മലപ്പുറം: താനൂരില്‍ ചൊവ്വാഴ്ചയുണ്ടായ അക്രമം തടയുന്നതില്‍ പോലീസ് നിഷ്ക്രിയത്വം പാലിച്ചെന്നും അക്രമം വ്യാപിക്കാന്‍ ഇതാണ് ഇടയാക്കിയതെന്നും മണ്ഡലം സ്ഥാനാര്‍ഥി കൂടിയായ അബ്ദുറഹിമാന് രണ്ടത്താണി എംഎല്‍എയും മുന്‍ മന്ത്രി കുട്ടി അഹമ്മദ്കുട്ടിയും വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
അക്രമം നടന്ന പ്രദേശം ഉദ്യോഗസ്ഥ സംഘം പരിശോധിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. വൈകിട്ട് നടന്ന മുഖ്യമന്ത്രി പങ്കെടുത്ത യു ഡി എഫ് തെരഞ്ഞെടുപ്പ് പ്രചരണം അലങ്കോലപ്പെടുത്താനാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇടതു സ്ഥാനാര്‍ഥിയെ അക്രമിച്ചെന്ന് പറഞ്ഞ് മുഖ്യമന്ത്രി പങ്കെടുക്കുന്നത് മുടക്കാനുള്ള ആസൂത്രിത ശ്രമമാണുണ്ടായത്. ഇതിന് പൊലീസ് കൂട്ടുനിന്നോയെന്നതും അന്വേഷിക്കണം. യുഡിഎഫ് സമ്മേളന പ്രചരണവാഹനത്തിനും യൂത്ത് ലീഗ് ഭാരവാഹികളായ നിസാം, യൂസഫ് എന്നിവരെ മര്‍ദിക്കുകയുമായിരുന്നു. ഇതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമുണ്ടാക്കിയത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇടതു സ്ഥാനാര്‍ഥി പ്രശ്നമുണ്ടായ സ്ഥലത്തേക്ക് പോവരുതെന്ന്നിയോജകമണ്ഡലം ലീഗ് പ്രസിഡന്റ് കെ.പി.മുഹമ്മദ് ഇസ്മയീല്‍ എല്‍ ഡി എഫ് നേതാക്കളോട് അഭ്യര്‍ഥിച്ചെങ്കിലും അവിടെ പോയിസംഘര്ഷം സൃഷ്ടിക്കുകയായിരുന്നെന്ന് രണ്ടത്താണി പറഞ്ഞു.
യുഡിഎഫ് സമ്മേളനം നടക്കുമ്പോള്‍ പ്രവര്‍ത്തകര്‍ സമ്മേളനവേദിയിലാണെന്ന് മനസിലാക്കി എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ മുന്‍പഞ്ചായത്ത് പ്രസിഡന്റും ഇപ്പോള്‍ മുനിസിപ്പല്‍ കൗണ്‍സിലറുമായ എം പി അഷ്റഫിന്റെ വീട് ആക്രമിക്കുകയും സ്വര്‍ണാഭരണങ്ങളടക്കം മോഷ്ടിക്കുകയും ചെയ്തു. സ്ത്രീകളെയും കുട്ടികളെയും കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തതായി എം എല്‍ എ പറഞ്ഞു. വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും കിണറ്റിലെറിയുകയും ചെയ്തതായി അഷ്റഫ് പറഞ്ഞു. ഏഴരലക്ഷം രൂപയുടെ നഷ്ടമാണുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. സമ്മേളന വേദിയിലായിരുന്നതിനാല് സംഘര്‍ഷം നടക്കുന്നത് അറിഞ്ഞില്ലെന്ന് രണ്ടത്താണി പറഞ്ഞു. ഒന്‍പതു ലീഗ് പ്രവര്‍ത്തകര്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. തീരപ്രദേശത്ത് സി പി എമ്മിന് വേരോട്ടമുള്ള പ്രദേശങ്ങളിലെല്ലാം സംഘര്‍ഷമുണ്ടാക്കുകയാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെന്നും അദ്ദേഹം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: