പത്തനാപുരം: പിറവന്തൂര്‍ ഗ്രാമപഞ്ചായത്തിലെ മലയോരമേഖലയായ ചെമ്പനരുവി ഗ്രാമത്തില്‍ കരിമ്പനി എന്ന മാരക രോഗം സ്ഥിരീകരിച്ചതിന്റെ ഭീതിയിലാണ് മലയോരവാസികള്‍. ഗ്രാമവാസിയായ ചെമ്പനരുവി കൈച്ചിറ തടത്തില്‍ മറിയാമ്മ(63)യിലാണ് രോഗം കണ്ടെത്തിയത്. ഇവര്‍ ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വിദഗ്ധചികിത്സയിലാണ്. അപ്രതീക്ഷിതമായി കടന്നുവന്ന മാരകരോഗത്തിന്റെ ഞെട്ടലിലാണ് ചെമ്പനരുവി നിവാസികള്‍.
പ്രതിരോധ പ്രവര്‍ത്തനത്തിന്റെ പേരില്‍ ഇപ്പോള്‍ ഇവിടെ നടക്കുന്നത് പ്രഹസനം മാത്രമാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അസുഖങ്ങള്‍ എന്തെങ്കിലും വരുമ്പോള്‍ മാത്രമാണ് ആരോഗ്യപ്രവര്‍ത്തകര്‍ പ്രദേശത്തേക്ക് തിരിഞ്ഞു നോക്കുന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. നിലവില്‍ ചെമ്പനരുവിയില്‍ ഒരു പ്രാഥമിക ആരോഗ്യകേന്ദ്രം ഉണ്ടങ്കിലും പ്രദേശവാസികള്‍ക്ക് ഇതുകൊണ്ട് ഒരു പ്രയോജനവും ഇല്ലത്രെ. കടുത്ത പനിയോ മറ്റ് അസുഖങ്ങളോ ബാധിച്ചാല്‍ പുനലൂര്‍ താലൂക്കാശുപത്രിയാണ് ഏക ആശ്രയം. വനത്തിലൂടെ കിലോ മീറ്ററുകള്‍ സഞ്ചരിച്ചു വേണം പുനലൂരിലെത്താന്‍. അവിടെ എത്തുമ്പോഴേക്കും രോഗിയുടെ നില ഗുരുതരമായിരിക്കും. പലപ്പോഴും ആശുപത്രിയിലേക്ക് കൊണ്ടുംപോകും വഴി വാഹനത്തിലും മറ്റും പ്രസവിക്കുന്ന സംഭവങ്ങളും പതിവാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തോന്നുമ്പോള്‍ മാത്രമുള്ള പ്രവര്‍ത്തനമാണ് മേഖലയില്‍ നടത്തിവരുന്നത്. കരിമ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യസംഘം പരിശോധന നടത്തി.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ആരോഗ്യസംഘമാണ് ബുധനാഴ്ച ചെമ്പനരുവിയിലെത്തി പരിശോധന നടത്തിയത്. മെഡിക്കല്‍ കോളെജിലെ അഡീഷണല്‍ പ്രൊഫസറമാരായ ഡോ.എസ്.ശ്രീനാഥ്, ഡോ.അതുല്‍ ഗുരുദാസ്, മറ്റ് ഡോക്ടര്‍മാരായ മാത്യു ജെ വലംപറമ്പില്‍, അഞ്ജന ജി.വാര്യര്‍, ശിവന്‍കുട്ടി, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ സുനില്‍കുമാര്‍, ജില്ല ടെക്‌നിക്കല്‍ അസിസ്റ്റന്റ് രാമചന്ദ്രന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എസ്.ജഗദീഷ്, അനില്‍കുമാര്‍, മുഹമ്മദ് ഇസ്മായില്‍ എന്നിവരടങ്ങുന്ന സംഘമാണ് സ്ഥലത്ത് പരിശോധന നടത്തിയത്. രോഗം പരത്തുന്ന മണലീച്ചയെ നശിപ്പിക്കാനുളള പ്രവര്‍ത്തനങ്ങളും നടത്തുമെന്നാണ് ആരോഗ്യ സംഘം പറയുന്നത്.
















