കോട്ടയം: റബ്ബര്‍ബോര്‍ഡിന് കീഴിലുള്ള കാര്‍ഷിക സേവന കേന്ദ്രങ്ങള്‍ നിര്‍ത്തലാക്കി കര്‍ഷകവികാരം ബോര്ഡിനെതിരാക്കാന് ഉന്നത ഉദ്യോഗസ്ഥരുടെ ഗൂഢനീക്കം. ഉത്പാദനവും ഉത്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിനായി നിലകൊള്ളുന്ന കേരളത്തിലെ നൂറ്റിഅറുപതോളം ഫീല്‍ഡ് ആഫീസുകളുടെ പ്രവര്‍ത്തനം ഇല്ലാതാക്കാനാണ് ബോര്‍ഡിലെ ഉന്നതര്‍ ഉത്തരവിറക്കിയിട്ടുള്ളത്. കേന്ദ്രസര്‍ക്കാറില്‍ നിന്നും ലഭിക്കുന്ന ബജറ്റ്വിഹിതം കുറച്ചതിനാല്‍ ചെലവ് ചുരുക്കല്‍ നടപടിയിലാണ് ബോര്‍ഡെന്നും ഇതിന്റെ ഭാഗമാണ് ആഫീസുകള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനമെന്നുമാണ് അധികൃതരുടെ വിശദീകരണം.
കര്‍ഷകര്‍ക്കുള്ള സഹായങ്ങള്‍, ബോധവത്ക്കരണം, സബ്സിഡി തുടങ്ങി നിരവധി കാര്‍ഷിക സേവനങ്ങളാണ് ഫീല്‍ഡ് ആഫീസുകള്‍ നടത്തിവരുന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ കോടികള്‍ മുടക്കി വിദേശയാത്ര നടത്തുമ്പോള്‍ അതിനൊന്നും നിയന്ത്രണം ഏര്‍പ്പെടുത്താതെ കര്‍ഷകര്‍ക്ക് ഏറെ പ്രയോജനകരമായ ഫീല്‍ഡ് ആഫീസുകള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനത്തിന് പിന്നില്‍ രാഷ്ട്രീയ താത്പര്യമുണ്ടെന്നാണ് സൂചന. ഇതിന്റെ സൂചനകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ റബ്ബര്‍ബോര്‍ഡ് ചെയര്‍മാന്റെ അടിയന്തര നിയമനമെന്നും അറിയാന്‍ കഴിയുന്നു.
കര്‍ഷകദ്രോഹ നടപടികളിലൂടെ കേന്ദ്രസര്‍ക്കാരിന് എതിരായ വികാരം സൃഷ്ടിച്ച് തെരഞ്ഞെടുപ്പില്‍ കര്‍ഷകരെ തങ്ങള്‍ക്ക് അനുകൂലമാക്കുകയെന്ന തെരഞ്ഞെടുപ്പ് തന്ത്രമാണ് ഉന്നതര്‍ നടത്തുന്നത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് തുടര്‍ച്ചയായ മൂന്നുവര്‍ഷങ്ങളില്‍ സമാനമായ രീതിയില്‍ ബജറ്റ് വിഹിതം കുറഞ്ഞിരുന്നു.
എന്നാല്‍ ഈ സമയം കൂടുതല്‍ തുക ആവശ്യപ്പെട്ട് നടപടികള്‍ക്കായി കാത്തിരിക്കുകയല്ലാതെ ധൃതിപിടിച്ചുള്ള മറ്റ് നടപടികള്‍ സ്വീകരിച്ചിരുന്നില്ല. പുതിയ പ്രൊപ്പോസല്‍ പോലും വയ്ക്കാതെയും മറ്റ് ചെലവ് ചുരുക്കല്‍ നടപടികള്‍ സ്വീകരിക്കാതെയും കര്‍ഷകരെ നേരിട്ട് ബാധിക്കുന്ന കാര്‍ഷിക സേവനകേന്ദ്രങ്ങള്‍ നിര്‍ത്തുന്നതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് ഒരു ഉന്നത ഉദ്യോഗസ്ഥന്റെ തന്നെ അഭിപ്രായം. ഫിനാന്‍സ് വിഭാഗത്തിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ ബന്ധങ്ങളെ സംബന്ധിച്ച് നിരവധി ആക്ഷേപങ്ങള്‍ വളരെമുന്നേ ഉയര്‍ന്നിട്ടുള്ളതാണ്.
പ്ലാന്‍, നോണ്‍പ്ലാന്‍ വിഭാഗങ്ങളിലായാണ് ബജറ്റ് പ്രൊപ്പോസല്‍ സാധാരണയായി നല്‍കാറുള്ളത്. ഇതില്‍ നോണ്‍പ്ലാന്‍ വിഭാഗത്തിലാണ് ശമ്പളവും മറ്റ് അടിസ്ഥാന ചെലവുകളും ഉള്‍പ്പെടുത്തുന്നത്. പതിവിന് വിപരീതമായി ഇത്തവണ ശമ്പളത്തിന്റെ പകുതി മാത്രമേ നോണ്പ്ലാനില് വകയിരുത്തിയിട്ടുള്ളു. ബാക്കി ശമ്പളം പ്ലാനില്‍ അഡൈ്വസറിയായി ഉള്‍പ്പെടുത്തുകയായിരുന്നു. ഇത് റബ്ബര്‍ ബോര്‍ഡിന്റെ വിഹിതത്തില്‍ കുറവ് വരുന്നതിന് ഇടയാക്കി. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ബോര്‍ഡിന്റെ സ്ഥിതിവിവരക്കണക്കുകള്‍ തിരുത്തി ഇറക്കുമതിക്ക് കളമൊരുക്കിയ ഉദ്യോഗസ്ഥനാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും ആരോപണമുണ്ട്.
പൊതുജനവികാരം ഇളക്കിവിടാതെയും കര്‍ഷക ദ്രോഹനടപടികള്‍ സ്വീകരിക്കാതെയും ചെലവുചുരുക്കല്‍ നടപ്പിലാക്കാമെന്നിരിക്കെ അതിന് വിരുദ്ധമായുള്ള പ്രവര്‍ത്തനം ഈ ഗൂഢസംഘത്തിന്റെ ആസൂത്രിത നീക്കമാണ്. ഒന്നര ലക്ഷത്തിലധികം രൂപ വാടക നല്കി ദല്‍ഹി, മുംബൈ, ബംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഗസ്റ്റ് ഹൗസുകള്‍ നിര്‍ത്തിയാല്‍തന്നെ കോടികള്‍ ലാഭിക്കാം.
നൂറ്റിയറുപതോളം കര്‍ഷക സേവനകേന്ദ്രങ്ങള്‍ നിര്‍ത്തിയാല്‍ ലാഭിക്കാന്‍ കഴിയുന്നത് വെറും അമ്പത് ലക്ഷം രൂപ മാത്രമാണ്. ഉന്നതര്‍ ആര്‍ഭാടപൂര്‍വ്വം നടത്തുന്ന വിദേശയാത്രകളുടെ നിയന്ത്രണത്തിലൂടെ കോടികള്‍ സമ്പാദിക്കാന്‍ കഴിയും. ഉന്നതശമ്പളം കൈപ്പറ്റുന്ന ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് കുറഞ്ഞനിരക്കില്‍ ഭക്ഷണം നല്‍കുന്നതിനായി പ്രവര്‍ത്തിക്കുന്ന കാന്റീന് ജീവനക്കാരുടെ എണ്ണം മുപ്പതോളമുണ്ട്.
ഇവരും ബോര്‍ഡിന്റെ അടിസ്ഥാന ശമ്പളം പറ്റുന്നവരാണ്. ഓഫീസില്‍ വന്നുപോകുവാന്‍ പ്രത്യേക അലവന്‍സ് കൈപ്പറ്റുന്ന ഉദ്യോഗസ്ഥരെ വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ടുവരുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള സൗജന്യ വാഹനസൗകര്യം നിര്‍ത്തലാക്കുന്നതോടെ കൂടുതല്‍ തുക ലാഭിക്കാന്‍ കഴിയും. 2002-ല്‍ പ്രഭു കമ്മറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉന്നത ശമ്പളം കൈപ്പറ്റുന്ന ഉദ്യോഗസ്ഥരുടെ എണ്ണം ക്രമീകരിച്ചാല്‍ ശമ്പളമിനത്തില്‍ ചെലവിടുന്ന കോടികളുടെ നഷ്ടം ഒഴിവാക്കാന്‍ കഴിയുന്നതാണ്.
32 വര്‍ഷം പൂര്‍ത്തിയാക്കിയ ജീവനക്കാര്‍ക്ക് വിആര്‍എസ് നല്കിയാല് 25 ശതമാനം ചെലവ് ചുരുക്കാന്‍ കഴിയുമെന്നായിരുന്നു പ്രഭു കമ്മീഷന് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് നടപ്പിലാക്കിയാല്‍ പല ഉന്നതന്മാരും ഉള്‍പ്പെടുമെന്നതിനാല്‍ ഇതിന് വിരുദ്ധമായ റിപ്പോര്‍ട്ടുകളാണ് ഉദ്യോഗസ്ഥര്‍ സ്ഥിരമായി നല്‍കുന്നത്. ആവശ്യത്തിലധികമായി 1666 ജീവനക്കാരാണ് ഇന്ന് റബര്‍ ബോര്‍ഡില്‍ ഉള്ളത്.
റബ്ബര്‍ ബോര്‍ഡിന് കേന്ദ്രസര്‍ക്കാര്‍ നല്കുന്ന തുകയുടെ ചെറിയഭാഗം മാത്രമാണ് കര്‍ഷകര്‍ക്കായി ചെലവഴിക്കുന്നത്. റബ്ബറിന്റെ ഉത്പാദനത്തിലും ഉത്പാദനക്ഷമതയിലും കേരളം ഇരുപത് വര്‍ഷം പിന്നിലാണ്. ഈ അവസ്ഥയിലും ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കാനായി പ്രവര്‍ത്തിക്കുന്ന കാര്‍ഷിക സേവന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുവാന്‍ അധികൃതര്‍ കാട്ടുന്ന വ്യഗ്രത എന്തിനെന്ന ചിന്ത കര്‍ഷകരില്‍ ആശങ്കയ്ക്ക് വകയായിട്ടുണ്ട്.
ഓരോ ഫീല്‍ഡ് ആഫീസിനും കീഴില്‍ പ്രവര്‍ത്തിക്കുന്നത് 12 മുതല്‍ 24വരെ ഉത്പാദക സംഘങ്ങളാണ്. ഓരോ സംഘത്തിലും 200 മുതല്‍ 300 വരെ കര്‍ഷകരും അംഗങ്ങളാണ്. കര്‍ഷകസംഘങ്ങളെയും കര്‍ഷകരെയും കഷ്ടത്തിലാക്കുന്ന നടപടികളുമായി മുന്നോട്ടുപോകുന്ന ഉന്നതന്മാരുടെ ഗൂഢലക്ഷ്യം തകര്‍ക്കാന്‍ കേന്ദ്രത്തിന്റെ അടിയന്തര നടപടി ഉണ്ടാവണം എന്നാണ് കര്‍ഷകരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: