കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ഓപ്പണറും ക്രിക്കറ്റ് കമന്റേറ്ററുമായ അരുണ്‍ ലാല്‍ കാന്‍സറിന് ചികിത്സയില്‍. താടിയെല്ലിനെയാണ് അര്‍ബുദം ബാധിച്ചത്. ഈ വര്‍ഷം ജനവരിയിലാണ് അറുപതുകാരനായ താരത്തിന്റെ രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ ശനിയാഴ്ച കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ 14 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയില്‍ അദ്ദേഹത്തിന്റെ താടിയെല്ല് മാറ്റിവച്ചു. അരുണ്‍ ലാല്‍ ആരോഗ്യവാനായിരിക്കുന്നുവെന്നും മരുന്നുകളോട് പ്രതികരിക്കുന്നുവെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. രോഗം കൃത്യസമയത്ത് കണ്ടെത്തിയെന്നും ചികിത്സ പുരോഗമിക്കുന്നുവെന്നും അരുണ്‍ലാല്‍ പറഞ്ഞു.
കര്‍മ മേഖലയില്‍ എത്രയും വേഗം തിരിച്ചെത്താമെന്നു പ്രതീക്ഷിക്കുന്നു. ദൈവത്തിന് നന്ദി- അരുണ്‍ ലാല്‍ കൂട്ടിച്ചേര്‍ത്തു.
1982 മുതല്‍ 89 വരെ ഇന്ത്യന്‍ ജഴ്സിയണിഞ്ഞ അരുണ്‍ ലാല്‍, 16 ടെസ്റ്റുകളും 13 ഏകദിനങ്ങളും കളിച്ചു. ടെസ്റ്റില്‍ ആറ് അര്ധശതകമുള്പ്പെടെ 729 റണ്‍സെടുത്തു. ഉയര്‍ന്ന സ്കോര്‍ 93. ഏകദിനത്തില്‍ 122 റണ്‍സ്. ഉയര്‍ന്ന സ്കോര്‍ 51 റണ്‍സ്. 1989-90ല്‍ ബംഗാളിനെ രഞ്ജി കിരീടത്തിലേക്കു നയിച്ചത് അരുണ്‍ ലാലിന്റെ അര്‍ധശതകം. 51 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ബംഗാള്‍ കിരീടം തിരിച്ചുപിടിക്കുന്നത്. 45ാം വയസില്‍ 1995ലാണ് അരുണ്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: