കേരളം ചുട്ടുപൊള്ളുമ്പോള്‍, പലയിടങ്ങളിലും കുടിനീര് പോലും കിട്ടാതെ ജനങ്ങള്‍ ഉഴലുമ്പോള്‍ അങ്ങകലെ ആസാമില്‍ വെള്ളപ്പൊക്ക ദുരിതമാണ്. രണ്ടു സംസ്ഥാനങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയുമാണ്. ആസാമില്‍ വോട്ടെടുപ്പുകഴിഞ്ഞു. ആസാം, അരുണാചല്‍പ്രദേശ്, നാഗാലാന്‍ഡ് എന്നിവിടങ്ങളില്‍ കനത്ത മഴപെയ്യുന്നു. നദികള്‍ കരകവിഞ്ഞ് ഒഴുകുന്നു. ബ്രഹ്മപുത്രയുടെ തീരത്തെ ആറു ജില്ലകളില്‍നിന്നു മാത്രം ഒരുലക്ഷത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവന്നു. ബ്രഹ്മപുത്ര ആസാമിന്റെ ജീവനദിയാണ്, ഒപ്പം വര്‍ഷംതോറും പലവട്ടം ആ ജീവിതങ്ങളെ ദുരിതത്തിലാഴ്ത്തുകയും ചെയ്യുന്നു.
മഹാരാഷ്ട്രയിലെ ലത്തൂരില്‍ ജലക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് അവിടെ രണ്ടാഴ്ച മുമ്പ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. വെള്ളത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങളും വഴക്കും വെള്ളത്തിന്റെ കള്ളക്കടത്തും കുടിവെള്ള ടാങ്കറുകള്‍ തട്ടിയെടുക്കലും മറ്റും വര്‍ദ്ധിച്ചതാണ് നിരോധനത്തിനു കാരണം. ഞെട്ടിക്കുന്നതായിരുന്നു ആ വാര്‍ത്ത. വെള്ളത്തിന്റെ കള്ളക്കടത്ത് രാജ്യത്ത് വ്യാപകമാകുകയാണ്. വെള്ളത്തിനു വേണ്ടിയായിരിക്കും നാളെ രാജ്യങ്ങള്‍ തമ്മില്‍ യുദ്ധം ചെയ്യേണ്ടിവരികയെന്ന് നേരത്തേ നിരീക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍, രാജ്യത്തിനുള്ളില്‍, പഞ്ചായത്തുകള്‍ തമ്മില്‍, എന്തിനേറെ അയല്പക്കക്കാര്തമ്മില് ‘ജലയുദ്ധം’ തുടങ്ങിക്കഴിഞ്ഞുവെന്നാണ് ലത്തൂരില്നിന്നുള്ള സന്ദേശം.
ലത്തൂരിലെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ കേന്ദ്രത്തിലെ മോദി സര്‍ക്കാരും സംസ്ഥാനത്തെ ഫഡ്നാവിസ് സര്‍ക്കാരും ചേര്‍ന്ന് റെയില്‍വേയുടെ സഹായത്തോടെ ജലവിതരണം നടത്തിയത് പുതിയൊരു തുടക്കമായിരുന്നു. 25 ലക്ഷം ലിറ്റര്‍ വെള്ളം ട്രെയിന്‍ വാഗണില്‍ കയറ്റി അവിടെ എത്തിച്ചപ്പോള്‍ ഒരു സാധ്യതകുടി തെളിയുകയായിരുന്നു അതിലൂടെ. പക്ഷേ, ശാശ്വതമായ ഒരു പരിഹാരമല്ല അത്; ചെലവ്, സാങ്കേതികത, അളവിലെ അപര്യാപ്തത തുടങ്ങി ഒട്ടേറെ പ്രശ്നങ്ങളുണ്ട് അതിന്.
കേരളത്തിലെ കാര്യം നോക്കിയാല്‍, 44 നദികളും ഉപനദികളും ജലാശയങ്ങളും മറ്റുംമറ്റുമുള്ള കേരളം കടുത്ത ജലക്ഷാമത്തിലാണ്. ഭാരതപ്പുഴയില്‍ വെള്ളമില്ലാതായി. പെരിയറിലെ ജലത്തിന്റെ ശുദ്ധി അപകടത്തിലായി. പമ്പയിലെയും കൈവഴികളിലെയും വെള്ളം കുടിയ്ക്കാനാവാത്തത്ര മലിനമായി. നഗരങ്ങളില്‍ മാത്രമല്ല, ഗ്രാമങ്ങളിലും ടാങ്കര്‍ ലോറിവഴിയാണ് ജലവിതരണം. കേരളത്തിനും വെള്ളത്തിന്റെ ഉറവകള്‍ അടയുകയാണ്. സംസ്ഥാനപക്ഷിയായ വേഴാമ്പലിനെ പോലെ മഴയ്ക്കുവേണ്ടി കൊതിയ്ക്കുകയാണ് മേടച്ചൂടില്‍ ഉരുകുന്ന കേരള ജനത.
ഇവിടെയാണ് ദേശീയ നദീസംയോജന പദ്ധയിയുടെ പ്രസക്തിയും പ്രാധാന്യവും വീണ്ടും ചര്‍ച്ചയ്ക്കു വരുന്നത്. അധികജലമൊഴുകുന്ന നദികളില്‍നിന്ന് വരളുന്ന നദികളിലേക്ക് വെള്ളമൊഴുക്കുന്ന വന്വിപ്ലവ പദ്ധതിയുടെ ആവശ്യകത ഇനിയും ബോധ്യമാകാത്തതല്ല പലര്‍ക്കും. പക്ഷേ, യുക്തിയൊന്നും പറയാനില്ലാതെ എതിര്‍ക്കുകയാണ്, പ്രത്യേകിച്ച് കേരളം ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങള്‍. അതിനു കാരണം ഒരുപക്ഷേ, അടല്‍ ബിഹാരി വാജ്പേയി സര്‍ക്കാര്‍ അവതരിപ്പിച്ചതുകൊണ്ടാകാം, നരേന്ദ്രമോദി സര്‍ക്കാര്‍ ആവിഷ്കരിയ്ക്കുന്നതുകൊണ്ടാകാം.
അങ്ങനെയാണെങ്കില്‍ സംസ്ഥാനജനങ്ങളോടെന്നല്ല, ഭാരത ജനതയോടുമാത്രമല്ല, മുഴുവന്‍ മാനവികതയോടും കാട്ടുന്ന അനീതിയാണത്. 150 വര്‍ഷം മുമ്പ് ബ്രിട്ടീഷ് ഇറിഗേഷന്‍ എഞ്ചിനീയര്‍ സര് ആര്‍തര്‍ തോമസ് കോട്ടന്‍ ആണ് നദീ സമയോജനം എന്ന ഈ ആശയം മുന്നോട്ടുവെച്ചതെന്ന ചരിത്രവും അറിയാത്തവരാണ് ഈ എതിര്‍പ്പുകാര്‍.
2014 മെയ് മാസം അധികാരത്തിലേറിയ മോദി സര്‍ക്കാര്‍ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു, അതിന് പ്രാഥമികമായി പണം നീക്കിവെക്കുകയും ചെയ്തു. പദ്ധതിയ്ക്കെതിരേ 2012-ല്‍ സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജ്ജി തള്ളിക്കൊണ്ട് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട മൂന്നംഗ ബെഞ്ച് നല്കിയ നിര്‍ദ്ദേശം പദ്ധതി അതിവേഗം നടപ്പാക്കാനും അതിനു പ്രത്യേക സമിതി രൂപീകരിക്കാനുമായിരുന്നു. പക്ഷേ അന്നത്തെ യുപിഎ സര്‍ക്കാര്‍ അനങ്ങിയില്ല. ഇപ്പോള്‍ മോദി സര്‍ക്കാരിന്റെ നിര്‍ദ്ദേശവും തീരുമാനവും അനുസരിച്ച് മദ്ധ്യപ്രദേശ് സര്‍ക്കാര്‍ കെന്‍-ബെറ്റ്വാ നദികള്‍ സംയോജിപ്പിക്കുന്ന പദ്ധതി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു, വിജയത്തിന്റെ മാതൃക രചിയ്ക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന് കീ ബാതിന്റെ ഏപ്രില്‍ പ്രഭാഷണത്തില്‍ മുഖ്യ വിഷയം വെള്ളമായിരുന്നു. വിഷയത്തിന്റെ വിവിധ വശങ്ങള് ചര്‍ച്ചചെയ്ത് അദ്ദേഹം അവതരിപ്പിച്ച പല നിര്‍ദ്ദേശങ്ങള്‍ ജനം നേരിടാന്‍ പോകുന്ന ജലക്ഷാമത്തിനുള പരിഹാരങ്ങളായിരുന്നു. അതില്‍ വ്യക്തികള്‍ക്ക് ചെയ്യാനാവുന്ന പദ്ധതികള്‍ക്കായിരുന്നു മുന്‍തൂക്കം കൊടുത്തത്. സര്‍ക്കാരുകളുടെ കടമകള്‍ വേറേയുണ്ട്. നദീ സംയോജന പദ്ധതിയില്‍ പങ്കുചേരുകതന്നെയാണ് അതില്‍ പ്രധാനം. അധികമുള്ളത് ഇല്ലാത്തവരുമായി പങ്കുവെക്കുകയെന്ന വിശാല സങ്കല്‍പ്പം. രാഷ്ട്രീയ ഭാഷയിലേക്കു മാറ്റിയാല്‍ സോഷ്യലിസ്റ്റ് സങ്കല്‍പ്പം; ഈ ജനാധിപത്യം നടപ്പാക്കുന്നതിന് ചിലര്‍ മുന്നോട്ടുവെക്കുന്ന തടസ്സവാദങ്ങള്‍ വിചിത്രമാണ്.
ഈ രംഗത്ത് പരിസ്ഥിതിവാദികളുടെ ഉത്കണ്ഠകള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളതാണ്. ഗംഗ ശുദ്ധീകരിക്കപ്പെടുന്നു; തെളിയ്ക്കുന്ന വഴിയില്‍ ഒഴുകാന്‍ സന്നദ്ധമാകുന്നു, വഴികാട്ടിക്കൊടുക്കയേ വേണ്ടൂ. ജലവും നദിയും എന്നല്ല പഞ്ചഭൂതങ്ങളും പൊതുസ്വത്താണ്. പങ്കുവെക്കുകതന്നെ വേണം. എന്റേതുമാത്രമേ ഞാന്‍ ഉപയോഗിക്കൂ, അത് മറ്റാര്‍ക്കും കൊടുക്കുകയുമില്ല എന്നുള്ള വാദം അപകടകരമാണ്, ആത്മഹത്യാപരമാണ്. ‘താതസ്യ കൂപോയം ഇതി ബ്രുവാണാ, ക്ഷാരം ജലം കാ പുരുഷാഃ പിബന്തി’ എന്നൊരു സുഭാഷിതമുണ്ട്.
എന്റെ അച്ഛനപ്പൂപ്പന്മാര് എനിയ്ക്കായി മാത്രം ഉണ്ടാക്കിയ കിണറാണ്, അതിലെ വെള്ളമേ കുടിയ്ക്കൂ എന്നു നിര്‍ബന്ധം പിടിക്കുന്നവര്‍ മലിനജലം കുടിച്ചുകഴിയേണ്ടിവരുമെന്നു വിവക്ഷ. എന്നാല്‍, ഇപ്പോഴത്തെ ചിലരുടെ നിലപാടുകള്‍ ജനങ്ങളെ വെള്ളം കിട്ടാതെ മരിയ്ക്കുന്ന സ്ഥിതി വിശേഷത്തിലെത്തിയ്ക്കുകയേ ഉള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: