കണ്ണൂര്‍: യുഡിഎഫ് സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് പേരാവൂരില്‍ കര്‍ഷക സംരക്ഷണസമിതിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് മുന്‍ കര്‍ഷകകോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ.കെ.ജെ.ജോസഫ്. ഇരിക്കൂറിലെ സ്ഥാനാര്‍ത്ഥിയെ രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കുമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്തെ കാര്‍ഷികമേഖലയില്‍ ഗുരുതരമായ പ്രതിസന്ധിയാണ് യുഡിഎഫ് സര്‍ക്കാര്‍ വരുത്തിവച്ചത്. കര്‍ഷക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ യുഡിഎഫോ കോണ്‍ഗ്രസോ ഒന്നും ചെയ്തില്ല. കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാറും കര്‍ഷക സംരക്ഷണത്തിനു യാതൊരു നടപടിയും സ്വീകരിച്ചില്ല. റബ്ബര്‍ ഇറക്കുമതിക്ക് അനുകൂല നിലപാടാണു യുപിഎ സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതാണു റബ്ബര്‍മേഖലയിലെ പ്രതിസന്ധിക്കുള്ള മുഖ്യകാരണം. യുഡിഎഫ് സര്‍ക്കാരിന്റെ കര്‍ഷക നയങ്ങളില്‍ തിരുത്തല്‍ വരുത്തണമെന്ന് നിര്‍ദേശിച്ചതിനാണ് തന്നെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയത്. പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫിന്റെ നേതൃത്വത്തില്‍ തനിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ട്. സണ്ണി ജോസഫോ മന്ത്രി കെ.സി.ജോസഫോ കര്‍ഷകപ്രശ്നങ്ങള്‍ നിയമസഭയില്‍ ഉയര്ത്തിക്കൊണ്ടുവന്നില്ലെന്നും കെ.ജെ.ജോസഫ് ആരോപിച്ചു. തലശേരി-വളവുപാറ കെഎസ്ടിപി റോഡ് പദ്ധതിയുടെ മറവില്‍ 150 കോടിയോളം രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നും ഇക്കാര്യം സംബന്ധിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി കെപിസിസി പ്രസിഡന്റിന് കത്ത് നല്‍കിയിട്ടുണ്ടെന്നും കെ.ജെ. ജോസഫ് പറഞ്ഞു. പി.എം.പൗലോസും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: