കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ നാലാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. നോര്‍ത്ത് 24 പര്‍ഗാനാസിലെ 33 ഉം ഹൗറയിലെ 16 മണ്ഡലങ്ങളും ഉള്‍പ്പെടെ 49 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്.
345 സ്ഥാനാര്‍ഥികളാണ് നാലാം ഘട്ടത്തില്‍ മത്സര രംഗത്തുള്ളത്. 12,500 പോളിങ് ബൂത്തുകളിലായി 1.08 കോടി വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും. കഴിഞ്ഞ ഘട്ടങ്ങളിലെ വോട്ടെടുപ്പിനിടെയുണ്ടായ അക്രമസംഭവങ്ങള്‍ മുന്‍നിര്‍ത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് സുരക്ഷാക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചുണ്ട്.
മമത മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന അമിത് മിത്ര, അരുപ് റോയ്, ഉപേന്ദ്രനാഥ് ബിശ്വാസ് തുടങ്ങിയവര്‍ മത്സര രംഗത്തുണ്ട്. ബിജെപിയുടെ ഏക സിറ്റിങ് എംഎല്‍എ ഷമിക് ഭട്ടാചാര്യയും ജനവിധി തേടുന്നവരില്‍പ്പെടുന്നു. ഇടതു സര്‍ക്കാരില്‍ ധനമന്ത്രിയും സിപിഎം നേതാവുമായ അസിം ദാസ് ഗുപ്ത, നേപാള്‍ ദേബ് ഭട്ടാചാര്യ എന്നിവരും കോണ്‍ഗ്രസ് നേതാക്കളായ അരുണവ ഘോഷ്, ഷമിക്ക് ഭട്ടാചാര്യ തുടങ്ങിയ പ്രമുഖര്‍ ജനവിധി തേടുന്ന നേതാക്കളില്‍ ഉള്‍പ്പെടും.
ബിസിസിഐ മുന്‍ പ്രസിഡന്റ് ജഗ്മോഹന് ഡാല്‍മിയയുടെ മകള്‍ വൈശാലി, ക്രിക്കറ്റ് താരം ലക്ഷ്മി രത്തന്‍ ശുക്ല, അഭിനേത്രി രൂപ ഗാംഗുലി, ഫുട്ബോള്‍ താരം ദീപേന്ദു ബിശ്വാസ് എന്നിവരുടെ മണ്ഡലങ്ങളും നാലാംഘട്ടത്തില്‍ ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: