പൂനെ: ഐപിഎല്ലില്‍ പൂനെ സൂപ്പര്‍ജയന്റ്സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 13 റണ്‍സ് ജയം. ഈ സീസണില്‍ ആദ്യം ബാറ്റ് ചെയ്ത് ഒരു ടീം നേടുന്ന രണ്ടാം ജയമാണിത്. രണ്ടും ബാംഗ്ലൂരിന്റെ പേരില്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത് 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സെടുത്ത ബാംഗ്ലൂരിനെതിരെ പൂനെയുടെ പോരാട്ടം 20 ഓവറില്‍ എട്ടു വിക്കറ്റിന് 172ല്‍ ഒതുങ്ങി.
എ.ബി. ഡിവില്ലേഴ്സിന്റെയും വിരാട് കോഹ്ലിയുടെയും തകര്‍പ്പന്‍ പ്രകടനമാണ് പൂനെയ്ക്കെതിരെയും ബാംഗ്ലൂരിന് മികച്ച സ്കോര്‍ സമ്മാനിച്ചത്. 46 പന്തില്‍ ആറു ഫോറും നാലു സിക്സറും സഹിതം ഡിവില്ലേഴ്സ് 83 റണ്‍സെടുത്തു. 63 പന്തില്‍ ഏഴു ഫോറും രണ്ടു സിക്സറും ഉള്‍പ്പെടെ 80 റണ്‍സ് വിരാടിന്റെ ബാറ്റില്‍നിന്നു വന്നു. വീണ മൂന്നു വിക്കറ്റുകളും തിസര പെരേരയ്ക്ക്.
ഓപ്പണര്‍ അജിങ്ക്യ രഹാനെയുടെ അര്‍ധശതകമാണ് പൂനെയുടെ പ്രതീക്ഷകള്‍ അവസാനം വരെ നിലനിര്‍ത്തിയത്. 46 പന്തില്‍ എട്ട് ബൗണ്ടറികളോടെ രഹാനെ 60 റണ്‍സെടുത്തു. മൂന്നാം വിക്കറ്റില്‍ നായകന് എം.എസ്. ധോണിക്കൊപ്പം 91 റണ്‍സ് ചേര്‍ത്തു രഹാനെ. 38 പന്തില്‍ മൂന്നു ഫോറുകളോടെ ധോണി 41 റണ്‍സെടുത്തു. രഹാനെ മടങ്ങിയ ശേഷം മികച്ച കൂട്ടുകെട്ടുകളുയര്ത്താന് മറ്റുള്ളവര്‍ക്കായില്ല. മുന്നിയരയില് ഹാഫെ ഡ്യുപ്ലെസിസും (രണ്ട്), സ്റ്റീവന്‍ സ്മിത്തും (നാല്) പരാജയപ്പെട്ടതും, കെവിന് പീറ്റേഴ്സണ് പരിക്കേറ്റ് മടങ്ങിയതും പൂനെയ്ക്ക് തിരിച്ചടിയായി.
അവസാന ഓവറുകളില്‍ തിസര പെരേരയും രജത് ഭാട്ടിയയും വേഗത്തില്‍ റണ്‍ നേടിയെങ്കിലും ജയത്തിന് അതു മതിയാകുമായിരുന്നില്ല. 13 പന്തില്‍ മൂന്നു വീതം ഫോറും സിക്സറും പറത്തി പെരേര 34 റണ്‍സെടുത്തപ്പോള്‍, 11 പന്തില്‍ ഓരോ ഫോറും സിക്സറും നേടി 21 റണ്‍സെടുത്തു ഭാട്ടിയ. മൂന്നോവറില്‍ 13 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത കെയ്ന്‍ റിച്ചാര്‍ഡ്സണാണ് ചലഞ്ചേഴ്സ് ബൗളര്‍മാരില്‍ തിളങ്ങിയത്. ഷെയ്ന് വാട്സണ് രണ്ടും, ഹര്‍ഷല്‍ പട്ടേല്‍, തബ്രെയ്സ് ഷംസി എന്നിവര്‍ ഓരോന്നും വിക്കറ്റെടുത്തു. ഡിവില്ലേഴ്സാണ് കളിയിലെ താരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: