കല്‍പ്പറ്റ : സംസ്ഥാനത്ത് പകല്‍ താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ ജോലി സമയം പുന:ക്രമീകരിച്ചത് മെയ് 15 വരെ നീട്ടി ലേബര്‍ കമ്മീഷണര്‍ ഉത്തരവായി. സൂര്യാഘാതം ഏല്‍ക്കാതിരിക്കാന്‍ പരാമാവധി ജാഗ്രത പുലര്‍ത്തണം. പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് രാവിലെ 11 മുതല്‍ മൂന്ന് വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ ആറ് മുതല്‍ വൈകീട്ട് ഏഴ് വരെയുളള സമയത്തിനുളളില്‍ എട്ട് മണിക്കൂറായി നിജപ്പെടുത്തണം.
രാവിലെയും ഉച്ചയ്ക്ക് ശേഷവുമുളള ഷിഫ്റ്റുകളിലെ ജോലി സമയം യഥാക്രമം ഉച്ചയ്ക്ക് 11 ന് അവസാനിക്കുകയും വൈകീട്ട് മൂന്ന്മണിക്ക് ആരംഭിക്കുകയും ചെയ്യും. 1958 ലെ കേരള മിനിമംവേതന ചട്ടം 24(3) പ്രകാരമുള്ള ഉത്തരവില്‍ ജില്ലാ ലേബര്‍ ആഫീസര്‍മാര്‍ തൊഴിലിടങ്ങളില്‍ നേരിട്ട് പരിശോധന നടത്തി റിപ്പോര്‍ട്ട് നല്കാന് കമ്മീഷണര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. തൊഴില്‍ സംബന്ധമായ പരാതികള്‍ 180042555214, 155214 എന്നീ ടോള്‍ ഫ്രീ നമ്പരുകളില്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ അറിയിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: