കൊച്ചി: കുറിക്കുകൊള്ളുന്ന നര്‍മ്മം വരയിലും വരിയിലും ചാലിച്ച സമാനതകളില്ലാത്ത കലാകാരനെയാണ് ടോംസിന്റെ നിര്യാണത്തിലൂടെ കേരളത്തിന് നഷ്ടമായതെന്ന് തപസ്യ കലാസാഹിത്യവേദി സംസ്ഥാന അദ്ധ്യക്ഷന്‍ എസ്. രമേശന് നായര്‍ അനുസ്മരണക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
കോട്ടയത്തിന്റെയും കേരളത്തിന്റെയും രാഷ്ട്രീയ സാമൂഹ്യ ദുരവസ്ഥകളെ നിര്‍ഭയം ചൂണ്ടിക്കാട്ടുകയും വിമര്‍ശിക്കുകയും ചെയ്യുക വഴി സാമൂഹ്യപ്രതിബദ്ധതയുടെ മറുപേരാവുകയായിരുന്നു ടോംസ് എന്നത്. ബോബനും മോളിയും അവര്‍ക്കുചുറ്റുമുള്ള ജീവിതക്കാഴ്ചകളും നമ്മുടെ സമകാലിക സാഹചര്യങ്ങളെക്കുറിച്ചുള്ള വിലയിരുത്തലും വിമര്‍ശനവുമായി മാറിയത് അങ്ങനെയാണ്.
സര്‍ഗാത്മകതയ്ക്ക് വിലയിടുന്നതും വിലക്കേര്‍പ്പെടുത്തുന്നതും പൊറുക്കാതെയാണ് അദ്ദേഹം മാധ്യമക്കുത്തകകളോട് കലഹിച്ചത്. വരയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊണ്ട ടോംസ് തപസ്യയുടെ അഭ്യുദയകാംക്ഷിയായിരുന്നു. തപസ്യ കലാസാഹിത്യവേദിയുടെ സംസ്ഥാനസമ്മേളനം കോട്ടയത്ത് നടന്നപ്പോള്‍ അതിന്റെ സ്വാഗതസംഘം രക്ഷാധികാരിയായി അദ്ദേഹം ഒപ്പമുണ്ടായിരുന്നുവെന്ന് രമേശന് നായര്‍ അനുസ്മരിച്ചു.
വരയുടെ വഴിയില്‍ നിലയുറപ്പിച്ച ടോംസെന്ന സര്ഗാത്മകധീരതയ്ക്ക് തപസ്യ കലാസാഹിത്യവേദി ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും മുഴുവന്‍ കേരളത്തിന്റെയും ദുഃഖത്തില്‍ പങ്കുചേരുകയും ചെയ്യുന്നുവെന്ന് അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: