ചെങ്ങന്നൂര്‍: ദിവസങ്ങള്‍ക്ക് മുന്‍പ് ഉത്സവം കാണാന്‍പോയ വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി. അന്വേഷണം ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്ത്. മുളക്കുഴ അരീക്കര പുത്തന്‍പറമ്പില്‍ രവിയുടെ മകന്‍ പി.ആര്‍. നിഥിനെയാണ് കഴിഞ്ഞ എട്ടിന് രാത്രി മുതല്‍ കാണാതായത്. ചെങ്ങന്നൂര്‍ ഗവ.ഐടിഐയിലെ എംആര്‍എസി ട്രേഡ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് നിഥിന്‍.
കഴിഞ്ഞ എട്ടിന് മുളക്കുഴയിലുള്ള ക്ഷേത്രത്തിലെ ഉത്സവത്തിന് പോയതായിരുന്നു നിഥിന്‍. രാത്രി 11 മണിയോടെ കൂട്ടുകാരോടൊപ്പം വീട്ടില്‍ വന്ന നിഥിനെ പതിനൊന്നരയോടെ മുളക്കുഴ ജംഗ്ഷനില്‍ ചിലര്‍ കണ്ടതായും പറയുന്നു. വീട്ടില്‍ തിരിച്ച് എത്താത്തതിനെ തുടര്‍ന്ന് മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മൊബൈല്‍ ഓഫ് ചെയ്തിരിക്കുകയാണ്. തുടര്‍ന്ന് വീട്ടുകാര്‍ ചെങ്ങന്നൂര്‍ പോലീസില്‍ പരാതിപ്പെട്ടു.
എന്നാല്‍ നിഥിനെ കാണാതായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. തുടര്‍ന്നാണ് നിഥിനെ സമഗ്രമായ അന്യേഷണം നടത്തി ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധവി, ചെങ്ങന്നൂര്‍ ഡിവൈഎസ്പി, എസ്‌ഐ എന്നിവര്‍ക്ക് ഗവ.ഐടിഐയിലെ വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ നിവേദനം നല്‍കിയത്.
















