പത്തനംതിട്ട: ആറന്മുള വിമാനത്താവളം സംബന്ധിച്ച് ഇപ്പോഴുള്ള നിലപാട് സിപിഎം വ്യക്തമാക്കണമെന്ന് ആറന്മുള നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.ടി.രമേശ് ആവശ്യപ്പെട്ടു. എന്നാല്‍ ആറന്മുള വിമാനത്താവളം ഈ തെരഞ്ഞെടുപ്പില്‍ പ്രചരണ വിഷയമേ അല്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാജോര്‍ജ്ജ്. ആറന്മുളയില് വിമാനത്താവളം വേണമെന്ന നിലപാടിന് മാറ്റമില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.കെ.ശിവദാസന്‍നായര്‍. പത്തനംതിട്ട പ്രസ് ക്ലബ് സംഘടിപ്പിച്ച സ്ഥാനാര്‍ത്ഥി സംഗമത്തില്‍ ആറന്മുള വിമാനത്താവളം ഈ തെരഞ്ഞെടുപ്പിലും സജീവമായ ചര്‍ച്ചയാകുമെന്ന് തെളിഞ്ഞു. ആറന്മുള വിമാനത്താവളത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന സാമ്പത്തിക ശക്തികള്‍ ഇപ്പോഴും സജീവമാണെന്നും അണിയറയില്‍ അതിനായി ചരടുവലികള്‍ നടക്കുന്നുണ്ടെന്നും എം.ടി.രമേശ് പറഞ്ഞു. ആറന്മുള വിമാനത്താവളത്തിന് വേണ്ടി നികത്തിയ പാടത്തെ മണ്ണ് മാറ്റി പൂര്‍വ്വ സ്ഥിതിയിലാക്കുന്നതിന് കോടതി ഉത്തരവിട്ടിട്ടും ജില്ലാ കളക്ടര്‍ അനുസരിക്കാഞ്ഞതിനെത്തുടര്ന്ന് ഈ വിഷയം നിയമസഭയിലുന്നയിക്കണമെന്ന് സിപിഎം നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവരതിന് തയ്യാറായില്ല. അതുകൊണ്ട് ആറന്മുളയിലെ വിമാനത്താവളത്തോടുള്ള സിപിഎമ്മിന്റെ ഇപ്പോഴുള്ള നിലപാട് വ്യക്തമാക്കേണ്ടതാണ്. ബിജെപി വിമാനത്താവളത്തിന് എതിരല്ല. ആറന്മുളയില്തന്നെ വിമാനത്താവളം വേണമെന്ന ചിലരുടെ വാശിയാണ് പ്രശ്നങ്ങളുണ്ടാക്കുന്നത്. കൃത്രിമമായ മാര്‍ഗ്ഗത്തിലൂടെ റിപ്പോര്‍ട്ടുകളുണ്ടാക്കി അനുമതികള്‍ സംഘടിപ്പിച്ച് നിയമവിരുദ്ധമായാണ് വിമാനത്താവള നിര്‍മ്മാണത്തിന് ശ്രമിച്ചത്.അഞ്ചുവര്‍ഷം യുഡിഎഫ്, അഞ്ചുവര്‍ഷം എല്‍ഡിഎഫ് എന്നിങ്ങനെ പരസ്പ്പരം ഭരണം കൈമാറി എടുക്കുന്ന സ്ഥിതിയ്ക്ക് മാറ്റമുണ്ടാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. ആറന്മുള നിയോജകമണ്ഡലത്തിന്റെ വികസന മുരടിപ്പിന് ഇരു മുന്നണികളും ഉത്തരവാദികളാണ്. ആറന്മുളയിലെ എംഎല്‍എ യുഡിഎഫിന്റേതും പഞ്ചായത്തുകള്‍ ഭൂരിപക്ഷം ഭരിക്കുന്നത് എല്‍ഡിഎഫുമാണ്. രൂക്ഷമാകുന്ന കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാന്‍ ഒരു ബൃഹത് പദ്ധതിയും ഈ മണ്ഡലത്തില്‍ ഇതുവരെ നടപ്പാക്കിയിട്ടില്ല. സംസ്ഥാനത്തെ മറ്റിടങ്ങളെ അപേക്ഷിച്ച് ആറന്മുള ജലസമൃദ്ധമാണ്. എന്നിട്ടും കുടിക്കാന്‍ ശുദ്ധജലം ലഭിക്കാത്തതിന് കാരണം കാലങ്ങളായി ഇവിടെ അധികാരം കൈയാളുന്നവരാണ്. വികസനം എന്നത് ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതാണ്. സ്കൂള്‍ കെട്ടിടങ്ങളും റോഡുകളും നിര്‍മ്മിച്ചതുകൊണ്ടുമാത്രം വികസനമാകില്ലെന്നും രമേശ് പറഞ്ഞു.
ആറന്മുളയില് വികസന മുരടിപ്പാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാജോര്‍ജ്ജും അഭിപ്രായപ്പെട്ടു. മണ്ഡലത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമവും ശബരിമലയുമായി ബന്ധപ്പെട്ട് തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ പത്തനംതിട്ടയിലും ആറന്മുളയിലും അപര്യാപ്തതകളേറെയുണ്ടെന്നും വീണാജോര്‍ജ്ജ് പറഞ്ഞു.
പത്തനംതിട്ടയില്‍ കെഎസ്ആര്‍ടിസി സമുച്ചയം, ഇലന്തൂരിലെ ഗവ.കോളേജ്, ആറന്മുളയിലെ എന്‍ജിനീയറിംഗ് കോളേജ് തുടങ്ങിയ പദ്ധതികള്‍ ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ അഡ്വ. ശിവദാസന്‍നായര്‍ തന്റെ നേട്ടങ്ങള്‍ വിശദീകരിച്ചത്. മണ്ഡലത്തിലെ വികസന രംഗത്ത് വന്‍ കുതിച്ചുചാട്ടം തന്നെ നടത്തിയതായി അദ്ദേഹം അവകാശപ്പെട്ടു. സുബലപാര്‍ക്ക് നവീകരണമടക്കം പല നേട്ടങ്ങളും എംഎല്എയുടേതാക്കി അവകാശവാദം ഉന്നയിച്ചു. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ഫണ്ടിന്റെ ബലത്തിലാണ് ആറന്മുളയിലെ പല വികസനപ്രവര്‍ത്തനങ്ങളെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.ടി.രമേശ് ചൂണ്ടിക്കാട്ടി. ഇടതു വലതു മുന്നണികള്‍ സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ജാതിയും മതവും സമുദായവും സമ്പത്തും നോക്കിയാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചിരിക്കുന്നതെന്നും എം.ടി.രമേശ് ചൂണ്ടിക്കാട്ടി. ആറന്മുള നിയോജകമണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി തന്നെ പരിഗണിച്ചതിന് ഏതെങ്കിലും സമുദായത്തിന്റെ പരിഗണനവെച്ചാണെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് വീണാജോര്‍ജ്ജ് പറഞ്ഞു. അതേസമയം വീണാജോര്‍ജ്ജിന് വേണ്ടി സഭയുടേതായി വന്ന പ്രസ്താവനയെപ്പറ്റി അറിയില്ലെന്നും സഭയുടെ ആളെന്ന നിലയില്‍ സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധ പോസ്റ്ററുകള്‍ പതിപ്പിച്ചത് ശ്രദ്ധയില്‍പെട്ടില്ലെന്നും വീണാജോര്‍ജ്ജ് പറഞ്ഞു. ഏതെങ്കിലും സമുദായത്തിന്റെ പേരില്‍ ജയിക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് ആറന്മുളയില് നടപ്പില്ലെന്നായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി ശിവദാസന്‍നായരുടെ പക്ഷം.
പ്രസ് ക്ലബ് പ്രസിഡന്റ് സാം ചെമ്പകത്തില്‍ സെക്രട്ടറി എബ്രഹാം തടിയൂര്‍ എന്നിവരും വേദിയിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: