കല്‍പ്പറ്റ : തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെക്കുറിച്ചറിയാന്‍ വോട്ടര്‍മാര്‍ക്കവകാശമുണ്ട്. സ്ഥാനാര്‍ത്ഥികളുടെ സ്ഥാവരജംഗമസ്വത്തുക്കള്‍, രണ്ട്വര്ഷത്തേക്കോ അതില്‍ കൂടുതല്‍ കാലത്തേക്കോ ശിക്ഷ കിട്ടാവുന്ന വകുപ്പുകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയുട്ടുള്ള കുറ്റപത്രം, കോടതികളില്‍ നിലവിലുള്ള കേസുകള്‍, ബാങ്കുകളിലെ നിക്ഷേപം, കമ്പനികളിലേയും മ്യൂച്വല്‍ ഫണ്ടുകളിലെയും മറ്റും നിക്ഷേപം, കൃഷിഭൂമി, കാ ര്ഷികേതര ഭൂമി, പാര്‍പ്പിടാവശ്യത്തിനും വാണിജ്യാവശ്യത്തിനുമുള്ള കെട്ടിടങ്ങള്‍, ബാങ്കുകള്‍ക്കോ ധനകാര്യ സ്ഥാപനങ്ങള്‍ക്കോ സര്‍ക്കാറിനോ നല്‍കാനുള്ള തുക, വിദ്യഭ്യാസ യോഗ്യത എന്നിവ സംബന്ധിച്ച വിവരങ്ങളാണ് നാമ നിര്‍ദ്ദേശ പത്രികയോടൊപ്പം സ്ഥാനാര്‍ത്ഥികള്‍ നല്‍കേണ്ടത്. ജീവിതപങ്കാളിയുടെയും ആശ്രിതരുടേയും കേസുകള്‍ സംബന്ധിച്ച വിവരങ്ങളൊഴികെയുള്ള മറ്റെല്ലാ വിവരങ്ങളും സ്ഥാനാര്‍ത്ഥി നല്‍കണം.
തെരഞ്ഞെടുപ്പ് വിജ്ഞാപന തീയതി മുതല്‍ നാമ നിര്‍ദ്ദേശ പത്രിക സ്വീകരിക്കുന്ന അവസാന തീയതി വരെ ഓരോ ദിവസവും ലഭിച്ച സത്യവാങ്മൂലം വരണാധികാരി വൈകീട്ട് മൂന്നിന് ശേഷം നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണം. കൂടാതെ വരണാധികാരികള്‍ ഇവ അതതു ദിവസം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കണം. പത്രിക സമര്‍പ്പിച്ച് 24 മണിക്കൂറിനകം സത്യവാങ്മൂലം ഇലക്ഷന് കമ്മീഷന്റെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യണം. സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചാലും ഇവ സൈറ്റില്‍ നിന്ന് നീക്കം ചെയ്യണമെന്നില്ല. വരണാധികാരിയുടെയും ഉപ വരണാധികാരിയുടെയും ഓഫീസുകള്‍ നിയോജക മണ്ഡലത്തിന് പുറത്താണെങ്കില്‍ മണ്ഡലത്തില്‍ പൊതുജനങ്ങള്‍ കാണുന്ന ഒരു സ്ഥലത്ത് ഇവ പ്രദര്‍ശിപ്പിക്കണം. ഏതെങ്കിലും ഒരു വ്യക്തി ഒരു സ്ഥാനാര്‍ത്ഥി സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടാല്‍ വരണാധികാരി സൗജന്യമായോ കോപ്പിയെടുക്കുന്നതിനുള്ള തുക ഈടാക്കിയോ നല്‍കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശിക്കുന്നുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോപ്പി നല്കി പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെ സത്യവാങ്മൂലം സംബന്ധിച്ച് വിപുലമായ പ്രചാരണം നല്‍കാനും കമ്മീഷന് നിര്‍ദ്ദേശിക്കുന്നുണ്ട്. നാമ നിര്‍ദ്ദേശ പത്രികയോടൊപ്പം സമര്‍പ്പിക്കുന്ന സത്യവാങ്മൂലം ഒരു രഹസ്യരേഖയായി കമ്മീഷന് കണക്കാക്കുന്നില്ല.
താന്‍ വോട്ട് ചെയ്യാന്‍ പോകുന്ന സ്ഥാനാര്‍ത്ഥിയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ ഓരോ വോട്ടര്‍ക്കും അവകാശമുണ്ട്. സ്ഥാനാര്‍ത്ഥികളെ തമ്മില്‍ താരതമ്യം ചെയ്യാനും ഉചിതമായരീതിയില്‍ തന്റെ വോട്ടവകാശം വിനിയോഗിക്കാനും വോട്ടര്‍ക്ക് സാധിക്കും. സ്വതന്ത്രവും നീതിപൂര്‍ണ്ണവുമായി തെരഞ്ഞെടുപ്പ് ഉറപ്പ് വരുത്തുന്നതിനാണ് 1951 ലെ ജന പ്രാതിനിധ്യ നിയമം ഊന്നല്‍ നല്‍കുന്നത്. തെരഞ്ഞെടുപ്പ് സംബന്ധിച്ച ചെറുതും വലുതുമായ എല്ലാകാര്യങ്ങളിലും തെരഞ്ഞെടുപ്പ്കമ്മീഷന് അപ്പപ്പോള്‍ ആവശ്യമായ മാര്‍ഗ നി ര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്. ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്ത് നില്കുന്ന ഒരു രാജ്യമായിട്ട്പോലും കുറ്റമറ്റരീതിയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കുന്നത് കൊണ്ടാണ് ലോകത്തെ ഏറ്റവും സുശക്ത ജനാധിപത്യ രാഷ്ട്രമായി ഇന്ത്യയെ കണക്കാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: