കൊട്ടാരക്കര: കഥകളിക്കും കലാപോഷണത്തിനും വഴിയൊരുക്കിയ ഇളയിടത്ത് സ്വരൂപത്തിന്റെ നാട്ടിലെ പടപ്പുറപ്പാടില്‍ ഇത്തവണ വിജയം ആര്‍ക്കൊപ്പമെന്നത് പ്രവചാനാതീതമാണ്.ഹാട്രിക് തികയ്ക്കാന്‍ കളത്തിലിറങ്ങിയ സിറ്റിംഗ് എംഎല്‍എ യും രണ്ട് കന്നിക്കാരും തമ്മിലാണ് ഏറ്റുമുട്ടല്‍. ഹാട്രിക് സ്വപ്നം മോഹിച്ച് എല്‍ഡിഎഫ് കോട്ട കാക്കാനിറക്കിയിരിക്കുന്ന ഐഷാപോറ്റിയെ നേരിടാന്‍ എന്‍ഡിഎ ഇത്തവണ മുന്‍ ഇടതുസഹയാത്രികയും ജില്ലാപഞ്ചായത്തില്‍ ഐഷാപോറ്റിയുടെ സഹപ്രവര്‍ത്തകയുമായിരുന്ന രാജേശ്വരി രാജേന്ദ്രനെയാണ് രംഗത്തിറക്കിയിരിക്കുന്നത്.
യു.ഡിഎഫ് അഡ്വ.സവിന്‍ സത്യനെന്ന യുവാവിനെയും. പോരാട്ടം എന്‍ഡിഎയും എല്‍ഡിഎഫും തമ്മിലായി മാറിക്കഴിഞ്ഞു.
2000-05 കാലയളവില്‍ കൊല്ലം ജില്ലാ പഞ്ചായത്തില്‍ അംഗമായിരുന്ന രാജേശ്വരി രാജേന്ദ്രന് പൊതുവിഷയങ്ങളിലെ സജീവസാനിധ്യമാണ്. പരിസ്ഥിതിക്ക് നേരെയുള്ള വെല്ലുവിളികള്‍, ലഹരിക്കെതിരായ പോരാട്ടം, മികച്ച അധ്യാപിക, കലാസാംസ്കാരിക രംഗങ്ങളിലെ സജീവസാനിധ്യം തുടങ്ങിയ പ്രവര്‍ത്തന മികവിന്റെ സാക്ഷ്യപത്രവുമായാണ് വോട്ടിനായി ജനങ്ങളെ സമീപിക്കുന്നത്. മുന്‍ സിപിഐ നേതാവുകൂടിയായ രാജേശ്വരിക്ക് ഇടതു ചിന്താഗതിക്കാരുടെ വലിയൊരു പിന്തുണയുണ്ട്. ആപത്തില്‍ സഹായിക്കാത്ത പാര്‍ട്ടിക്കെതിരെ ആശയപരമായി പോരാടാന്‍ ഭര്‍ത്താവ് മരണക്കിടക്കയില്‍ വച്ച് പറഞ്ഞവാക്കുകളാണ് രാജേശ്വരിയെ ബിജെപിലെത്തിച്ചത്.
ത്രിതലതെരഞ്ഞെടുപ്പില് ബിജെപിക്ക് ലഭിച്ച 33000 വോട്ടിനൊപ്പം ബിജെഡിഎസിന്റേയും മറ്റ് ഘടകകക്ഷികളുടേയും വോട്ടുകൂടി ചേരുമ്പോള്‍ സര്‍വ്വവിഘ്ന വിനാശകനായ മഹാഗണപതി വാണരുളുന്ന കൊട്ടാരക്കരയില്‍ താമര വിരിയുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണക്ക് കൂട്ടല്‍. വെളിയം ടി വി ടി എം ഹൈസ്കൂളിലെ അധ്യാപികയാണ് ഈ 52 കാരി. സിപിഐയുടെ അധ്യാപകസംഘടനയായ എകെഎസ്ടിയുവിന്റെ ജില്ലാപ്രസിഡന്റ്, സംസ്ഥാന വനിതാ ഫോറം ചെയര്‍പേഴ്സണ്‍, കണ്‍വീനര്‍, പാര്‍ട്ടി മണ്ഡലം കമ്മറ്റി അംഗം, മഹിളാസംഘം ജില്ലാവൈസ്പ്രസിഡന്റ്, വനിത കലാസാഹിതി സംസ്ഥാന കമ്മറ്റിയംഗം, മലയാളം ഐക്യവേദി ജില്ലാകമ്മറ്റി അംഗം, അക്ഷരം കലാസാഹിത്യവേദി എക്സിക്യൂട്ടീവ് അംഗം, പോഗ്രസീവ് റൈറ്റേഴ്സ് ജില്ലാകമ്മറ്റി അംഗം, സാക്ഷരാതാ പ്രവര്‍ത്തനങ്ങളുടെ മാസ്റ്റര്‍ ട്രയിനര്‍, ലൈബ്രറി കൗണ്‍സില്‍ ജില്ലാകമ്മറ്റി അംഗം തുടങ്ങി വിവിധ ചുമതലകളില്‍ പ്രവര്‍ത്തിച്ചു.
2000 ല്‍ ജില്ലാപഞ്ചായത്തിലേക്ക് വെളിയം ഡിവിഷനെ പ്രതിനിധീകരിച്ച് മത്സരിച്ച് 8000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു എന്നു മാത്രമല്ല ഒട്ടനവധി വികസനപ്രവര്‍ത്തനങ്ങള്‍ നടത്തി നല്ല ജനപ്രതിനിധി എന്ന പേര് നേടി. ജില്ലാ പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍ എന്ന നിലയില്‍ പല പദ്ധതികള്‍ക്കും രൂപം നല്കുന്നതില് നിര്‍ണ്ണായക പങ്ക് വഹിച്ചു.
2007 ല്‍ മികച്ച അധ്യാപിക്കുള്ള ഗുരുവന്ദനം അവാര്‍ഡ് രാജേശ്വരിയെ തേടിയെത്തി. കൂടാതെ പരിസ്ഥിതി, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനതല അവാര്‍ഡും ലഭിച്ചു. കഥാകാരിയും കവയത്രിയുമായ ഇവരുടെ കഥാസമാഹരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 100 ലധികം വേദികളില്‍ കവിതകള്‍ അവതരിപ്പിച്ചു. വെളിയം പഞ്ചായത്ത് വനിതാ കോഓപ്പറേറ്റീവ് സഹകരണസംഘം പ്രസിഡന്റ്, ബിജെപി കൊട്ടാരക്കര മണ്ഡലം വൈസ്പ്രസിഡന്റ്, സഹകാര്‍ഭാരതി ജില്ലാ പ്രസിഡന്റ്, ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാനസമിതി അംഗം എന്നീ നിലകളില്‍ സജീവമാണ്. മകള്‍ രമ്യ കഴക്കൂട്ടം ഫെഡറല്‍ ബാങ്കില്‍ മാനേജര്‍, മകന് വിദ്യാര്‍ത്ഥിയായ അനുരൂപ്. തിരുവനന്തപുരം മാര്‍ ഇവാനിയോസിലെ അധ്യാപകനായ പ്രൊഫ. ഡോ. രാജീവ്. ആര്.ആര് മരുമകനാണ്.
പി.ഐഷാപോറ്റി അഭിഭാഷകയായിരിക്കെ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചാണ് രാഷ്ട്രീയരംഗത്തേക്ക് പ്രവേശിക്കുന്നത്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്.ബാലകൃഷ്ണപിള്ളയെ തോല്‍പ്പിച്ചു. പട്ടാഴി പന്തപ്ലാവ് അയിഷഭവനില് വാസുദേവന്‍പോറ്റിയുടെ മകളാണ്. ലോയേഴ്സ് യൂണിയന് നേതാവ്, കൊല്ലം ജില്ലാപഞ്ചായത്ത് പ്രസിഡന്റ്, സിപിഎം ഏരിയാ കമ്മറ്റി അംഗം, മഹിളാസംഘം സംസ്ഥാന കമ്മറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര ശങ്കരത്തില്‍ ശങ്കരന്പോറ്റിയാണ് ‘ഭര്‍ത്താവ്. ഫെഡറല്‍ ബാങ്ക് മാനേജര്‍ രശ്മി മകള്‍. മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയ അനൂപ് മകന്. നിയമസഭയിലേക്ക് ഇത് മൂന്നാം അങ്കമാണ്.
ഡിസിസി പ്രസിഡന്റായിരുന്ന അച്ഛന് വി.സത്യശീലന്റെ നിഴലിലാണ് സവിന്‍ രാഷ്ട്രീയത്തിലേക്കു കടന്നത്. കെഎസ്യുവിലും യൂത്ത് കോണ്‍ഗ്രസ്സിലും സജീവമായിരുന്നു. ചൊവ്വള്ളൂര്‍ സെന്റ്ജോര്‍ജ് വിഎച്ച്എസ്എസിലായിരുന്നു ഹൈസ്കൂള്‍ വിദ്യാഭ്യാസം. ടികെഎം കോളേജില്‍ നിന്നാണ് ബിഎ ബിരുദം നേടിയത്. യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായ സവിന്‍ സംഘടനാ മുന്‍ ജില്ലാ വൈസ്പ്രസിഡന്റ്, കെഎസ്യു മുന്‍ സംസ്ഥാന കമ്മറ്റി അംഗം, ഐഎന്‍ടിയുസി സംസ്ഥാന കൗണ്‍സില്‍ അംഗം, കേരളാ കാഷ്യൂ വര്‍ക്കേഴ്സ് കോണ്‍ഗ്രസ് ജോ.സെക്രട്ടറി, കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി അംഗം തുടങ്ങി നിരവധി നിലകളില്‍ പ്രവര്‍ത്തിച്ചു. ഡോ.മിലിയാണ്‘ഭാര്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: