ചവറ: കഞ്ചാവിനും ലഹരിപദാര്‍ത്ഥങ്ങള്‍ക്കും അടിമകളായ യുവാക്കളുടെ സംഘത്തില്‍പെട്ട നാലുപേര്‍ വീടുകളില്‍ കയറി അക്രമിച്ചതായി പരാതി. കഴിഞ്ഞദിവസം ശങ്കരമംഗലം ഗവ: കോളേജിന് കിഴക്കുവശം താമസക്കാരായ അരുണോദയം ഗോപാലകൃഷ്ണപിള്ള, വിനേശ്’ഭവനത്തില്‍ ചന്ദ്രന്‍പിള്ള, വൃന്ദാവനം രവികുമാര്‍, വാടകയ്‌ക്ക് താമസിക്കുന്ന ബംഗാളി എന്നിവരുടെ വീടുകളിലാണ് അക്രമം നടത്തിയത്.
വൈങ്ങേലിമുക്കിന് സമീപമുള്ള അനന്തു, ദീപക്, ആഷിക്, പ്രിന്‍സ് എന്നിവരാണ് ബൈക്കിലെത്തി വടിവാളും ചുറ്റികയും വീശി ഗേറ്റുകള്‍ തല്ലിതകര്‍ത്ത് അക്രമം കാണിച്ചത്. ചെടിച്ചട്ടികള്‍ തല്ലിതകര്‍ക്കുകയും കാര്‍പോര്‍ച്ചിലിരുന്ന ബൈക്കിന് കേടുപാട് വരുത്തുകയും ചെയ്തു. വാടകയ്‌ക്ക് താമസിക്കുന്ന ബംഗാളിയുവാവിന്റെ വീട്ടില്‍ കയറി പണം ആവശ്യപ്പെടുകയും മര്‍ദ്ദിക്കുകയും പോക്കറ്റില്‍നിന്നും 3000 രൂപ അപഹരിക്കുകയും ചെയ്തതായി തോട്ടിനുവടക്ക് ഗ്രാമപഞ്ചായത്ത് അംഗം ജി. ജയശ്രിയും മറ്റ് 18 പേരും ചേര്‍ന്ന് പോലീസ് അധികാരികള്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
















