ജീവിതം നമ്മെ എന്തൊക്കെയാണ് കാണിച്ചുതരുന്നത്?. ഒരേ കാര്യത്തില്‍ തന്നെ എന്തൊക്കെ വ്യത്യസ്തതകള്‍… സൂക്ഷ്മാംശങ്ങള്‍. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഞാന്‍ ജോണിയെ കണ്ടത്. പരോളില്‍ ഇറങ്ങിയ കുറ്റവാളിയായിരുന്നു ജോണി. സംസാരിച്ചപ്പോഴൊക്കെ അയാള്‍ പൊട്ടിക്കരയുകയായിരുന്നു, കുറ്റബോധത്താല്‍. കൊലപാതക കേസിലെ കുറ്റവാളി.
അയാള്‍ കൊല ചെയ്ത ആളുടെ ബന്ധുക്കള്‍ അയാളെ ആശ്വസിപ്പിക്കുന്നതും കണ്ടപ്പോള്‍ എന്തോ ഒരു വൈചിത്ര്യം തോന്നി. സാധാരണ എന്തൊക്കെത്തന്നെയായാലും തന്റെ ബന്ധുവിനെ കൊന്നയാളെ ശത്രുവായേ ബന്ധുക്കള്‍ കാണൂ. പക്ഷേ, ഇവിടെ ശത്രുസ്ഥാനത്ത് നില്‍ക്കുന്നയാളെ ആശ്വസിപ്പിക്കുന്നു. അതും മരിച്ചയാള്‍ മര്യാദക്കാരനും മാന്യനും അധ്യാപകനുമായിരുന്നു. എന്നിട്ടും…ഇത്…
ജോണിയില്‍ നിന്നുതന്നെയാണ് ഞാന്‍ കാര്യങ്ങള്‍ അറിഞ്ഞത്. ജോണിയുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു തൊട്ടയല്‍വാസിയായിരുന്ന ഗോപന്. കുട്ടിക്കാലം മുതലേ കളിച്ചുവളര്‍ന്ന ചങ്ങാതിമാര്‍. എന്തിനും ഏതിനും അവര്‍ ഒന്നിച്ചുനിന്നു. ഒരേ സ്കൂളില്‍, ഒരേ ക്ലാസില്‍ ഒരേ ബഞ്ചിലിരുന്നു പഠിച്ചു വളര്‍ന്നു. എന്തു തമാശയും എപ്പോള്‍ വേണമെങ്കിലും പറയാന്‍ അവകാശമുള്ളവരായി. പരസ്പരം വിമര്‍ശിക്കാനും തീരുമാനമെടുക്കാനും അധികാരമുള്ളവരായി അവര്‍ ജീവിച്ചു.
ഗോപന് എന്ന ഗോപാലകൃഷ്ണന് അധ്യാപകനായി.
അതും പഠിച്ച സ്കൂളില്‍ തന്നെ നിയമനം കിട്ടുകയും ചെയ്തു. സ്കൂള്‍ ഗെയിറ്റിന് എതിര്‍വശത്ത് ജോണി ഒരു കടനടത്താന്‍ തുടങ്ങി. പിതാവ് മരിച്ചപ്പോള്‍ പിതാവില്‍ നിന്നും ലഭിച്ചതാണ് ആ കച്ചവടസ്ഥാപനം. സ്കൂളിലേക്ക് പോകുമ്പോഴോ വരുമ്പോഴോ എപ്പോഴെങ്കിലും മാഷ് ജോണിയുടെ കടയില്‍ പോയി ഇരിക്കും. കുറച്ചുനേരം സംസാരിക്കും. ലോകകാര്യങ്ങളാകാം, വീട്ടുകാര്യങ്ങളാകാം, തമാശകളാവാം. തമാശ പറഞ്ഞുതകര്ക്കുമ്പോള് ചിലപ്പോള്‍ അങ്ങോട്ടുമിങ്ങോട്ടും അച്ഛനുവരെ വിളിച്ചെന്നിരിക്കും. അതും ഒരു ജോറുതമാശതന്നെയായിരുന്നു ഇരുവര്‍ക്കും.
അങ്ങനെയിരിക്കെ ഒരു വെള്ളിയാഴ്ചയാണ് ആ ദുര്‍ദിനം ഉണ്ടായത്.
പതിവിന് പടി മാഷ് ക്ലാസ് കഴിഞ്ഞുവരുന്ന വഴി ജോണിയുടെ കടയിലെത്തി. ജോണി അപ്പോള്‍ ആര്‍ക്കോ നാരങ്ങാവെള്ളം എടുത്തുകൊടുക്കുയായിരുന്നു. അതിനിടയില്‍ ഇരുവരും തമ്മിലുള്ള സംസാരം. സംസാരവും തമാശയും മുറുകിയപ്പോള്‍ മാഷ് പറഞ്ഞു- ‘‘എടാ ജോണി നീ ഇത് നിന്റപ്പനോട് പോയി പറഞ്ഞാല്‍ മതി’’.
അതുകേട്ടപ്പോള്‍ എന്തോ അന്ന് പതിവില്ലാത്തവിധം ജോണിക്ക് ദേഷ്യം വന്നു. രക്തം ഇരച്ചുകയറി.
‘‘എന്താ പറഞ്ഞത്?’’. ജോണി എടുത്തുചോദിച്ചു. നിന്റപ്പനോട് ചെന്ന് പറഞ്ഞാല്‍ മതിയെന്ന്. അവന്റെ ഭാവമാറ്റം ശ്രദ്ധിക്കാതെ മാഷ് ആവര്‍ത്തിച്ചു. പിന്നൊന്നും ഓര്‍ത്തില്ല ജോണി. അയാള്‍ നാരങ്ങാമുറിക്കുന്ന മൂര്‍ച്ചയുള്ള കത്തിയെടുത്ത് ഒറ്റക്കുത്ത്. മാഷിന്റെ ശരീരത്തില്‍ നിന്നു രക്തം ചീറ്റി. ഒരു നിമിഷം. അന്ധാളിച്ചുപോയ മാഷ് ചോദിച്ചു, ജോണി നീ എന്നെ കുത്തിയോ?
പൊടുന്നനെ ജോണിയുടെ സമനില തിരിച്ചുകിട്ടി.
അയ്യോ…ഗോപാ ഞാന്‍…ബാക്കി പറയും മുന്നേ ഗോപന് കുഴഞ്ഞുവീണു. ജോണി താങ്ങിയെടുത്തു. ജോണി തന്നെ ഓട്ടോറിക്ഷ പിടിച്ച് മാഷുമായി ഹോസ്പിറ്റലിലേക്ക് പാഞ്ഞു. പോകും വഴി ബോധം മറയും മുമ്പ് മാഷ് പറഞ്ഞു. സാരമില്ലടാ, നീ കുത്തീന്ന് ഞാന്‍ ഒരാളോടും പറയൂല്ല. പക്ഷേ, മാഷിന് പറയേണ്ടി വന്നില്ല. ഹോസ്പിറ്റലിലെത്തിയപ്പോഴേക്കും മാഷ് മരിച്ചുപോയിരുന്നു.
കേസ്, കോടതി. കോടതിയില്‍ ജോണി കുറ്റം ഏറ്റു.
കൊലപാതകത്തിന് പല കഥകളും നാട്ടുകാര്‍ നെയ്തെങ്കിലും ജോണി ഒന്നുമാത്രമേ പറഞ്ഞുള്ളു. ഗോപനില്ലാത്ത ഭൂമീല് എനിക്കും ജീവിക്കണ്ട.
ജോണിക്ക് ജീവപര്യന്തം കിട്ടി. അയാളുടെ നല്ല നിലയില്‍ നടന്നിരുന്ന കടയുടെ പാതി ഗോപന്റെ വീട്ടുകാര്‍ക്ക് ജോണി സ്വമേധായാ നല്കി.
‘‘സര് എന്നെ സാത്താന് ബാധിച്ച ദിവസമായിരുന്നു അന്ന്. ഞങ്ങള്‍ തമ്മില്‍ ഒരു പിണക്കവുമില്ല. അന്യോന്യം ഞങ്ങള്‍ അങ്ങനെയൊക്കെ വിളിക്കാറുണ്ട്. ചിരിക്കാറുണ്ട്. പക്ഷെ അന്നുമാത്രം. എന്നിക്കറിയില്ല. എന്റെ ഉറ്റ ചങ്ങാതിയെ കൊന്നുകളഞ്ഞ ഞാനെന്തിന് ഇനി…?!.’’ വാക്കുകള്‍ പൂര്‍ത്തിയാക്കാനാകാതെ അയാള്‍ വിങ്ങിപ്പൊട്ടി.
പക്ഷെ, എന്റെ ച്ങ്ങാതി പറഞ്ഞ കഥ മറ്റൊന്നായിരുന്നു. ഇതു നടന്നത് കോട്ടയം ജില്ലയില്‍. ബാറുകളൊക്കെ പൂട്ടുന്നതിന് മുമ്പേയുള്ള കാലം. ഏഴുമണിയോടെ കൈവിറയല്‍ മാറാന്‍ ഒരു പതിവ് കുടിയന് ബാറിലെത്തി. ഒന്നര പെഗ്ഗ് ഓഡര്‍ ചെയ്തിരുന്നു. അപ്പോഴാണ് അടുത്ത വരിയിലെ ടേബിളില്‍ ഒരു പയിന്റും വച്ച് സിഗരറ്റും വലിച്ചിരിക്കുന്ന ഒരാളെ കണ്ടത്. ഈ വെളുപ്പിന് ഒരു പയിന്റോ! പതിവുകാരന് അത്ഭുതപ്പെട്ടു.?
ഒന്നൊന്നര ആളല്ലെ. ഒന്നു പരിചയപ്പെടുകതന്നെ.
പതിവു കക്ഷി പുതിയ ആളുടെ അടുത്തുപോയി ബീഡിക്ക് തീ ചോദിച്ചു. അയാള്‍ കൊടുത്തു. തിരിച്ച് വീണ്ടും തന്റെ ടേബിളില്‍. ഒന്നര പെഗ്ഗും തീര്‍ന്നു. മറ്റേ ആളിലേക്ക് ഒന്നു പാളി നോക്കി. അയാളപ്പോഴും ചിന്തയിലാണ്. പയിന്റ് ഏതാണ്ട് തീരാറായ മട്ടില്‍. ഒന്നര കൂടി പറഞ്ഞശേഷം അയാള്‍ നേരെ പുതിയ കക്ഷിയുടെ എതിരെ പോയി ഇരുന്നു. മദ്യം കഴിച്ചുകൊണ്ടുതന്നെ ചോദിച്ചു. എവിടുന്നാ വരുന്നെ…കാണാറില്ലാത്തതുകൊണ്ട് ചോദിച്ചതാ…
അയാള്‍ അതിന് മറുപടി പറയാതെ ഒന്നിരുത്തി നോക്കി. പിന്നെ ചോദിച്ചു. ഒരു പയിന്റുകൂടി പറയട്ടെ. മറുപടി പറയും മുമ്പുതന്നെ അയാള്‍ ഓഡര്‍ ചെയ്തു. മദ്യം എത്തി. ഇരുവരും പങ്കിട്ടു.
ലഹരിപ്പുറത്ത് പുതുമുഖം കഥ പറയാന്‍ തുടങ്ങി. ജീവിതത്തില്‍ പാളം തെറ്റിയ കഥ. ആകെ കടവും പ്രശ്നങ്ങളും. ജപ്തി ഭീഷണി, ബ്ലയിഡുകാര്. വീട് വില്‍ക്കാമെന്നുവച്ചാല്‍ വില്പന നടക്കുന്നില്ല. ഇനി പണത്തിന് ഒരു മാര്‍ഗ്ഗവുമില്ല.
മരിച്ചാല്‍ ജോലി ഒരുപക്ഷെ മക്കളില്‍ ആര്‍ക്കെങ്കിലും ലഭിച്ചേക്കാം. കുറേ കടബാധ്യതകള്‍ തീര്‍ക്കാനും കഴിയും. വീടുംകൂടി വിറ്റാല്‍ കുടുംബത്തിന് സ്വസ്ഥമാകും. വീട്ടില്‍ വച്ച് ആത്മഹത്യ ചെയ്താല്‍ വീടുവില്‍ക്കുക ദുഷ്കരം.
മദ്യം ഏതാണ്ട് തീരാറായിക്കഴിഞ്ഞു. അയാള്‍ പതിവ് കക്ഷിയോട് ചോദിച്ചു. എന്തു പറയുന്നു.
തീര്‍ച്ചയായും ഇനി നിങ്ങള്‍ ജീവിച്ചിട്ട് വല്യ കാര്യമുണ്ടെന്ന് തോന്നുന്നില്ല. നിങ്ങള്‍ മരിക്കേണ്ട ആളുതന്നെ.
സമ്മതിച്ചല്ലോ. എങ്കില്‍ എനിക്കൊരു ഉപകാരം നിങ്ങള്‍ ചെയ്തുതരണം.
പറയ്. എന്താ ഞാന്‍ ചെയ്യേണ്ടത്.
നിങ്ങള്‍ എന്നെ കൊന്നുതരണം.
മദ്യം ശരിക്കും തലയ്ക്ക് പിടിച്ചുകഴിഞ്ഞു.
നിങ്ങള്‍ക്കും കുടുംബത്തിനും രക്ഷപെടാനല്ലെ. അത് ഞാന്‍ ചെയ്തുതരാം.
ഒരു പയിന്റ് കൂടി. വേണ്ട…ഇരുവരും എഴുന്നേറ്റു.
ആടിആടി പുറത്തേക്കുകടക്കുമ്പോള്‍ ഒരു സ്കൂട്ടറിന്റെ കേബിള്‍ കിടക്കുന്നതുകണ്ടു. പതിവുകക്ഷി അതെടുത്തു. അതിലെ പ്ലാസ്റ്റിക് വയര്‍ വലിച്ചുകളഞ്ഞ് സ്പ്രിങ് കൈയില്‍ വച്ചു.
ഇരുവരും ഗ്രാമത്തിലെ പാടവരമ്പത്തുകൂടി നടക്കാന്‍ തുടങ്ങി. കൃഷിപ്പണിക്ക് പോകുന്നവരൊക്കെ അവരെ ശ്രദ്ധിച്ചിരുന്നു. ഇടയ്ക്കിടെ അവര്‍ തിരിഞ്ഞുനോക്കി. തോടിന്റെ വക്കിലൂടെയാണ് പോകുന്നത്. വല്ലതും സംഭവിച്ചാല്‍.
പിന്നെ അവര്‍ നോക്കുമ്പോള്‍ കണ്ടത് രണ്ട് പേരും കൂടി തോട്ടിലേക്ക് ഇറങ്ങുന്നതാണ്. കുറച്ചുസമയം കാണാതായപ്പോള്‍ പണിക്കാര് അവിടെ നിന്നു. നോക്കുമ്പോഴുണ്ട് ഒരാള്‍മാത്രം കടന്നുവരുന്നു. മറ്റെയാള്‍ ഇല്ല. അയാള്‍ക്കെന്തു പറ്റിക്കാണും?.
പണിക്കാര് തോട്ടിനടുത്തേക്ക് ചെന്നു. അപ്പോള്‍ കണ്ട കാഴ്ച ഭയങ്കരമായിരുന്നു. കഴുത്തില്‍ സ്പ്രിംങ് ഇട്ടുകെട്ടിവരിഞ്ഞ് ഒരാളെക്കൊന്ന് വെള്ളത്തില്‍ ചവിട്ടിത്താഴ്ത്തിയിരിക്കുന്നു.
അതോടെ ജീവിതത്തിലൊരാളെ രക്ഷപെടുത്താന്‍ പോയ കക്ഷി പിടിയിലായി. ശിക്ഷ ലഭിച്ചുകഴിയുന്നു.
പക്ഷെ, സുനിതയുടെ കഥ അതായിരുന്നില്ല. എറണാകുളം ജില്ലയിലെ വ്യവസായ നഗരത്തില്‍ നല്ല തറവാട്ടുമഹിമയുള്ള കുടുംബത്തിലെ അംഗമായിരുന്നു സുനിത. ബികോം പരീക്ഷ എഴുതി നില്ക്കുന്ന കാലം. അപ്പോഴാണ് കാല് തളര്‍ന്നുപോയത്. ആകെ പ്രശ്നം. എറണാകുളത്ത് ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. നട്ടെല്ലിന് ശസ്ത്രക്രിയ വേണ്ടിവരും. പക്ഷെ ഒരു കാര്യം വിവാഹിതയാകാനോ പ്രസവിക്കാനോ പാടില്ല. അങ്ങനെയാണെങ്കില്‍ വീണ്ടും തളരാനും മരണത്തിനും വരെ സാധ്യതയുണ്ടാകും. ഡോക്ടര്‍ പറഞ്ഞു.
എന്തായാലും ശസ്ത്രക്രിയ നടത്തി. തളര്‍ച്ച മാറി, നടക്കാന്‍ തുടങ്ങി. അങ്ങനെയിരിക്കെയാണ് വീട്ടില്‍ തെങ്ങുകയറാന്‍ വരുന്ന ഒരു യുവാവുമായി സുനിത പ്രണയത്തിലായത്. തന്റെ ശാരീരിക പ്രശ്നങ്ങളെ അവഗണിച്ച് വീട്ടുകാരുടെ ശക്തമായ എതിര്‍പ്പിനെ മറികടന്ന് ഒന്നിച്ചുജീവിക്കാന്‍ തീരുമാനിച്ചു.
അവര്‍ ഡോക്ടറുടെ മുന്നറിയിപ്പ് വകവയ്ക്കാതെ വിവാഹിതരായി. വീട്ടുകാരോട് സ്വത്തിന്റെ പങ്ക് വാങ്ങി മാറിത്താമസിക്കുകയും ചെയ്തു. സുനിത ഗര്‍ഭിണിയായി. ഒരു പെണ്‍കുട്ടിയെ പ്രസവിച്ചു. പ്രസവം കഴിഞ്ഞ് എട്ടാം മാസം ഡോക്ടര്‍ പറഞ്ഞതുപോലെ തന്നെ സംഭവിച്ചു. അരയ്ക്കുകീഴെ തളര്‍ന്നു. ചികിത്സയില്‍ പരിഹാരമില്ലാതായി. നാട്ടുഭാഷയില്‍ പറയും പോലെ സുനിതയെ ഭര്‍ത്താവ് പൊന്നുപോലെ നോക്കി. എന്നാല്‍ ഇതിനകം അവളുടെ പേരിലുള്ള സ്വത്ത് അയാള്‍ സ്വന്തം പേരിലേക്ക് എഴുതി വാങ്ങിയിരുന്നു. ഏകദേശം നാലോ അഞ്ചോ വര്‍ഷം കഴിഞ്ഞപ്പോള്‍ സുനിത മരിച്ചു.
അയാള്‍ ഇതിനകം മറ്റൊരു സ്ത്രീക്ക് ആ സ്വത്തുക്കള്‍ എഴുതി നല്‍കിയിരുന്നു. സുനിതയുടെ മരണം ഉടനെ ഉണ്ടാകുമെന്നറിയാവുന്ന അയാള്‍ അവളുടെ മരണശേഷം ആ സ്ത്രീക്കൊപ്പം ജീവിക്കുക അതായിരുന്നു ലക്ഷ്യം. അതിന് ആ സ്ത്രീ പറഞ്ഞ വ്യവസ്ഥ ആ സ്വത്തുമുഴുവനും തനിക്ക് നല്‍കുക. അതുപ്രകാരമായിരുന്നു അയാള്‍ അതു ചെയ്തത്.
സുനിതയുടെ മരണം, ചടങ്ങുകള്‍ എല്ലാം കഴിഞ്ഞപ്പോള്‍ അയാള്‍ ആ സ്ത്രീയുടെ അടുത്തെത്തി. തന്റെ ലക്ഷ്യം നേടിക്കഴിഞ്ഞിരുന്ന ആ സ്ത്രീ അയാളെ സ്വീകരിക്കാന്‍ തയ്യാറായില്ലെന്നുമാത്രമല്ല അവിടെ നിന്നും അയാളെ അപമാനിച്ചുവിടുകയും ചെയ്തു. പ്രതികാര ചിത്തനായി മാറിയ അയാള്‍ തെങ്ങുകയറ്റ ജോലിക്ക് ഉപയോഗിച്ചിരുന്ന വാക്കത്തി കൈയിലെടുത്തു. മറ്റൊന്നും ആലോചിച്ചില്ല. തന്നെ വഞ്ചിച്ച ആ സ്ത്രീയെ വെട്ടിക്കൊന്നു.
ശിക്ഷകിട്ടി. അയാള്‍ ജയിലിലാണ് ഇപ്പോഴും.
ഒന്ന് ഒരിക്കലും ഇല്ലാത്തവിധം പ്രകോപിതനായി കൊലപാതകം നടത്തിയ ആള്. മറ്റൊന്ന് ലഹരിയില്‍ വരുംവരായ്കകള്‍ മറന്ന് ‘രക്ഷിക്കാന്‍’ കൊലനടത്തിയത്. വേറൊന്നാകട്ടെ തന്നെ വഞ്ചിച്ചതിന് പ്രതികാരം തീര്‍ത്തത്. ഇവിടെ ശരിതെറ്റുകളെക്കുറിച്ചൊരു വ്യാഖ്യാനമോ കണ്ടെത്തലുകള്‍ക്കോ അല്ല തയ്യാറാകുന്നത്. പകരം പ്രശസ്ത മനശാസ്ത്രജ്ഞനായ വില്യം ജെയിംസ് ഒരിടത്ത് എഴുതിയതാണ് ശ്രദ്ധേയം. ” നമ്മുടെ ജീവിതത്തില്‍ നമുക്ക് എന്തു സംഭവിക്കുന്നു എന്നതല്ല പ്രധാനപ്പെട്ട കാര്യം; പ്രത്യുത നമ്മുടെ ഉള്ളില്‍ നമുക്ക് എന്തുസംഭവിക്കുന്നു എന്നതാണ്”. നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളെ പലപ്പോഴും നമുക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞു എന്നുവരില്ല. കാരണം അത്തരം സംഭവങ്ങള്‍ക്കുപിന്നില്‍ ധാരാളം ഘടകങ്ങളുടെ സ്വാധീനം കണ്ടേക്കാം. പക്ഷേ, മറ്റൊന്നുണ്ട് സംഭവിക്കുന്ന കാര്യങ്ങളോട് എങ്ങനെ പ്രതികരിക്കണം എന്നത് നമുക്ക് തീരുമാനിക്കാനാകും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നമ്മുടെ മനോഭാവത്തെ നമുക്ക് നിയന്ത്രിക്കാനാകും. ആ നിയന്ത്രണവും നിയന്ത്രണമില്ലായ്മയുമല്ലെ പലപ്പോഴും നമ്മെ പലതുമാക്കി മാറ്റുന്നത്?!.
പുതുമൊഴി
ഉണ്ട തിന്നാന്‍ നല്ലത്.
ഗുണ്ടയാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: