തിരുവനന്തപുരം : കേരളം വരള്‍ച്ച ബാധിതമാണെന്ന് പ്രഖ്യാപിക്കാന്‍ സംസ്ഥാനത്തിന് അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി കത്തയച്ചു. സംസ്ഥാനത്തെ 14 ജില്ലകളും വരള്‍ച്ചയുടെ പിടിയിലാണെന്നും അതിനാല്‍ കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ മാനുവല്‍ ഫോര്‍ ഡ്രൗട്ട് മാനേജ്മെന്റ് 2010, ദേശീയ ദുരന്തനിവാരണ മാര്‍ഗരേഖ 2009 എന്നിവയിലെ വ്യവസ്ഥകള്‍ ഇളവ് ചെയ്യണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ മുഖ്യമന്ത്രി പലതവണ നേരിട്ട് വിലയിരുത്തി. ചീഫ് സെക്രട്ടറി ജില്ലാ കളക്ടറുമായി വീഡിയോ കോണ്‍ഫറന്‍സിങ് നടത്തിവരുന്നു. ഭൂഗര്‍ഭജല സമ്പത്ത് മെച്ചമാക്കാനും കുടിവെള്ളക്ഷാമം നേരിടുന്ന ഗ്രാമങ്ങളില്‍ 759 വാട്ടര്‍ കിയോസ്ക്കുകള്‍ സ്ഥാപിക്കുവാനും ടാങ്കര്‍ ലോറികളില്‍ കുടിവെള്ളമെത്തിക്കാനും കളക്ടര്‍മാര്‍ക്ക് ആവശ്യമായ പണം അനുവദിച്ചിട്ടുണ്ട്.
മുന്‍കരുതലുകള്‍ സര്‍ക്കാര്‍ എടുത്തിട്ടും സംസ്ഥാനത്തിന്റെ സ്ഥിതി ഓരോ ദിവസം കഴിയുന്തോറും മോശമായിക്കൊണ്ടിരിക്കുകയാണ്. 30 വര്‍ഷത്തിനുള്ളില്‍ ആദ്യമായി സംസ്ഥാനത്ത് ഉഷ്ണക്കാറ്റ് ഉണ്ടാകുമെന്നും മേയ് 19 വരെ കേരളത്തില്‍ കനത്ത ചൂടും വരള്‍ച്ചയും തുടരുമെന്നും ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
വരള്‍ച്ച ബാധിത സംസ്ഥാനം എന്ന നിലയില്‍ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചതായി റവന്യൂമന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ ഇതിനാവശ്യമായ നടപടി കൈക്കൊളളും. രൂക്ഷമായ വരള്‍ച്ച ബാധിച്ചിട്ടുളളത് കാസര്‍കോട്, കൊല്ലം, പാലക്കാട് ജില്ലകളിലാണ്. ജലസ്രോതസുകളില്‍ ഉപ്പുവെളളം കയറിയ കാസര്‍കോട് ജില്ലയില്‍ റിവേഴ്സ് ഓസ്മോസിസ് പ്ലാന്റുകള്‍ സ്ഥാപിക്കും.
സംസ്ഥാനത്ത് വള്‍ച്ച ദുരിതാശ്വാസത്തിന് അടിയന്തരനടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതലയോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
സൂര്യാഘാതം മൂലം മരിച്ചവരുടെ കുടുംബത്തിന് നാലുലക്ഷം രൂപ അടിയന്തര ധനസഹായം നല്‍കും. കേന്ദ്ര മാര്‍ഗ നിര്‍ദ്ദേശം വന്നശേഷം മരിച്ചവരുടെ കുടുംബങ്ങള്‍ക്കാണ് ധനസഹായം നല്‍കുക. അതിന് മുന്‍പ് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് സഹായം അനുവദിക്കും.
സൂര്യാഘാതമേറ്റവര്‍ക്ക് സൗജന്യ ചികിത്സ നല്‍കും. സൂര്യതാപം മൂലം പണിയെടുക്കാന്‍ കഴിയാത്തവര്‍ക്ക് കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സൗജന്യറേഷന് നല്‍കും. വരള്‍ച്ച മൂലം 1038 ഹെക്ടര്‍ സ്ഥലത്ത് കൃഷി നാശമുണ്ടായതായി മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: