കോട്ടയം: മൂന്നാറ്റുമുയപ്പില്‍നിന്നും കോടിമതയിലേക്കുള്ള ദൂരം കേവലം ഇരുനൂറ് മീറ്റര്‍. പക്ഷേ മുയപ്പില്‍നിന്നും കോടിമതയല്‍ എത്താന്‍ ഇനി മണിക്കൂറുകള്‍ വേണ്ടിവരും. മുയപ്പില്‍നിന്നും കോടിമതയിലേക്കുള്ള എളുപ്പമാര്‍ഗ്ഗമായ നടവഴി അടച്ച് ലയണ്‍സ് ക്ലബ്ബ് നടത്തുന്ന നിര്‍മ്മാണമാണ് ഇവര്‍ക്ക് മാര്‍ഗ്ഗതടസ്സമാകുന്നത്. വെള്ളത്താല്‍ ചുറ്റപ്പെട്ട് ഒറ്റപ്പെട്ട നിലയിലായ മുയപ്പുനിവാസികള്‍ കൊടൂരാറിന്റെ കൈവഴിയായി പഴയ ബോട്ടുജെട്ടി ഭാഗത്തേക്ക് ഒഴുകുന്ന തോട്ടില്‍ വള്ളമിട്ട് മറുകരകടന്ന് തീരത്തുകൂടിയുള്ള നടവഴിയിലൂടെയാണ് ഇവര്‍ കോടിമതയില്‍ എത്തിയിരുന്നത്. നടപ്പാത ഇല്ലാതാകുന്നതോടു കൂടി ഇനി ഇവര്‍ കാരാപ്പുഴ വഴി കിലോമീറ്ററുകള്‍ ചുറ്റികറങ്ങിയാല്‍ മാത്രമേ കോടിമതയില്‍ എത്താനാവൂ. ദൈനംദിന ആവശ്യങ്ങള്‍ക്കായി ഇവര്‍ പലതവണ കോടിമതയില്‍ എത്തേണ്ടിവരാറുണ്ട്. പക്ഷേ ഇനിമുതല്‍ ഇവരുടെ യാത്ര ദുരിതപൂര്‍ണ്ണമാകും.
കോടിമത വാട്ടര്‍ പാര്‍ക്കിലെക്കുള്ള നടപ്പാതയിലൂടെ ബോട്ടുജെട്ടി ഭാഗത്തേക്കുള്ള തോടിന്റെ മറുകര കടന്നുള്ള യാത്ര ആറ്റുപുറമ്പോക്ക് കയ്യേറിയുള്ള നിര്‍മ്മാണത്തിലൂടെ ഇല്ലാതാവുമെന്നാണ് മുയപ്പുനിവാസികളുടെ ആവലാതി. നഗരത്തിലെ വമ്പന്മാര്‍ ഒത്തുചേരുന്ന ലയണ്‍സ് ക്ലബ്ബിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ തടയിടാന്‍ സാധാരണക്കാരായ ഇവര്‍ക്ക് ഭയമാണ്. ജനപ്രതിനിധികള്‍ അടക്കമുള്ള അധികൃതര്‍ക്ക് മുന്നില്‍ പരാതി അറിയിച്ചിട്ടും നടപടി ഉണ്ടാവുന്നില്ലെന്നാണ് ഇവരുടെ പരാതി.
വര്‍ഷങ്ങള്‍ക്ക് മുമ്പ് തങ്ങളുടെ യാത്രാദുരിതം അന്നത്തെ എംഎല്‍എ വി.എന്‍. വാസവനെ ഇവര്‍ അറിയിച്ചിരുന്നു. എംഎല്‍എയുടെ ഫണ്ടില്‍നിന്നും അനുവദിച്ച തുകകൊണ്ട് ഇവിടെ ഒരു നടപ്പാലവും നിര്‍മ്മിച്ചു. പക്ഷേ നിര്‍ഭാഗ്യമെന്നേ പറയാന്‍ കഴിയൂ കടുത്ത കാലവര്‍ഷത്തില്‍ പാലം ഒഴുക്കെടുത്തു. പിന്നീട് പലതവണ എംഎല്‍എയെ സമീപിച്ചെങ്കിലും അദ്ദേഹവും തിരിഞ്ഞുനോക്കിയില്ല. പിന്നീട് സ്വന്തമായുള്ള വള്ളങ്ങളെ ആശ്രയിച്ചായിരുന്നു മറുകര കടന്നിരുന്നത്. ഇനി മറുകര കടന്നിട്ടും കാര്യമില്ലാത്ത കണക്കായി. ആറ്റുപുറമ്പോക്ക് കയ്യേറിയുള്ള നിര്‍മ്മാണം അവസാനിപ്പിച്ച് തങ്ങളുടെ ജീവിതപ്രശ്‌നമായ നടപ്പാതയ്‌ക്ക് വഴിയൊരുക്കണമെന്നാണ് മുയപ്പുനിവാസികളുടെ ആവശ്യം.
















