കുന്നത്തൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് മുതിര്‍ന്ന സിപിഎം നേതാവ് ജയിലിലായതോടെ മൈനാഗപ്പള്ളിയില്‍ പാര്‍ട്ടിക്ക് മുഖം നഷ്ടപ്പെട്ടിരിക്കുകയാണ്.
മൈനാഗപ്പള്ളിയിലെ സിപിഎമ്മിനെ നയിക്കുന്നത് ക്രിമിനലുകളാണെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ഇത് ശരിവയ്‌ക്കുന്ന രീതിയിലാണ് കുറച്ചുനാളുകളായി അവിടെ നിന്നുവരുന്ന വാര്‍ത്തകള്‍. തുപ്പായി വിളിപ്പുറം കോളനിയിലെ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിയെ കുറച്ച് നാളായി സിപിഎം നേതാവ് പീഡിപ്പിച്ചുവരുകയായിരുന്നു. സിപിഎം വിളിപ്പുറം മുന്‍ബ്രാഞ്ച് സെക്രട്ടറിയും പികെഎസ് നേതാവുമായ കവിതാലയത്തില്‍ സുരേന്ദ്രനാണ് (69) കഴിഞ്ഞ ദിവസം പീഡനത്തിന് പോലീസ് പിടിയിലാകുന്നത്. ഈ സംഭവം സിപിഎമ്മിന് ഇവിടെ കന്നത്ത തിരിച്ചടിയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. നേതാവിനെ കേസില്‍ നിന്നും രക്ഷപ്പെടുത്താന്‍ പരമാവധി ശ്രമം സിപിഎമ്മിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നെങ്കിലും രക്ഷപ്പെടുത്താന്‍ സാധിച്ചില്ല.
എന്ത് കാര്യത്തിനും പത്രപ്രസ്താവനയിറക്കുന്ന സിപിഎം നേതൃത്വം ഇക്കാര്യത്തില്‍ മൗനം തുടരുകയാണ്. സോമപ്രസാദ് രാജ്യസഭാംഗമായതിനെത്തുടര്‍ന്ന് തെക്കന്‍മൈനാഗപ്പള്ളിയില്‍ ഒരുക്കിയ സ്വീകരണത്തിന്റെ മുഖ്യസംഘാടകനായിരുന്നു അറസ്റ്റിലായ സുരേന്ദ്രന്‍.
പട്ടികജാതി കോളനികള്‍ കേന്ദ്രീകരിച്ചായിരുന്നു സുരേന്ദ്രന്റെ പ്രവര്‍ത്തനവും. അതിനാല്‍ ഈ സംഭവം പാര്‍ട്ടിക്ക് കന്നത്ത തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ ഭാഗമായി നേതൃത്വം കുറ്റകരമായ മൗനം പാലിക്കുകയാണ്. തെരഞ്ഞെടുപ്പ് സാഹചര്യത്തില്‍ വിഷയം ചര്‍ച്ച ചെയ്ത് വഷളാക്കാതെ ഒതുക്കാനാണ് സിപിഎം ശ്രമം.
അധികാരം ഉപയോഗിച്ചും അക്രമങ്ങള്‍ കൊണ്ടും മൈനാഗപ്പള്ളിയില്‍ നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് അവയുടെ ഉത്തരവാദിത്വം ബിജെപിയുടെ തലയില്‍ കെട്ടിവയ്‌ക്കുകയാണ് നേരത്തെയുള്ള രീതി. മൈനാഗപ്പള്ളിയില്‍ വീട്ടമ്മയേയും മക്കളെയും ഊരുവിലക്ക് വരുത്തിയ സംഭവം വരെയുണ്ടായെങ്കിലും അധികാരം ഉപയോഗിച്ച് കേസ് അട്ടിമറിക്കുകയായിരുന്നു സിപിഎം നേതൃത്വം ചെയ്തത്. പിടിയിലായ പ്രതികളെ പീഡനത്തിനിരയായ പെണ്‍കുട്ടി തിരിച്ചറിഞ്ഞതോടെ സിപിഎം നേതൃത്വത്തിന് കേസ് അട്ടിമറിച്ച് നേതാവിനെ രക്ഷിക്കാന്‍ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റു ചെയ്തു.
















