തൊടുപുഴ: അമ്പലംറോഡിലെ അനധികൃത പാര്‍ക്കിംഗിനെതിരെ ട്രാഫിക് പോലീസ് നടപടി സ്വീകരിച്ച് തുടങ്ങി. ഇന്നലെ നിരവധി വാഹനങ്ങളാണ് ഇവിടെ നിയമംതെറ്റിച്ച് പാര്‍ക്ക് ചെയ്തിരുന്നത്. തൊടുപുഴ ട്രാഫിക് എസ്ഐ പി ആര് സജീവന്റെ നേതൃത്വത്തിലെത്തിയ സംഘം ഒരു വാഹനത്തിന് പിഴ ഈടാക്കുകയും ബാക്കിയുള്ളവയ്ക്ക് നോട്ടീസ് പതിക്കുകയും ചെയ്തു. പോലീസ് എത്തി പത്ത് മിനിറ്റുകൊണ്ട് രണ്ട് ഓട്ടോറിക്ഷയും ബൈക്കുമടക്കം നിരവധി വാഹനങ്ങളാണ് വണ്‍വേ തെറ്റിച്ച് ഇതുവഴി വന്നത്. ഇവര്‍ക്ക് മുന്നറിയിപ്പ് നല്കി പോലീസ് തിരിച്ചയക്കുകയും ചെയ്തു. മുമ്പ് നിരവധി തവണ ഈ റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്ക് പോലീസ് പിഴ ഈടാക്കിയിട്ടുണ്ട്. ഒറ്റവരി പാതയില്‍ പാര്‍ക്കിംഗ് നിരോധിച്ചിട്ടുള്ളതും ഇങ്ങനെ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് 500 രൂപ വരെ പിഴ ഈടാക്കാവുന്നതുമാണ്. നിരന്തരം പിഴ ഈടാക്കിയിട്ടും നിയമലംഘനങ്ങള്‍ തുടരുകയാണ്. കഷ്ടിച്ച് ഒരു വലിയ വാഹനം മാത്രം കടന്നുപോകുവാന്‍ വീതിയുള്ള റോഡില്‍ അനധികൃത പാര്‍ക്കിംഗ് മൂലം ഗതാഗത കുരുക്ക് നിത്യ സംഭവമാണ്. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് ട്രാഫിക് എസ്ഐ ജന്മഭൂമിയോട് പറഞ്ഞു.കഴിഞ്ഞ ഒരു വര്‍ഷമായി ഈ റോഡില്‍ അനധികൃത പാര്‍ക്കിംഗ് തുടരുകയാണ്. കൃത്യമായി പോലീസ് നടപടി സ്വീകരിക്കാത്തതിനാലാണ് പാര്‍ക്കിംഗ് തുടരാന്‍ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്..
പ്രതികരിക്കാൻ ഇവിടെ എഴുതുക: