വാഷിങ്ടണ്‍: പാക്കിസ്ഥാന് അമേരിക്ക എഫ്-16 വിമാനം നല്കിയാല് അത് ഭീകരര്‍ക്ക് എതിരെയല്ല ഭാരതത്തിന് എതിരെയായിരിക്കും ഉപയോഗിക്കുകയെന്ന് നിരവധി അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ മുന്നറിയിപ്പ് നല്കി. പാക്കിസ്ഥാന് എട്ട് എഫ്-16 യുദ്ധവിമാനങ്ങള്‍ നല്‍കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും പ്രസിഡന്റ് ഒബാമയോട് കോണ്‍ഗ്രസ് അംഗങ്ങള്‍ ആവശ്യപ്പെട്ടു.
പാക്കിസ്ഥാന് എഫ്-16 വിമാനങ്ങള്‍ നല്കുവാന് എടുത്ത തീരുമാനത്തെയും സമയത്തെയും ശക്തമായി തങ്ങള്‍ ചോദ്യം ചെയ്യുന്നതായി കോണ്‍ഗ്രസ് അംഗം മാറ്റ് സാല്മന് പറഞ്ഞു. ഇക്കാര്യത്തില്‍ ആശങ്കയുണ്ട്. ഭീകരതക്കെതിരെയല്ല ഭാരതത്തിനും മേഖലയിലെ മറ്റ് രാജ്യങ്ങള്ക്കുമെതിരെയായിരിക്കും പാക്കിസ്ഥാന് ഇത് ഉപയോഗിക്കുകയെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ പറഞ്ഞു.
എഫ്-16 നല്കുകവഴി പാക്കിസ്ഥാന്റെയും ഭാരതത്തിന്റെയും വ്യോമയാന ശക്തി തുല്യമാക്കുവാന്‍ ഇടയാക്കുമെന്നും കോണ്‍ഗ്രസ് അംഗം ബ്രാഡ് ഷെര്മാന് പറഞ്ഞു. ഭീകരവാദത്തിനെതിരെ പോരാടുന്നതിന് പാക്കിസ്ഥാന് സൈന്യത്തെ സജ്ജമാക്കേണ്ടത് ആവശ്യമാണ്. എന്നാലത് ഭാരതത്തിനെതിരെ യുദ്ധം ചെയ്യാനല്ലെന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ പറഞ്ഞു.
700 മില്യന്‍ ഡോളറിന് പാക്കിസ്ഥാന് എട്ട് എഫ്-16 യുദ്ധവിമാനങ്ങള്‍ നല്കുവാനുള്ള തീരുമാനം യുഎസ് കോണ്‍ഗ്രസ് തല്ക്കാലം തടഞ്ഞിരിക്കുകയാണ്. ഭീകരവിരുദ്ധ പോരാട്ടത്തിനായി പാക്കിസ്ഥാനെ അമേരിക്ക സഹായിക്കുമ്പോള്‍ തന്നെ പാക്കിസ്ഥാന് സൈന്യത്തെ ഉപയോഗിച്ച് ഭാരതത്തിനുള്ളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: