അമ്മയെന്ന രണ്ടക്ഷരത്തിനുള്ളില്‍ എന്തെല്ലാം അടങ്ങിയിരിക്കുന്നു? ലോകത്തിലെ സകലവിശുദ്ധിയുടെയും തീര്‍ത്ഥസമാനമായ അഭയകേന്ദ്രമാണ് മക്കള്‍ക്ക് അമ്മ. ഏതു വേദനയ്ക്കുള്ളിലും സാന്ത്വനത്തിന്റെ ശീതളസ്പര്‍ശമായി അമ്മ എന്ന വികാരം തുടുത്തുനില്‍ക്കുന്നു. അതുകൊണ്ടുതന്നെ പകരം വെക്കാനില്ലാത്ത പരിശുദ്ധിയാണ്, സംസ്കാരമാണ് അമ്മ. സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും അനുതാപത്തിന്റെയും ഒരിക്കലും വറ്റാത്ത സ്തന്യപ്രവാഹമാണ് അമ്മ.
അങ്ങനെയുള്ള അമ്മമാരെ പ്രായമാവുമ്പോള്‍ ഉപേക്ഷിക്കുകയും തൊഴിച്ചു പുറത്താക്കുകയും ചെയ്യുന്ന വാര്‍ത്തകള്‍ നാമെത്രയോ കേട്ടിട്ടുണ്ട്. എന്നാല്‍ വളരെ ചുരുക്കമായി മാത്രമെ മക്കളെ ഉപദ്രവിക്കുന്ന അമ്മമാരെപ്പറ്റി കേട്ടിട്ടുള്ളൂ. ഒരിക്കലും അത് വ്യാപകമായ സ്ഥിതിവിശേഷമാകുന്നില്ല. അങ്ങനെ ചിന്തിക്കാന്‍ പോലും കഴിയില്ല എന്നതാണ് വാസ്തവം. എന്നാല്‍ ഏതു പത്മതീര്ത്ഥത്തിലും അല്പം കാളകൂടം ചേര്‍ന്നുപോയാല്‍ സംഗതിയൊക്കെ മാറി. നാം സങ്കല്പിച്ച് ഓമനിച്ച് വെച്ചിരുന്ന വര്‍ണക്കൊട്ടാരം തവിടുപൊടിയാവാന്‍ പിന്നെ നിമിഷങ്ങള്‍ മാത്രം.
അത്തരമൊരു വാര്‍ത്ത ഒരു വര്‍ഷം മുമ്പ് നമ്മെ ചുട്ടുപൊള്ളിച്ചു. അതിന്റെ ഫലശ്രുതി വര്‍ഷം തികയുന്ന അന്ന് ഉണ്ടാവുകയും ചെയ്തു. അനുശാന്തി എന്ന സ്ത്രീയെ നമുക്ക് ഒരിക്കലും അമ്മയെന്ന് വിളിക്കാനാവില്ല. കാരണം മുലപ്പാലിന്റെ മണം ചുണ്ടില്‍ നിന്ന് വിട്ടുമാറാത്ത സ്വന്തം മകളെ കാമുകനെക്കൊണ്ട് അടിച്ച് കൊലപ്പെടുത്താന്‍ അവര്‍ തയ്യാറായി എന്നതുകൊണ്ടു തന്നെ.
ഭര്‍ത്താവും മകളുമുള്ള അനുശാന്തി അന്യസ്ത്രീയുടെ ഭര്‍ത്താവില്‍ അനുരക്തയായി അയാള്‍ക്കൊപ്പം ജീവിക്കാന്‍ സന്നദ്ധയാവുകയായിരുന്നു. തന്റെ െെസ്വര്യ വിഹാരത്തിന് തടസ്സമാവുമെന്നവിശ്വാസത്തില് ഭര്‍ത്താവിനെയും മകളെയും ഭര്‍തൃമാതാവിനെയും കാമുകനായ നിനോമാത്യുവിനെക്കൊണ്ട് കൊലപ്പെടുത്താന്‍ അവര്‍ ഇറങ്ങിപ്പുറപ്പെട്ടു. ഭാഗ്യവശാല്‍ ഭര്‍ത്താവ് രക്ഷപ്പെട്ടു. പിഞ്ചുമകളും ഭര്‍തൃമാതാവും കൊല്ലപ്പെട്ടു.
നൊന്തുപ്രസവിച്ച മകളെ നിഷ്കരുണം കൊലപ്പെടുത്താന്‍ ഒത്താശ ചെയ്ത അനുശാന്തിയും അമ്മയുടെ റോളില്‍ തന്നെയാണ്. അമ്മേ എന്ന് വിളിച്ച് കരയാന്പോലുമാവാഞ്ഞ ആ പിഞ്ചുകുഞ്ഞിനെ കൊല്ലാന്‍ ഒരമ്മ ഇറങ്ങിപ്പുറപ്പെട്ടു എന്ന് നമുക്കു വിശ്വസിക്കാനാവുന്നില്ല. ചേതനയറ്റ പിഞ്ചുകുഞ്ഞിനെ കാണാനോ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുക്കാനോ പോലും അവര്‍ തയ്യാറായില്ല എന്നുവരുമ്പോള്‍ മനുഷ്യരൂപം ധരിച്ച ഒരു രക്തരക്ഷസിനെ ഓര്‍മ്മവരുന്നില്ലേ?
ആറ്റിങ്ങലിലെ ഇരട്ടക്കൊലപാതകത്തിന് നിനോ മാത്യുവിന് വധശിക്ഷയും അനുശാന്തിക്ക് ഇരട്ടജീവപര്യന്തവും വിധിച്ച ജഡ്ജി വി. ഷെര്‍സി, അവരെ അമ്മയുടെ ഗണത്തില്‍ പെടുത്താന്‍ പറ്റില്ലെന്ന് ചൂണ്ടിക്കാട്ടുകയുണ്ടായി. അമ്മ എന്ന എക്കാലത്തെയും ധന്യമായ സങ്കല്പത്തെ തകിടംമറിക്കുന്ന ആള്‍രൂപമായി അനുശാന്തി.
അവരുടെ കൈകളില്‍ പറ്റിയ ചോരക്കറ കഴുകിക്കളയാന്‍ അറേബ്യയിലെ മൊത്തം സുഗന്ധലേപനങ്ങള്‍ ഉപയോഗിച്ചാലും മതിയാവില്ല എന്ന ലോകപ്രശസ്ത നാടകകൃത്തിന്റെ ശൈലിയും കോടതി ചൂണ്ടിക്കാട്ടി. ആധുനിക സമൂഹത്തിലെ കാന്‍സര്‍ ബാധക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ, എവിടെ തുടങ്ങണമെന്നറിയാതിരിക്കുകയാണ്. ധാര്‍മ്മികതയും മൂല്യങ്ങളും സദാചാരവും വെറുംവാക്കുകളായി അധപ്പതിക്കുകയാണ്. ഒരു നിയന്ത്രണവുമില്ലാത്ത ഒഴുക്കായി ജീവിതം കുതിച്ചുപായുന്നു. മൂല്യങ്ങളില്‍ നിന്ന് മോഹങ്ങളിലേക്കുള്ള യാത്ര നമ്മെ എവിടെക്കൊണ്ട് ചെന്നെത്തിക്കുമെന്നതിന്റെ മറക്കാനാവാത്ത ഉദാഹരണമാണ് ആറ്റിങ്ങലിലെ കൊലപാതകവും തുടര്‍സംഭവ വികാസങ്ങളും.
മേല്‍ കേസിലെ പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ കിട്ടാന്‍ ഇടവെച്ചത് പ്രതികളിലൊരാളുടെ പിതാവിന്റെ ഇടപെടലാണ്. നിനോ മാത്യുവെന്ന കാപാലികന്റെ പിതാവ് റിട്ട. പ്രൊഫസറാണ്. തന്റെ മകന് വഴിതിരിഞ്ഞു പോവുന്നത് കണ്ട് നെഞ്ചുരുകി ഗുണദോഷിച്ച, ഉപദേശിച്ച വ്യക്തിയാണദ്ദേഹം. ഒടുവില്‍ അനിവാര്യമായത് സംഭവിച്ചപ്പോള്‍ സ്വന്തം മകന് എന്ന വികാരം മാറ്റി നിര്‍ത്തി പിഞ്ചുകുഞ്ഞിന്റെ രക്ഷകര്‍ത്താവായി അദ്ദേഹം. അനുശാന്തിയുടെ സ്ഥാനത്ത് റിട്ട. പ്രൊഫസറാണ് വാസ്തവത്തില്‍ മാതൃഹൃദയം പേറുന്നത്.
അതുകൊണ്ടാണ് സ്വന്തം മകന് അര്‍ഹിക്കുന്ന ശിക്ഷകിട്ടാന്‍ ആ പിതാവ് വിറയ്ക്കാത്ത കാല്‍വെപ്പുകളുമായി നീതിപീഠത്തിനു മുമ്പിലെത്തിയത്. ഭൗതികമായി സ്വാസ്തികയെന്ന പിഞ്ചുമകളുടെ അമ്മ അനുശാന്തിയാണെങ്കിലും മാനസികമായി റിട്ട. പ്രൊഫസര്‍ ആസ്ഥാനം ഹൃദയത്തില്‍ ഏറ്റുവാങ്ങി. പുഴുക്കുത്തേറ്റ ഒരു വിഭാഗം മനുഷ്യര്‍ക്കു മുന്നില്‍ സ്നേഹതേജസ്സോടെ അദ്ദേഹം ചുവടുറപ്പിച്ചു നില്ക്കുന്നു. ധാര്‍മ്മിക ജീവിതത്തിന് അവശ്യം വേണ്ട ആദ്ധ്യാത്മിക കാല്‍വെപ്പ് കൈമോശം വരുന്നതിന്റെ ആത്യന്തിക ഫലമാണിതെന്ന് നാം മനസ്സിലാക്കണം. പലതും കൈപ്പിടിയിലൊതുക്കാന്‍ തത്രപ്പെടുമ്പോള്‍ വാസ്തവത്തില്‍ നാം മനുഷ്യത്വത്തില്‍ നിന്ന് അകന്നുപോവുകയാണ്. തിരിച്ചറിവില്ലാത്തതല്ല പ്രശ്നം, തിരിച്ചറിഞ്ഞിട്ടും തിരിഞ്ഞുനോക്കാത്തതാണ്.
***********
നമ്മുടെ കണാരേട്ടന്റെ സ്ഥിരം പ്രയോഗമാണ് വേണ്ടണം എന്നത്. ചില കാര്യങ്ങള്‍ ഇഷ്ടമാണ്, എന്നാല്‍ അത് പരസ്യമായി പ്രകടിപ്പിക്കാന്‍ വിഷമം. ഇതിന് ടിയാന് വക പ്രയോഗമാണ് വേണ്ടണം. വേണോ എന്ന് ചോദിച്ചാല്‍ വേണ്ട; വേണ്ടേ എന്നു ചോദിച്ചാല്‍ വേണം എന്ന നിലപാട്. നമ്മുടെ വേലിക്കകത്തെ സഖാവിനെക്കുറിച്ച് പുറത്തുള്ള സഖാവിനും അഭിപ്രായം ഏതാണ്ടിതേ പ്രയോഗം പോലെയാണ്. വോട്ട് തട്ടാന്‍ മൂപ്പര് നല്ലതെന്ന തോന്നലുണ്ട്, എന്നാല്‍ അക്കാര്യത്തില്‍ വല്ലാതെ നെഗളിക്കണ്ട എന്ന ഭീഷണിയും.
തെക്കോട്ടും വടക്കോട്ടും ഇരു സഖാക്കളും വോട്ടു ചോദിക്കാന്‍ ഇറങ്ങിത്തിരിച്ചതിന്റെ കൊടിയേറ്റം നടക്കുമ്പോള്‍ തന്നെ കുഴിയമിട്ട് പൊട്ടിയതില്‍ നിന്ന് നമുക്ക് മനസ്സിലാക്കാവുന്നത് അതാണ്. ഇനി നിര്‍ഭാഗ്യവശാല്‍ നിയമസഭയില്‍ പാര്‍ട്ടി എംഎല്‍എമാര്‍ കൂടിയെന്ന് കരുതുക. നയിക്കാനുള്ളവനെ തെരഞ്ഞെടുക്കാന്‍ യോഗം ചേരുമ്പോള്‍ പാര്‍ട്ടിവിരുദ്ധനെന്ന പ്രമേയം ഡമോക്ലസ്വാളായി അങ്ങനെ തൂങ്ങിനില്ക്കില്ലേ? പിണറായിക്കാരന് ഒന്നും കാണാതെയല്ല കായംകുളം വാള് എണ്ണപുരട്ടി തുരുമ്പുനീക്കുന്നത്.
ഇനി ഇതിലൊരു കലാവിന്യാസം കാണുന്നില്ലേ എന്നൊരു ചോദ്യവും അവശേഷിക്കുന്നു. ഇന്സ്റ്റലേഷന് കണ്ണുകൊണ്ട് ആസ്വദിക്കേണ്ടതു മാത്രമല്ലല്ലോ. മനസ്സുകൊണ്ടും അതാവാം. ഇക്കാര്യത്തില്‍ ബിരുദാനന്തരബിരുദമുള്ള നമ്മുടെ ബേബിച്ചായന് അതിന്റെ താത്വികവിശകലനവും സൗന്ദര്യം സങ്കല്പവും വെടിപ്പായി പറഞ്ഞതരും. മാര്‍ക്സിയന്‍ സൗന്ദര്യശാസ്ത്രത്തിന് ഇമ്മാതിരി മുഖങ്ങളൊക്കെയുണ്ടെന്ന് പതിയെപ്പതിയെ അറിഞ്ഞു തുടങ്ങിയ കണാരേട്ടന്റെ ലാസ്റ്റ് കമന്റ് ഇങ്ങനെ: പാലോറ മാത നേരത്തെ പോയത് എത്ര നന്നായി.
***********
ഓരോ തെരഞ്ഞെടുപ്പു കാലവും ഓരോ ഉത്സവമാണല്ലോ. പുതിയ പ്രയോഗങ്ങള്‍, വാദഗതികള്‍, വ്യാഖ്യാനങ്ങള്‍, നിരീക്ഷണങ്ങള്‍ എന്നു വേണ്ട ഒടയതമ്പുരാന്‍ കല്പിച്ചതും കല്‍പ്പിക്കാത്തതുമായ സകലസംഗതികളും ഉയര്‍ന്നുവരും. ഉത്സവസമാപ്തിയില് നല്ല വെടിക്കെട്ടും (ചിലപ്പോള്‍ അനര്‍ത്ഥവും ഉണ്ടാവുമെന്ന് പരവൂര്‍ സാക്ഷ്യം) ഉണ്ടാവും.
വെടിക്കെട്ടിലെ അനര്‍ത്ഥം ഭൗതികമായി ആളെ കൊല്ലുമെങ്കില്‍ തെരഞ്ഞെടുപ്പുത്സവത്തിലെ വെടിക്കെട്ടില്‍ അത് മാനസികമാവുന്നു എന്നുമാത്രം. ഓര്‍മ്മയില്ലേ, കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഒരു പരനാറി കുഴിമിന്നല്‍ സ്ഫോടനം ഉണ്ടാക്കിയ നാശനഷ്ടങ്ങള്‍. സംഗതിവശാല്‍ ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പുത്സവത്തിനു മുമ്പ് പരവൂര്‍ ദുരന്തം ഉണ്ടായതിനാല്‍ മറ്റൊന്നും വരില്ലെന്ന് ആശ്വസിക്കുക. കാര്‍ട്ടൂണുകളുടെ ചാകരയാണ് ഈ ഉത്സവക്കാഴ്ചയിലെ മറ്റൊരു വര്‍ണ്ണപ്പകിട്ട്. കണ്ടാലും അതിലെയൊരു കുടമാറ്റം.
നേര്‍മുറി
മദ്യനയത്തില്‍ വെള്ളം ചേര്‍ക്കില്ല- സുധീരന്
അപ്പോ ഡ്രൈ ആണ് നൊമ്മുടെ സ്റ്റൈല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: