1988ലെ പെരുമണ്‍ ദുരന്തത്തിലെ 105 പേരുടെ മരണവും, 2004 ലെ സുനാമി ദുരന്തത്തിലെ 131 പേരുടെ മരണവും ഇന്നും കൊല്ലത്തെ ജനങ്ങള്‍ക്ക് മറക്കാനായിട്ടില്ല. ദുരന്തങ്ങള്‍ പിന്നെയും കൊല്ലത്തെ വേട്ടയാടുകയാണ്. ഇപ്പോഴിതാ പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തിനും സാക്ഷിയാകേണ്ടിവന്നതിന്റെ വേദനയിലാണ് കൊല്ലം ജനത.
ഈ മഹാദുരന്തമേല്പ്പിച്ച ആഘാതം ആഴമേറിയതും വേദനാജനകവുമാണ്. ഏതൊരു ദുരന്തവും സംഭവിച്ചതിനുശേഷം ആവര്‍ത്തിക്കപ്പെടുന്ന പതിവ് പല്ലവിയുണ്ട്. ഒഴിവാക്കാമായിരുന്ന ദുരന്തം എന്ന്. അത്തരത്തിലാണ് ഈ ദുരന്തശേഷവും ചര്‍ച്ചകള്‍ പുരോഗമിച്ചത്. കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ദേവിക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഏപ്രില്‍ 10-ാം തീയതി പുലര്‍ച്ചെ 3:10 നായിരുന്നു രാജ്യത്തെ നടുക്കിയ ദുരന്തം സംഭവിച്ചത്.
കൊല്ലം ജില്ലാ കേന്ദ്രത്തില്‍നിന്നും 27 കിലോമീറ്റര്‍ മാത്രം അകലെയുള്ള പരവൂര്‍ മുന്‍സിപ്പല്‍ അതിര്‍ത്തിയിലാണ് 110 പേരുടെ മരണത്തിനും 1000 ത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത മഹാദുരന്തം അരങ്ങേറിയത്. പരിക്കേറ്റലരില് പലരും അത്യാസന്ന നിലയിലുമായിരുന്നു. അമിട്ടുകളില്നിന്നും തീപകര്‍ന്നു വെടികെട്ടുസാമഗ്രികള് സൂക്ഷിച്ചിരുന്ന കോണ്‍ക്രീറ്റ് നിര്‍മിത കമ്പപ്പുര പൊട്ടിത്തെറിച്ചപ്പോള്‍ സമീപ പ്രദേശം ഒന്നാകെ സ്ഫോടനത്തിന്റെ പ്രകമ്പനത്താല്‍ നടുങ്ങി. നിമിഷനേരംകൊണ്ട് ആ പ്രദേശം മുഴുവന്‍ അഗ്നി വിഴുങ്ങിയതിനുശേഷമുള്ള കാഴ്ച ഭയാനകമായിരുന്നു. ക്ഷേത്രപരിസരം ഒന്നാകെ ചിന്നിച്ചിതറിയ ശരീരാവശിഷ്ടങ്ങളും കത്തിക്കരിഞ്ഞ മാംസകഷ്ണങ്ങളും തകര്‍ന്ന കോണ്‍ക്രീറ്റ്പാളികളും ആയിരുന്നു.
പരിക്കേറ്റുകിടന്നവരുടെ നിലവിളികളും രോദനങ്ങളും യുദ്ധം കഴിഞ്ഞ പടക്കളത്തത്തെ ഓര്പ്പെടത്തും വിധമായിരുന്നു. സംഭവം ഉണ്ടായി ഏതാനും മണിക്കൂറുകള്‍ പരിസരമാകെ ഇരുട്ടിലായത് രക്ഷാപ്രവര്‍ത്തനത്തെ തുടക്കത്തില്‍ത്തന്നെ കാര്യമായി ബാധിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനം സജീവമായത് പ്രകാശ സംവിധാനം ഏര്‍പ്പെടുത്തിയതിന് ശേഷമായിരുന്നു. മുറിവേറ്റവരെയും മരണപ്പെട്ടവരെയും വിവിധ ആശുപത്രികളിലെത്തിക്കുവാന്‍ സ്വകാര്യ ബസുകള്‍, ഓട്ടോറിക്ഷകള്‍ , ആംബുലന്‍സുകള്‍, മറ്റുസ്വകാര്യ വാഹനങ്ങള്‍ എന്നിവയിലാണ് സേവാഭാരതിയുടെയും , പോലീസിന്റെയും മറ്റു സന്നദ്ധ പ്രവര്‍ത്തകരുടെയും ശ്രമഫലമായി എത്തിക്കുവാന്‍ സാധിച്ചത് .
രാവിലെ നാല് മണിമുതല്‍ സേവാഭാരതിയുടെ കൊല്ലം നഗരത്തിലെ പ്രവര്‍ത്തകര്‍ പോലിസിനോടൊപ്പം കൊല്ലം ജില്ലാ ആശുപത്രിയില്‍ സേവനം ചെയ്യുവാനായി എത്തിയിരുന്നു. മരണപ്പെട്ടവരുടെ ചിന്നിച്ചിതറിയ ശവശരീരങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റുവാനും അപകടത്തില്‍പ്പെട്ട ആളുകളെ വിവിധ വാര്‍ഡുകളിലേക്ക് ചികിത്സയ്ക്കായി എത്തിക്കുവാനും സേവാഭാരതിയുടെ പ്രവര്‍ത്തകരും പോലീസുകാരും മാത്രമായിരുന്നു ആദ്യം മുതല്‍ ഉണ്ടായിരുന്നത്. രക്ഷാപ്രവര്‍ത്തനം ക്രോഡീകരിക്കുന്നതില്‍ ജില്ലാഭരണകൂടത്തിന്റെയും , കൊല്ലം കോര്പ്പറേഷന് അധികാരികളുടെയും പരാജയം പ്രകടമായിരുന്നു.
കൊല്ലം ജില്ലാ ആശുപത്രി ഉള്‍പ്പെടെ 18 ആശുപത്രികളിലായി 1100 ഓളംപേര്‍ ഒപിയിലും 360 ഓളംപേര്‍ ഐപി വിഭാഗത്തിലുമായി പ്രവേശിപ്പക്കപ്പെട്ടു. മരണമടഞ്ഞവരില്‍ 95 ശതമാനവും സംഭവസ്ഥലത്തുവച്ചുതന്നെ മരണത്തിന് കീഴടങ്ങിയിരുന്നു. തുടര്‍ ചികിത്സക്കും വിദഗ്ധ ചികിത്സക്കും വിവിധ ആശുപത്രികളില്‍ ഇപ്പോഴും പലരും ചികിത്സയിലാണ്.
ഡിഎച്ച് കൊല്ലം, മെഡിസിറ്റി, ഹോളിക്രോസ്, കിംസ് കൊട്ടിയം, ഇഎസ്ഐ പാരിപ്പള്ളി, ആര്‍ആര്‍ നെടുങ്കോലം, എന്‍എസ് ഹോസ്പിറ്റല്‍, ബെന്‍സിഗര്‍, ഉപാസന, മെഡിട്രീന, അസീസിയ, ശങ്കേഴ്സ് ഹോസ്പിറ്റല്‍, എംസിഎച്ച് തിരുവനന്തപുരം, അനന്തപുരി തിരുവനന്തപുരം, കിംസ് തിരുവനന്തപുരം, ടിഎച്ച് ആറ്റിങ്ങല്‍, ടിഎച്ച് വര്‍ക്കല എന്നീ ആശുപത്രികളിലാണ് പരിക്കേറ്റവര്‍ ഒപി, ഐപി വിഭാഗങ്ങളില്‍ ചികിത്സ തേടുന്നത്.
പൊള്ളലേറ്റവരും, കേള്‍വി തകരാര്‍ സംഭവിച്ചവരും, ഒടിവും തലയ്ക്ക് പരിക്കേറ്റവരുമായി നിരവധി പേരാണുള്ളത്.
സേവനം: മുന്‍ നിരയില്‍ സേവാഭാരതി
1. ദുരന്തം ഉണ്ടായ പരവൂരില്‍ സേവാഭാരതിയുടെ പ്രവര്‍ത്തകര്‍ പരിക്കേറ്റവരെ രക്ഷപെടുത്തുവാനും മരണപ്പെട്ടവരുടെ മൃതശരീരങ്ങള്‍ വിവിധ ആശുപത്രികളില്‍ എത്തിക്കുവാനും രാവിലെ 3:15 മുതല്‍ പ്രവര്‍ത്തിച്ചു.
2. കൊല്ലം ജില്ലാ ആശുപത്രിയില്‍ തുടക്കത്തില്‍ ഏതാനും പ്രവര്‍ത്തകരുമായി രാവിലെ നാലുമണി മുതല്‍ പരിക്കേറ്റവരെ വിവിധ വാര്‍ഡുകളില്‍ എത്തിക്കുവാനും, മരണപ്പെട്ടവരുടെ ശവശരീരങ്ങള്‍ മോര്ച്ചറിയിലേക്കുമാറ്റുവാനും പ്രവര്‍ത്തിച്ചു.
3. ഏപ്രില്‍ 10 രാവിലെ 7 മണിയോടെ കൊല്ലം ജില്ലാ ആശുപത്രി ,കൊല്ലം മെഡിസിറ്റി, കൊട്ടിയം ഹോളിക്രോസ്, എന്‍. എസ്. ഹോസ്പിറ്റല്‍ , തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ഹെല്പ് ഡസ്ക് സംവിധാനം തുടങ്ങി.
4. മരണപ്പെട്ടവരുടെ ചിന്നിച്ചിതറിയ ശവശരീരങ്ങള്‍ തുണിയില്‍ പൊതിഞ്ഞു പോസ്റ്റ്മോര്‍ട്ടത്തിനായി സജ്ജീകരിച്ചുകിടത്തി.
5. വിവിധ ആശുപത്രികളിലായി ആദ്യദിവസം ഏകദേശം 1000 ത്തോളം സേവാപ്രവര്‍ത്തകര്‍ പങ്കാളികളായി.
6. സേവാഭാരതിയുടെ വിവിധ കേന്ദ്രങ്ങളില്‍ നിന്നായി 10 ഓളം ആംബുലന്‍സുകള്‍ സൗജന്യമായി സേവനം നടത്തി.
7. രാവിലെ മുതല്‍ മുഴുവന്‍ ആളുകള്‍ക്കും, പരിക്കേറ്റവര്‍ക്കും , സേവാപ്രവര്‍ത്തകര്‍ക്കും, സര്‍ക്കാര്‍ ജീവനക്കാര്‍ക്കും കുടിവെള്ളം, പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവ വിതരണം ചെയ്തു.
8. പ്രതിദിനം വിവിധ ആശുപത്രികളിലായി 5000 ലിറ്റര്‍ കുടിവെള്ളം വിതരണം ചെയ്തു.
9. അഞ്ച് ആശുപത്രികളിലായി പ്രസ്തുത സേവനം തുടരുന്നു .
10. മുറിവേറ്റുവന്ന മുഴുവന്‍ ആളുകള്‍ക്കും വസ്ത്രം വിതരണം ചെയ്തു (മുണ്ട്, ഷര്‍ട്ട്, തോര്‍ത്ത്).
11. ദുരന്തസ്ഥലത്ത് മരണമടഞ്ഞവരുടെ വീടുകളില്‍ മരണാനന്തര ചടങ്ങുകള്‍ക്കുള്ള സഹായങ്ങള്‍ ചെയ്തു.
12. മരണമടഞ്ഞവരുടെ വീടുകളിലും, പരിക്കേറ്റവരുടെ വീടുകളിലുമുള്ള ആശ്രിതര്‍ക്ക് കുടിവെള്ളവും ആഹാരവും എത്തിച്ചു .
13. ദുരന്തഭൂമിക്ക് സമീപം താമസിക്കുന്ന എല്ലാ വീടുകളിലും കുടിവെള്ളം ഇപ്പോഴും വിതരണം ചെയ്തുകൊണ്ടിരിക്കുന്നു .
14. മരിച്ചവരുടെ ശവശരീരങ്ങള്‍ തിരിച്ചറിയുവാന്‍ വാട്സ് ആപ് വഴി ഹെല്പ് ഡസ്ക് തുടങ്ങി.
15. നാല് ആശുപത്രികളിലായി ഏകദേശം 1100 ആളുകള്‍ക്ക് മൂന്ന് നേരത്തെ ആഹാരം നല്കുന്നു.
16. കൊല്ലം ജില്ലാ ആശുപത്രിയിലെ ബെഡ്ഡിന്റെ അഭാവം മനസിലാക്കി ശ്രീബുദ്ധ ട്രസ്റ്റ് മുഖാന്തരം, 20 ബെഡ്ഡുകള്‍ വിതരണം ചെയ്തു .
17. വിവിധ ആശുപത്രികളിലായി ആവശ്യാനുസരണം രക്തം ദാനംചെയുന്നു.
18. ഛത്രപതി ശിവജി സേവാസമിതിയുടെ ആഭിമുഖ്യത്തില്‍ രക്തദാന രജിസ്ട്രേഷന് ക്യാമ്പ് നടത്തി.
19. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സംഘടിപ്പിച്ച രക്തദാന രജിസ്ട്രേഷന് ക്യാമ്പില്‍ 1500 പേര് പങ്കെടുത്തു.
രാജ്യത്തെ നടുക്കിയ ദുരന്തവിവരം അറിഞ്ഞ് അതിവേഗം ഉണര്‍ന്നു പ്രവര്‍ത്തിച്ച കേന്ദ്രസര്‍ക്കാരിന്റെ അടിയന്തര നടപടികള്‍ ദുരിത ബാധിതര്‍ക്ക് സഹായകമായി. ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദി, ദുരന്തസ്ഥലം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചതിലൂടെ എല്ലാ ജനങ്ങള്‍ക്കും ഉണര്‍ന്നുപ്രവര്‍ത്തിക്കുവാനുള്ള പ്രചോദനമാണ് ലഭിച്ചത്. അദ്ദേഹത്തോടൊപ്പം കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദ, രാജീവ് പ്രതാപ്റൂഡി എന്നിവരും ദുരന്തഭൂമിയും , ആശുപത്രികളും സന്ദര്‍ശിച്ചിരുന്നു.
പ്രതിരോധ മന്ത്രാലയത്തിന്റെയും ആരോഗ്യമന്ത്രാലയത്തിന്റെയും സേവനങ്ങള സംയോജിപ്പിക്കുവാനും ദല്‍ഹി എയിംസിലെ വിദഗ്ധ ഡോക്ടര്‍മാരെ ഒപ്പംകൂട്ടുവാനും രണ്ടുകപ്പലുകളിലായി അത്യാവശ്യമരുന്നുകള്‍ കൊല്ലം തുറമുഖത്ത ്എത്തിക്കുവാനും സാധിച്ചതു മൂലം കേന്ദ്രസംസ്ഥാന സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. കൂടാതെ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും വേണ്ട ദുരിതാശ്വാസം പ്രഖ്യാപിക്കുവാനും തിരിച്ചറിയുവാന്‍ സാധിക്കാത്ത ശവശരീരങ്ങള്‍ തിരിച്ചറിയുന്നതിനായി ഡിഎന്‍എ പരിശോധനയ്ക്കുവേണ്ടിയുള്ള നടപടികള്‍ വേഗത്തില്‍ സ്വീകരിക്കുവാനും അദ്ദേഹത്തിന്റെ സന്ദര്‍ശനത്തിലൂടെ സാധിച്ചു.
സേവാഭാരതി തുടര്‍ന്ന് നടത്താന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍
1. അപകടം സംഭവിച്ചവരുടെ കുട്ടികളുടെ വിദ്യാഭ്യാസം
2 അപകടത്തില്‍പ്പെട്ടവരുടെ തുടര്‍ ചികിത്സ
3 ദുരന്തഭൂമിയിലെ വീടുകളില്‍ കുടിവെള്ള വിതരണം
4 ദുരന്തം അനുഭവിച്ചവര്‍ക്കുള്ള കൗണ്‍സലിങ്
5 കേടുപാടുകള്‍ സംഭവിച്ച വീടുകളുടെ അറ്റകുറ്റപ്പണികള്‍
6 ദുരന്തഭൂമിയിലെ വീടുകളില്‍ ആഹാരം പാചകം ചെയ്യുവാനുള്ള പാത്രങ്ങളും ആഹാരസാധനങ്ങളും ( ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം ഇപ്പോള്‍ ഉപയോഗിക്കുന്ന പാത്രങ്ങളോ ആഹാര സാധനങ്ങളോ ഉപയോഗിക്കുവാന്‍ പാടില്ല)
7. ആധുനികരീതിയിലുള്ള ആംബുലന്‍സ് സംവിധാനം
8. എല്ലാ സജ്ജീകരണങ്ങളോടും കൂടിയ ഒരു ആശുപത്രി
Account name : KOLLAM-PARAVOOR
DISASTER RELIEF FUND
Account number: 545002010012603
IFSC CODE : UBIN 0554502
Name of bank: UNION BANK OF INDIA
Branch: CIVIL STATION BRANCH, KOLLAM
Postal Address : Sevabharathi ,
Madhavasadhanam, Olayil ,Thevallyp.o.,
Kollam -691009 Kerala
Contact number :0474-2798661 ; Mobile : 9961075898
പ്രതികരിക്കാൻ ഇവിടെ എഴുതുക: