‍ വരെ സുജാതന്റെ മാന്ത്രികവിരല്‍ സ്പര്‍ശമേറ്റതാണ്. വീട്ടിലേക്ക് കയറിയെത്തുമ്പോള്‍ ആദ്യം കണ്ണില്‍പ്പെടുന്നത് വിശാലമായ ഒരു ബുക്ക് ഷെല്‍ഫ്. ഷേക്സ്പിയറും ഷെല്ലിയും കീറ്റ്സുമടക്കം വിശ്വസാഹിത്യകാരന്മാരുടെ പ്രമുഖ കൃതികളെല്ലാം ഷെല്‍ഫില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. എന്നാല്‍ ശ്രദ്ധിച്ചു നോക്കിയാലറിയും അതൊരു ഉദാത്ത കലാസൃഷ്ടിയാണെന്ന്.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിരവധി ബഹുമതികള്‍ നേടിയിട്ടുണ്ട് ആര്‍ട്ടിസ്റ്റ് സുജാതന്‍. 2015 ലെ സംസ്ഥാന സംഗീത നാടക അക്കാദമിയുടെ അംഗീകാരവും അദ്ദേഹത്തേ തേടിയെത്തി. വിദ്യാര്‍ഥികളും നടകപ്രവര്‍ത്തകരും സുഹൃത്തുക്കളുമടക്കം ഒട്ടേറെ കലാസ്നേഹികളാണ് സുജാതനെ തേടി പതിനാറില്‍ ചിറയിലെത്തുക. തിരക്കുകള്‍ക്കിടയിലും രംഗപടമെന്ന കലാസപര്യയെ കൂടുതലറിയാന്‍ എത്തുന്നവര്‍ക്കുമുമ്പില്‍ സുജാതന്റെ കലാശാലയുടെ വാതിലുകള്‍ തുറന്നു തന്നെ കിടക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: