കണ്ണൂര്‍: പിണറായി വിജയന് ധര്‍മ്മടത്ത് വോട്ടു ചോദിയ്ക്കാനെത്തിയ വി.എസ്. അച്യുതാനന്ദന് പാര്‍ട്ടിയുടെ മാധ്യമ വിലക്ക്. ഇന്നലെ കൊല്ലത്തും പിണറായി പാര്‍ട്ടി വിരുദ്ധനായി വിഎസിനെ വിശേഷിപ്പിച്ചപ്പോള്‍ കണ്ണൂര്‍ പ്രസ്ക്ലബ്ബിന്റെ മുന്‍ നിശ്ചയിച്ചിരുന്ന മീറ്റ് ദ പ്രസ് പരിപാടിയില്‍നിന്ന് വിഎസിനെ പാര്‍ട്ടി വിലക്കി. ഉച്ചവരെ ഇന്നലെ ഒരേയൊരു പ്രചാരണ പരിപാടി മാത്രമായിരുന്നു ജില്ലയില്‍ വിഎസിന്.
പിണറായിയുടെ പരാമര്‍ശത്തിനെതിരെ വല്ലതും വിഎസ് പറയുമെന്ന ഭയത്തില്‍ സിപിഎം നേതൃത്വം ഇടപെട്ട് മുഖാമുഖം റദ്ദു ചെയ്യുകയായിരുന്നുവെന്നറിയുന്നു. ടിപി ചന്ദ്രശേഖരന്റെ വധം നടന്ന സമയത്തും കണ്ണൂരിലെത്തിയ വിഎസിനെ മാധ്യമ പ്രവര്‍ത്തകരെ കാണാന്‍ അനുവദിക്കാത്ത സംഭവമുണ്ടായിരുന്നു. ഇന്നലെ രാവിലെയും ബുധനാഴ്ച രാത്രിയും വിഎസ് താമസിച്ച ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകര്‍ വിഎസിനെ കാണാനെത്തിയെങ്കിലും ഒഴിഞ്ഞുമാറുകയായിരുന്നു. കണ്ണൂരിലെ പാര്‍ട്ടി നേതാക്കളുടെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു ഇതെല്ലാം.
ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിനു ശേഷം പാര്‍ട്ടി കണ്ണൂര്‍ ലോബിയില്‍പ്പെട്ട നേതാക്കളുടെ നിര്‍ദ്ദേശം മറികടന്ന് വീട്ടിലെത്തി ചന്ദ്രശേഖരന്റെ ഭാര്യയായ രമയെ കണ്ടതും പാര്‍ട്ടി പുറത്താക്കിയ കണ്ണൂര്‍ നാറാത്തെ ബര്‍ലിന്‍ കുഞ്ഞനന്തന് നായരെ പാര്‍ട്ടി തീരുമാനത്തിനു വിരുദ്ധമായി വീട്ടിലെത്തി കാണുകയും അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തിയതുമെല്ലാം വിവാദമായിരുന്നു. മാത്രമല്ല കണ്ണൂരില്‍ ഔദ്യോഗികപക്ഷത്തിന്റെ പരിപാടികളിലൊന്നും വിഎസിനെ പങ്കെടുപ്പിക്കാറില്ലായിരുന്നു.
പിണറായിയുടെ മണ്ഡലത്തില്‍ പ്രചരണത്തിന് താനില്ലെന്ന് മനസ്സുകൊണ്ട് വിഎസ് ആദ്യമേ തീരുമാനിച്ചിരുന്നതായും എന്നാല്‍ പിണറായി പങ്കെടുക്കുന്നില്ലെന്ന ഉറപ്പിനൊടുവില് മനമില്ലാമനസ്സോടെ സമ്മതിക്കുകയായിരുന്നുവെന്നാണ് സൂചന.
കാലങ്ങളായി തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ പിണറായിയും വിഎസും ഒന്നിച്ച് പ്രചരണം നടത്താറില്ല. ഇതിന്റെ തുടര്‍ച്ചെയന്നോണമാണ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായിരുന്നിട്ടും വിഎസിനെ പോലുളള ഒരു നേതാവ് പ്രസംഗിക്കുന്ന മണ്ഡലംതല തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിലും പിണറായി വിട്ടുനിന്നതെന്നാണ് സൂചന.
എന്തായാലും തെരഞ്ഞെടുപ്പ് പരിപാടികളില്‍ പിണറായിയുടെ പരാമര്‍ശത്തിന് വിഎസ് മറുപടി പറഞ്ഞിലെങ്കിലും കണ്ണൂരിലിരുന്ന് ഫെയ്സ്ബുക്കിലൂടെ പിണറായിയെ ഉപദേശിക്കുകയുണ്ടായി. അഭിപ്രായം പറയുമ്പോള്‍ പാര്‍ട്ടി നേതാക്കള്‍ സൂക്ഷിക്കണമെന്നും തന്നെക്കുറിച്ച് പിണറായി പറഞ്ഞത് തിരുത്തിയതായി കാണുന്നുവെന്നും തെറ്റിദ്ധാരണയുണ്ടാക്കുന്ന വാക്കുകള്‍ അബദ്ധത്തില്‍ പോലും പറയരുതെന്നും പിണറായിയുടെ പേര് പറയാതെ പറഞ്ഞ് വിഎസ് ഫേസ്ബുക്ക് പോസ്റ്റ് ചെയ്തു. ഇതോടെ വിഎസിനെതിരെ പിണറായിയുടെ പരാമര്‍ശം തെരഞ്ഞെടുപ്പ് രംഗത്ത് സജീവ ചര്‍ച്ചയായി മാറിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: