മഹേഷ് അനിയന് മാരാര്‍ തൃപ്രയാര്‍ രമേശ് ശരത് ചന്ദ്രന്
സാഹോദര്യത്തിന്റെ കെട്ടുറപ്പോടെ നാല്‍വര്‍ സംഘം കൊട്ടുമ്പോള്‍ ഉയരുന്നത് ശബ്ദം മാത്രമല്ല, തൃപ്രയാറിന്റെ പെരുമ കൂടിയാണ്. വാദ്യകലയ്ക്ക് പേരുകേട്ട, വാദ്യകലാകാരന്മാര്ക്ക് പെരുമകേട്ട മണപ്പുറത്തിന്റെ മണ്ണില്‍ നിന്ന് വാദ്യകലയില്‍ നിപുണരായ നാലുസഹോദരങ്ങള്‍. അവര്‍ ചെണ്ടയിലും തിമിലയിലും തീര്‍ക്കുന്ന നാദപ്പെരുമയില് പൂരപ്പറമ്പുകളിലും ഉത്സവപ്പറമ്പുകളിലും വാദ്യകലയെ പ്രണയിക്കുന്നവര്‍ ലയിക്കുന്നു. വാദ്യപ്രേമികളുടെ ഹരമായി ഈ നാലുസഹോദരങ്ങള്‍ മാറിയിട്ട് കാലമേറെയായി.
കുമരപുരത്ത് മാരാത്ത് കുട്ടന്മാരാരുടെ മക്കളായ തൃപ്രയാര്‍ രമേശ്, സഹോദരന് അനിയന് മാരാര്‍, കുട്ടന് മാരാരുടെ സഹോദരന് മോഹനന് മാരാരുടെ മക്കളായ മഹേഷ്, ശരത് ചന്ദ്രന്(ഉമേഷ്) എന്നിവരാണ് തിമിലയിലും ചെണ്ടയിലും വിസ്മയം തീര്‍ത്ത് വാദ്യകലയില്‍ തൃപ്രയാറിന്റെ പെരുമ ഉയര്‍ത്തുന്നത്. പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം മുതല്‍ കേരളത്തിലെ പ്രശസ്തമായ എല്ലാ പൂരങ്ങളിലും ഈ സോദരങ്ങളുടെ പ്രതിഭ ആസ്വാദക വൃന്ദം അനുഭവിച്ചറിഞ്ഞിട്ടുണ്ട്.
രമേശ് തിരുവമ്പാടി വിഭാഗത്തിന്റെ മഠത്തില്‍വരവില്‍ പഞ്ചവാദ്യത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിലെറേയായി തിമിലയില്‍ മാറ്റുതെളിയിക്കുന്നു.
ഇത്തവണയും അന്നമനട പരമേശ്വരന് മാരാര്‍ക്ക് ഒപ്പം താളവിസ്മയം തീര്‍ക്കാന്‍ രമേശുണ്ടായിരുന്നു. കഴിഞ്ഞ തവണ മഠത്തില്‍ വരവില്‍ പ്രമാണം വഹിച്ച കേളത്ത് കുട്ടപ്പന്മാരാരുടെ കീഴില്‍ തിമില അഭ്യസിച്ച രമേശ് കേരളത്തിലെ പ്രധാന ഉത്സവങ്ങളില്‍ പങ്കെടുക്കാറുണ്ട്. ഉത്രാളി, തൃപ്പൂണിത്തുറ, എറണാകുളത്തപ്പന് ക്ഷേത്രം, നെന്മാറ വല്ലങ്ങി, തൃപ്രയാര്‍, ഇരിങ്ങാലക്കുട കൂടല്‍മാണിക്യം, ആറാട്ടുപുഴ തുടങ്ങിയ ക്ഷേത്രങ്ങളിലെല്ലാം വര്‍ഷങ്ങളായി രമേശിന്റെ സാന്നിദ്ധ്യമുണ്ട്. ആറാട്ടുപുഴ പൂരത്തിന്റെ ഭാഗമായുള്ള അന്തിക്കാട് ഭാഗവതിയുടെ പൂരം പുറപ്പാടിന്റെ പ്രമാണം രമേശാണ്.
കൂടാതെ നിരവധി ക്ഷേത്രങ്ങളില്‍ പഞ്ചവാദ്യത്തിന് പ്രമാണം വഹിച്ചു വരുന്നു. മഠത്തില്‍ വരവില്‍ പഞ്ചവാദ്യത്തില്‍ ഏതാനും വര്‍ഷമായി രമേശിനൊപ്പം തിമിലയില്‍ പങ്കെടുക്കുന്ന മഹേഷ് മികച്ച സോപാന സംഗീതഞ്ജന്‍ കൂടിയാണ്. തിമിലയ്ക്ക് പുറമേ ചെണ്ടയിലും മഹേഷ് പ്രാഗത്ഭ്യം തെളിയിക്കുന്നു, അനിയന് മാരാരും മഹേഷും ചേര്‍ന്നുള്ള ഇരട്ട തായമ്പക ഇതിനോടകം നിരവധി ക്ഷേത്രങ്ങളില്‍ അരങ്ങേറിയിട്ടുണ്ട്. തൃപ്രയാര്‍ അപ്പുമാരാര്‍, രാജപ്പന് മാരാര്‍ എന്നിവരില്‍ നിന്നാണ് സോപാന സംഗീതം പഠിച്ചത്. പ്രഗത്ഭര്‍ പങ്കെടുത്ത നിരവധി പരിപാടികളില്‍ മഹേഷ് അവതരിപ്പിച്ച സോപാന സംഗീതം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.
മേളത്തില്‍ ആയിരങ്ങളെ ത്രസിപ്പിക്കുന്ന അനിയന് മാരാര്‍, മേള പ്രമാണി ചെറുശ്ശേരി കുട്ടന് മാരാരുടെ ശിഷ്യനാണ്. ഏതാനും വര്‍ഷങ്ങളായി തൃശൂര്‍ പൂരത്തില്‍ അയ്യന്തോള്‍ വിഭാഗത്തിലാണ് അനിയന് മാരാര്‍ പങ്കെടുക്കുന്നത്. നേരത്തെ കണിമംഗലം ശാസ്താവിന്റെ പൂരത്തിലും പങ്കെടുത്തിരുന്നു. ആറാട്ടുപുഴ പൂരത്തില്‍ വര്‍ഷങ്ങളായി അന്തിക്കാട്, ചൂരക്കാട് ഭഗവതിമാരുടെ മേള പ്രമാണിയാണ്. തൃപ്രയാര്‍ എകാദശിക്ക് രാത്രി മേളത്തിന്റെ പ്രമാണം ഏതാനും വര്‍ഷങ്ങളായി അനിയന് മാരാരാണ്.
കേരളത്തിലെ പ്രഗത്ഭരായ വാദ്യകലാകാരന്മാര്ക്കൊപ്പവും അനിയന് തന്റെ മേളത്തിലെ മികവ് പ്രകടമാക്കി കഴിഞ്ഞു. ഉത്സവ പറമ്പുകളില്‍ വാദ്യപ്രേമികളുടെ ഹരമാണ് ഈ യുവകലാകാരന്. ശരത് ചന്ദ്രനും തന്റെ കഴിവ് പ്രകടമാക്കിക്കഴിഞ്ഞു. തിമിലയും ചെണ്ടയും അഭ്യസിച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ തിമിലയിലാണ് കൂടുതല്‍ ശ്രദ്ധ.
രമേശും മഹേഷും തൃപ്രയാര്‍ ക്ഷേത്രത്തിലും അനിയന് എരകുളങ്ങര ക്ഷേത്രത്തിലും ജീവനക്കാരാണ്. തിമിലയേയും ചെണ്ടയേയും ഹൃദയത്തിലേറ്റി, നാലുപേരും കേരളത്തിലെ പൂരങ്ങളായ പൂരങ്ങളും ഉത്സവങ്ങളായ ഉത്സവങ്ങളും തങ്ങളുടെ വാദ്യവിദ്യകൊണ്ട് വിസ്മയിപ്പിക്കുമ്പോള് ഒരു നാടു മുഴുവന്‍ അഭിമാനത്തോടെ പറയുന്നു, ഇവര്‍ തൃപ്രയാറിന്റെ അഭിമാനവാദ്യക്കാര്. വാദ്യകലയില്‍ പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്നവരാണ് കുട്ടന് മാരാരും മോഹനന് മാരാരും. ഇവരുടെ പിതാവ് പണ്ടാരത്തില്‍ കുട്ടപ്പന് മാരാര്‍ പാറമേക്കാവ് വിഭാഗത്തിന്റെ പഞ്ചവാദ്യ പ്രമാണിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: