അമേരിക്കയുടെ സാമൂഹിക ജീവിതത്തില്‍ മലയാളി ബാലന്റെ കൈയൊപ്പ്. കാലിഫോര്‍ണിയയിലെ ലോസ്ആഞ്ചല്സിനടുത്തുള്ള കാലാബസസ് എന്ന ചെറുപട്ടണത്തിന്റെ 25-ാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി അവിടുത്തെ പ്രാദേശിക ഭരണകൂടം നടത്തിയ ചിത്രരചനാ മത്സരത്തില്‍ വിജയിയായി കേരളത്തിന്റെകൂടി അഭിമാനമായി മാറുകയാണ് ഹരിഗോവിന്ദ്.
കാലാബസസിലെ പ്രാദേശിത ഭരണകൂടത്തിന്റെ ഗ്രന്ഥാലയം പുതിയൊരു ലൈബ്രറി കാര്‍ഡ് പുറത്തിറക്കുന്നത്തിനായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുകയായിരുന്നു. അഞ്ചുമുതല്‍ 17 വയസ്സുവരെയുള്ളവര്ക്കായിട്ടാണ് മത്സരം നടത്തിയത്. കാലാബസസ് ലൈബ്രറി കമ്മീഷനാണ് സമ്മാനാര്‍ഹമായ ചിത്രം തിരഞ്ഞെടുത്തത്. കാലാബസസ് നഗരത്തിന്റെ ഔദ്യോഗിക ചിഹ്നമായ ചെങ്കഴുകന് ലൈബ്രറി കെട്ടിടത്തിന് മേലെ പറക്കുന്ന രംഗമാണ് ഹരിഗോവിന്ദ് ചിത്രീകരിച്ചത്. പോസ്റ്റല്‍ പേപ്പറില്‍ പേസ്റ്റല്‍ ചോക്ക് ഉപയോഗിച്ചാണ് ഇത് ചിത്രീകരിച്ചത്. ആലുവ സ്വദേശിനിയായ രാജേശ്വരി എന്‍.കൈമളിന്റേയും തൃശൂര്‍ സ്വദേശി അജികുമാറിന്റേയും മകനാണ് ഹരിഗോവിന്ദ്. കാലിഫോര്‍ണിയയിലെ മൂര്‍പാര്‍ക്കില്‍ പെന്നി മാക് ഫിനാന്‍ഷ്യല്‍ മോര്‍ട്ട്ഗേജ് ബാങ്കിന്റെ വൈസ് പ്രസിഡന്റാണ് അജികുമാര്‍.
അഞ്ചുവയസ്സുമുതല്‍ ചിത്രരചനയില്‍ സജീവമാണ് ഈ ബാലന്. ഇറാനിയന്‍ ചിത്രകാരി ഷഹ്നാസ് അഹ് മെദ്പൂരാണ് ഗുരു. ചിത്രകാരിയായ എലിന ലോറന്സില് നിന്നും ചിത്രകല അഭ്യസിച്ചിട്ടുണ്ട്. കാലാബസസിലെ ലുപിന്‍ ഹില്‍ എലമെന്ററി സ്കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഹരിഗോവിന്ദ്. അച്ഛനും അമ്മയ്ക്കും അനുജത്തി ഭദ്രയ്ക്കുമൊപ്പം നോര്‍ത്ത് ലോസ്ആഞ്ചല്‍സില്‍ താമസിക്കുന്ന ഹരിഗോവിന്ദിന്റെ ചിത്രപ്രദര്‍ശനം കേരളത്തില്‍ നടത്താനും ആലോചിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: